ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തു; 70-ലധികം സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്‌സ്പ്രസ്

ന്യൂഡൽഹി: 70-ലധികം സർവീസുകൾ റദ്ദാക്കി എയർഇന്ത്യ എക്‌സ്പ്രസ്. ജീവനക്കാർ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്തതോടെയാണ് കമ്പനിയുടെ നടപടി. 300-ലധികം മുതിർന്ന ജീവനക്കാരാണ് യാതൊരു മുന്നറിയിപ്പും അവധി എടുത്തത്. തുടർന്ന് 79-ഓളം ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കുകയായിരുന്നു.

കൂട്ടഅവധിയെടുത്ത ജീവനക്കാരുടെ മൊബൈൽ ഫോണുകൾ ഓഫാക്കിയ നിലയിലാണ്. ജീവനക്കാരുടെ പ്രതിഷേധമാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് വിവരം. പ്രശ്നപരിഹാരത്തിനുള്ള ശ്രമം തുടരുകയാണെന്ന് എയർഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജീവനക്കാർ മുന്നറിയിപ്പില്ലാതെ അവധിയെടുത്തു തുടങ്ങിയത് ചൊവ്വാഴ്ച രാത്രി മുതലാണ്. ഇതോടെ വിമാനങ്ങൾ വൈകാനും പലതും റദ്ദാക്കാനും തുടങ്ങി. ജീവനക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും യാത്രക്കാർക്ക് നേരിടേണ്ടിവരുന്ന അസൗകര്യങ്ങൾ പരമാവധി ഒഴിവാക്കുകയാണ് ലക്ഷ്യമെന്നും എയർഇന്ത്യ അറിയിച്ചു. വിമാനങ്ങൾ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മുഴുവൻ തിരികെ നൽകുകയോ ബദൽ യാത്രാ സംവിധാനം ഏർപ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി ഉറപ്പു നൽകിയിട്ടുണ്ട്.

കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ എട്ടിന് ശേഷമുള്ള ആറ് സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബെഹ്റൈൻ, കുവൈത്ത് വിമാനങ്ങളാണ് റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു.