General (Page 1,288)

ന്യൂഡൽഹി: മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകന് പൊതുമരാമത്ത് വകുപ്പിൽ നൽകിയ ആശ്രിത നിയമനം റദ്ദാക്കിയതിനെതിരെ കേരളം സുപ്രീം കോടതിയിൽ. പൊതു താത്പര്യ ഹർജിയിൽ നിയമനം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും പ്രത്യേക തസ്തിക രൂപീകരിക്കാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്നും വ്യക്തമാക്കി കേരളം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. നിയമനം റദ്ദാക്കിയ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിൽ സർക്കാർ ഉന്നയിക്കുന്ന ആവശ്യം.

ചെങ്ങന്നൂർ എംഎൽഎ ആയിരുന്ന കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനിയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ചാണ് സർക്കാർ ആശ്രിത നിയമനം നൽകിയത്. എന്നാൽ എംഎൽഎ സർക്കാർ ജീവനക്കാരനല്ലെന്നും അതിനാൽ ആശ്രിത നിയമനം നൽകാനാവില്ലെന്നും രാമചന്ദ്രൻ നായരുടെ മകന് നൽകിയ നിയമനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് പാലക്കാട് സ്വദേശി അശോക് കുമാർ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കുകയായിരുന്നു. തുടർന്ന് പ്രശാന്തിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ് കേരളം ഹൈക്കോടതിയെ സമീപിച്ചത്.

പ്രശാന്തിന്റെ നിയമനം കാരണം ആർക്കും അവസരം നഷ്ടപ്പെട്ടില്ലെന്നാണ് സർക്കാരിന്റെ വാദം. മന്ത്രിസഭാ യോഗത്തിന്റെ ശുപാർശ അനുസരിച്ച് ഗവർണർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആണ് തസ്തിക രൂപീകരിച്ചതെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വിശദമാക്കിയിട്ടുണ്ട്.

മലപ്പുറം: മെട്രോമാൻ ഇ ശ്രീധരനുമായി കൂടിക്കാഴ്ച്ച നടത്തി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബി.ജെ.പിക്കൊപ്പം ഇ.ശ്രീധരൻ സജീവമായി ഉണ്ടാവുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ പ്രതീക്ഷയുണ്ടെന്ന് ഇ.ശ്രീധരനും വ്യക്തമാക്കി.

ഇനി സജീവ രാഷ്ട്രീയത്തിനില്ലെന്നും കാര്യമായ തിരുത്തലുകൾ വരുത്താതെ ബിജെപിയ്ക്ക് രക്ഷപ്പെടാനാവില്ലെന്നും കഴിഞ്ഞ ദിവസം ഇ ശ്രീധരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് ഇ ശ്രീധരനുമായി സുരേന്ദ്രൻ കൂടിക്കാഴ്ച്ച നടത്തിയത്. ഇ ശ്രീധരന്റെ പ്രസ്താവനകൾ ബിജെപി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇ ശ്രീധരൻ എപ്പോഴും പാർട്ടിക്കൊപ്പം ഉണ്ടാകുമെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. നിലവിൽ ദേശീയ കൗൺസിലിന്റെ പ്രത്യേക ക്ഷണിതാവാണ് ഇ ശ്രീധരൻ. അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള തിരുത്തലുകൾ പാർട്ടിയിൽ നടന്നുവരികയാണെന്നും. അദ്ദേഹം സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നില്ല. വിദഗ്ദ്ധന്മാരുടെ പട്ടികയിൽ പെടുത്തിയാണ് സ്ഥാനാർത്ഥിയാക്കിയത് എന്നും സുരേന്ദ്രൻ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ച് സ്വകാര്യ ബസുടമകൾ. ഈ മാസം 21 മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരമാണ് മാറ്റിവെച്ചത്. യാത്ര നിരക്ക് വർധനവുമായി ബന്ധപെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് തീരുമാനം.

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർധനയടക്കമുള്ള ആവശ്യങ്ങൾ സർക്കാരിനെ അറിയിച്ച് ഒരുമാസം കഴിഞ്ഞിട്ടും തീരുമാനമൊന്നും ഉണ്ടായില്ലെന്നാരോപിച്ചാണ് സ്വകാര്യ ബസുടമകൾ സംസ്ഥാനത്ത് ഡസംബർ 21 മുതൽ അനിശ്ചിതകാല സമരം നടത്താൻ തീരുമാനിച്ചത്. വിദ്യാർത്ഥികൾക്ക് സൗജന്യം നൽകണമെങ്കിൽ ടാക്‌സിൽ ഇളവ് നൽകുകയോ ഡീസലിന് സബ്‌സിഡി നൽകുകയോ വേണമെന്നാണ് ബസ് ഉടമകളുടെ ആവശ്യപ്പെടുന്നത്.

ഈ ആവശ്യം സർക്കാർ പരിഗണിച്ചില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്നായിരുന്നു ബസുടമകളുടെ പ്രഖ്യാപനം. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നുമുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സ്വകാര്യ ബസുടമകൾ.

ചെന്നൈ: ‘തമിഴ് തായ് വാഴ്ത്ത് ‘ ഔദ്യോഗിക സംസ്ഥാന ഗാനമായി പ്രഖ്യാപിച്ച് തമിഴ്നാട്. ഇതുസംബന്ധിച്ച ഉത്തരവ് സർക്കാർ തമിഴ്‌നാട് സർക്കാർ പുറത്തിറക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും നടക്കുന്ന എല്ലാ പൊതുപരിപാടികളിലും മറ്റ് പൊതുചടങ്ങുകൾ ആരംഭിക്കുന്നതിന് മുമ്പും ‘ തമിഴ് തായ് വാഴ്ത്ത് ‘ ആലപിക്കണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം.

സംസ്ഥാന ഗാനം ആലപിക്കുമ്പോൾ ഭിന്നശേഷിക്കാർ ഒഴികെ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. തമിഴ് തായ് വാഴ്ത്തിന്റെ ദൈർഘ്യം 55 സെക്കൻഡാണ്.

അതേസമയം തമിഴ് തായ് വാഴ്ത്ത് ഒരു പ്രാർത്ഥനാ ഗാനം മാത്രമാണെന്നും ദേശീയ ഗാനമല്ലെന്നും നേരത്തെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. തമിഴ് തായ് വാഴ്ത്ത് ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കേണ്ട ആവശ്യമില്ലെന്നും കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്‌നാട് സർക്കാർ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

ന്യൂഡൽഹി: രാസവളങ്ങൾ ഒഴിവാക്കണമെന്ന് കർഷകരോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജൈവകൃഷിയിലേക്കൊരു മാറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പശുക്കളുടെ ചാണകവും മൂത്രവും നിങ്ങളുടെ കൃഷിയിടം സംരക്ഷിക്കുംകയും ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൃത്രിമ വളങ്ങളിൽ നിന്നു മാറി ജൈവ രീതിയിൽ ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ആനന്ദ് ജില്ലയിൽ സംഘടിപ്പിച്ച പ്രകൃതി കൃഷി കോൺക്ലേവിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എല്ലാം പ്രകൃതി രീതിയിൽ ചെയ്യണം. രാസവളങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇത് കർഷകരുടെ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ ഉൽപാദനം മെച്ചപ്പെടുത്താൻ മെച്ചപ്പെട്ട രീതി തിരഞ്ഞെടുക്കാൻ കർഷകർ ശ്രദ്ധിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

രസതന്ത്ര ലാബുകളിൽനിന്ന് കൃഷിയെ പുറത്തേക്ക് കൊണ്ടുവരണം. പ്രകൃതിയുടെ ലാബുമായി ബന്ധപ്പെടുത്തിയായിരിക്കണം കൃഷി ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിത്തു മുതൽ മണ്ണുവരെയുള്ള എല്ലാത്തിനും പ്രകൃതി രീതിയിലുള്ള പരിഹാരമുണ്ട്. ഈ ആധുനിക കാലത്ത് പരമ്പരാഗ കൃഷിരീതികൾ സ്വീകരിക്കുകയും കൃഷിരീതികൾ സാങ്കേതികവിദ്യകളിലൂടെ പരിഷ്‌കരിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ന്യൂഡൽഹി: നവജാത ശിശുക്കൾക്ക് ഇനി ആശുപത്രിയിൽ വെച്ച് തന്നെ ആധാർ കാർഡ് നൽകും. ഇതിനായുള്ള പദ്ധതി ഉടൻ പുറത്തിറക്കുമെന്ന് യുഐഡിഎഐ അറിയിച്ചു. നവജാത ശിശുക്കൾക്ക് ജനന രജിസ്ട്രാറുമായി സഹകരിച്ച് ആശുപത്രിയിൽ തന്നെ ആധാർ എൻറോൾ ചെയ്യാനുള്ള സൗകര്യമൊരുക്കാനാണ് പദ്ധതിയിടുന്നത്. യുഐഡിഎഐ സിഇഒ സൗരഭ് ഗാർഗാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ 131 കോടിയോളം ജനങ്ങൾക്കും ആധാർ എൻറോൾ ചെയ്യുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ എല്ലാവർഷവും രണ്ടുമുതൽ രണ്ടരക്കോടി വരെ നവജാത ശിശുക്കളാണ് ജനിക്കുന്നത്. അതിനാലാണ് ആശുപത്രികൾ വഴി നവജാത ശിശുക്കൾക്ക് ആധാർ കാർഡ് നൽകുന്ന പദ്ധതി ആരംഭിക്കുന്നത്. പ്രായപൂർത്തിയായവരിൽ 99.7 ശതമാനം ആളുകൾക്ക് ആധാർ എൻറോൾ ചെയ്തു കഴിഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ആധാറിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതന്ന് യുഐഡിഎഐ സിഇഒ പറഞ്ഞു. 10 കോടി ആളുകളാണ് ഓരോ വർഷവും അവരുടെ സ്വകാര്യ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത്. 140 കോടി ബാങ്ക് അക്കൗണ്ടുകളിൽ 120 കോടി അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.

നവജാത ശിശുക്കൾക്ക് ആധാർ നൽകാൻ വേണ്ടി കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ചിത്രം എടുക്കും. അഞ്ച് വയസ്സിന് താഴെ പ്രായമുള്ളക്ക് ബയോമെട്രിക് സംവിധാനം സാധിക്കില്ലെങ്കിൽ അവരുടെ മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിക്കാനാണ് തീരുമാനം. അഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ ബയോമെട്രിക് സ്വീകരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: കേരളത്തിനെതിരെ വിമർശനവുമായി സുപ്രീം കോടതി. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്ന വിഷയത്തിലാണ് സുപ്രീം കോടതി കേരളത്തിനെതിരെ വിമർശനം ഉന്നയിച്ചത്. കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിൽ കേരളത്തിലെ സാഹചര്യം വളരെ പരിതാപകരമാണെന്ന് സുപ്രീം കോടതി അറിയിച്ചു. സംസ്ഥാനത്ത് 40000 ത്തോളം കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 548 പേർക്ക് മാത്രമാണ് ഇതുവരെ നഷ്ടപരിഹാരം വിതരണം ചെയ്തതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു.

നഷ്ടപരിഹാരത്തിന് അപേക്ഷിച്ച എല്ലാവർക്കും ഒരാഴ്ചയ്ക്കുള്ളിൽ 50000 രൂപയുടെ സഹായം അനുവദിക്കണമെന്നാണ് സുപ്രീം കോടതി കേരളത്തിന് നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്ത് ഇതുവരെ 40855 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് കേരളം സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്. 10777 പേരുടെ ബന്ധുക്കളാണ് ഇതുവരെ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചത്. അതിൽ 1948 പേർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ള അപേക്ഷകൾ പരിശോധിച്ച് വരികയാണെന്നും സർക്കാർ കോടതിയിൽ വിശദമാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് വരെ 548 പേർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തതായും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.

ക്ഷേമരാഷ്ട്രം എന്ന നിലയിൽ അർഹതപ്പെട്ടവർക്ക് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്നാണ് സുപ്രീം കോടതി പറയുന്നത്. ഒരാഴ്ച്ചയയ്ക്കുള്ളിൽ അപേക്ഷിച്ച എല്ലാവർക്കും നഷ്ടപരിഹാരം വിതരണം ചെയ്യണം. ഗുജറാത്ത് മാതൃകയിൽ നഷ്ടപരിഹാരം സംബന്ധിച്ച പരസ്യം മാദ്ധ്യമങ്ങളിലൂടെ നൽകാനും സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. അടുത്ത തവണ ഹർജി പരിഗണിക്കുന്നതിന് മുമ്പ് വിതരണം ചെയ്ത നഷ്ടപരിഹാരത്തെ സംബന്ധിച്ച പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി മന്ത്രി ആർ. ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വിസി പുനർനയമനവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഗവർണ്ണർക്ക് കത്തെഴുതാൻ മന്ത്രിക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിക്ക് മറുപടി പറയലല്ല തന്റെ ജോലിയെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മന്ത്രി പറയുന്ന കാര്യങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യം തനിക്കില്ല. തന്റെ നീതിബോധത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യേണ്ടിവന്നു. അത് തുടരാൻ താൽപര്യമില്ലാത്തതിനാലാണ് ചാൻസിലർ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് താൻ സർക്കാരിനെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഇടപെടലുകളുടെ സാഹചര്യങ്ങളിൽ തനിക്ക് ചാൻസിലർ ആയി തുടരാൻ സാധിക്കില്ല. സർവകലാശാലകളിൽ നടക്കേണ്ടത് നിയമവാഴ്ചയാണ്. മനുഷ്യവാഴ്ചയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉന്നതവിദ്യാഭ്യാസ മന്ത്രി തനിക്ക് നേരിട്ട് കത്തെഴുതിയത് ഭരണഘടന വിരുദ്ധമാണ്. സർക്കാരുമായുള്ള ഏറ്റുമുട്ടലുകൾ ഒഴിവാക്കാനാണ് താൻ നിയമന ശുപാർശയിൽ ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫുഡ് പാർക്ക് ആരംഭിക്കുമെന്ന് ഉറപ്പു നൽകി യുഎഇ. ഇന്ത്യയിൽ മൂന്ന് ബൃഹദ് ഫുഡ് പാർക്കുകൾ സ്ഥാപിക്കാനാണ് യു.എ.ഇ സർക്കാർ ലക്ഷ്യമിടുന്നത്. യു.എ.ഇ വിദേശ വാണിജ്യകാര്യ മന്ത്രി ഡോ. താനി അഹമ്മദ് അൽ സെയൂദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇന്ത്യയിൽ ആരംഭിക്കുന്ന മൂന്ന് ഫുഡ് പാർക്കുകളിൽ ഒരെണ്ണം കേരളത്തിൽ തുടങ്ങണമെന്ന അഭ്യർത്ഥന കൂടിക്കാഴ്ച്ചയിൽ മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. ഡോ. താനി മുഹമ്മദ് ഇക്കാര്യം സമ്മതിച്ചതായും വിശാദാംശങ്ങൾ ടെക്‌നിക്കൽ ടീമുമായി ചർച്ചചെയ്യുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ ബൃഹത്തായ ഈ പദ്ധതി ഉതകുമെന്നതിൽ സംശയമില്ല. കേരളത്തിന്റെ വികസനത്തിനും സാമൂഹ്യപുരോഗതിയ്ക്കും യു.എ.ഇ സർക്കാർ നൽകുന്ന പിന്തുണയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലൈഫ് പദ്ധതിയിൽ ദുബായ് റെഡ് ക്രസന്റുമായി ചേർന്നുള്ള ഭവന സമുച്ചയ നിർമാണത്തിന്റെ കാര്യവും മുഖ്യമന്ത്രിയും യുഎഇ വിദേശകാര്യ മന്ത്രിയും ചർച്ച ചെയ്തു. അതേസമയം ദുബായ് എക്സ്പോയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ അദ്ദേഹം ക്ഷണിച്ചു. 2022 ഫെബ്രുവരിയിൽ എക്സ്പോയ്ക്ക് പങ്കെടുക്കാമെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന് ഉറപ്പു നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: ശശി തരൂരിനോട് വിശദീകരണം തേടുമെന്ന് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. കെ റെയിൽ വിഷയവുമായി ബന്ധപ്പെട്ട് ശശി തരൂർ എം പിയുടെ അഭിപ്രായത്തെക്കുറിച്ചാണ് അദ്ദേഹത്തോട് വിശദീകരണം തേടുന്നത്. കെ-റെയിലിൽ ശശി തരൂർ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹത്തോട് ചോദിക്കാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നും കെ സുധാകരൻ അഭിപ്രായപ്പെട്ടു.

ശശി തരൂർ പാർട്ടിയെ അംഗീകരിക്കുന്ന ഒരാളാണ്. വിഷയത്തെ കുറിച്ച് പാർട്ടി ചർച്ച ചെയ്യും. ശശി തരൂരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ തിരുത്താൻ ആവശ്യപ്പെടും. കെ റെയിൽ പദ്ധതി അശാസ്ത്രീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് കോൺഗ്രസ് ഇതുവരെ ചർച്ച നടത്തിയിട്ടില്ല. വിഷയത്തിൽ മുസ്ലീം ലീഗ് പറഞ്ഞത് അവരുടെ അഭിപ്രായമാണ്. കൂടുതൽ ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ കോൺഗ്രസ് അഭിപ്രായം പറയുമെന്നും അദ്ദേഹം അറിയിച്ചു. കെ റെയിൽ പദ്ധതിക്കെതിരെ യു ഡി എഫ് എം പിമാർ കേന്ദ്രത്തിന് സമർപ്പിച്ച നിവേദനത്തിൽ ശശി തരൂർ ഒപ്പിട്ടിരുന്നില്ല. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിരുന്നു.