പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നൽകിയ ഹർജി തള്ളണം; പൗരത്വ ഭേദഗതി നിയമവുമായി വിജ്ഞാപനത്തിന് ബന്ധമില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നൽകിയ ഹർജി തള്ളണമെന്ന് കേന്ദ്ര സർക്കാർ. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി. മുൻപ് അഞ്ച് തവണ സമാനമായ രീതിയിൽ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കിയാണ് കേന്ദ്രം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മെയ് മാസം പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന് പൗരത്വ ഭേദഗതി നിയമവും ആയി ബന്ധമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

പൗരത്വ വിജ്ഞാപനത്തിനെതിരെ മുസ്ലീം ലീഗ് നൽകിയ ഹർജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമല്ലെന്നും നിയമപരമായി ഇന്ത്യയിൽ എത്തിയവർക്കും ഇന്ത്യൻ വിസ ഉള്ളവർക്കും മാത്രമേ പൗരത്വം ലഭിക്കുകയുള്ളുവെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

പൗരത്വത്തിനുള്ള അപേക്ഷകളിൽ തീരുമാനം എടുക്കാനുള്ള അധികാരം ജില്ലാ കളക്ടർമാർക്ക് നൽകലാണ് പുതിയ വിജ്ഞാപനത്തിന്റെ ലക്ഷ്യം. അധികാര വികേന്ദ്രികരണത്തിലൂടെ അപേക്ഷകളിൽ വേഗത്തിൽ തീരുമാനം എടുക്കാൻ കഴിയുമെന്നും പൗരത്വം നൽകുന്നതിന് നിലവിലുള്ള ഏതെങ്കിലും നിയമം ഭേദഗതി ചെയ്യുന്നതല്ല വിജ്ഞാപനമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. എല്ലാ മത വിഭാഗങ്ങളിൽ പെട്ട വിദേശിയർക്കും ഇന്ത്യയിൽ പൗരത്വത്തിന് അപേക്ഷിക്കാം. ആ അപേക്ഷകൾ എല്ലാം കേന്ദ്ര സർക്കാർ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും കേന്ദ്രം വിശദീകരിക്കുന്നു.

മുസ്ലിം മത വിഭാഗത്തിൽ പെട്ടവരെ ഒഴിവാക്കി പൗരത്വം നൽകുന്നത് ഭരണഘടനാ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടി യാണ് ലീഗ് വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ അഭയാർഥികളായി താമസിക്കുന്നവർക്കാണ് പൗരത്വത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചത്. ഹിന്ദു , സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്‌സി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം എന്നാണ് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ അറിയിച്ചിരുന്നത്.