രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങൾ ലോകത്തിന്റെ വിധി നിർണ്ണയിക്കുന്ന കാലം കഴിഞ്ഞു; ജി 7 രാജ്യങ്ങൾക്കെതിരെ ചൈന

ലണ്ടൻ: രാഷ്ട്രങ്ങളുടെ ചെറുസംഘങ്ങൾ ലോകത്തിന്റെ വിധി നിർണയിക്കുന്ന കാലം അസ്തമിച്ചെന്ന് ചൈന. ജി 7 രാജ്യങ്ങൾക്കെതിരെയാണ് ചൈനയുടെ പരാമർശം. ചൈനക്കെതിരെ ഒത്തൊരുമിച്ച് അണിനിരക്കാൻ ജി-7 രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് ചൈനയുടെ പ്രതികരണം.

ആഗോളപ്രശ്നങ്ങളിൽ തീരുമാനമെടുക്കുന്ന കാര്യത്തിൽ രാജ്യങ്ങളുടെ ചെറിയ കൂട്ടായ്മകൾ നിലനിർത്തി പോന്ന ആധിപത്യം അവസാനിച്ചിട്ട് കാലമേറെയായി. സമ്പന്നമോ ദരിദ്രമോ, വലുതോ ചെറുതോ, കരുത്തുള്ളതോ ശക്തി കുറഞ്ഞതോ തുടങ്ങി ഏതു വിധത്തിലുള്ള രാജ്യങ്ങളാണെങ്കിലും അവയ്ക്ക് തുല്യസ്ഥാനമാണുള്ളതെന്നാണ് തങ്ങളുടെ വിശ്വാസമെന്നും എല്ലാ രാജ്യങ്ങളുടേയും കൂട്ടായ ഇടപെടലിലൂടെ മാത്രമേ ആഗോള കാര്യങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാകാവൂവെന്നും ലണ്ടനിലെ ചൈനീസ് എംബസി വക്താവ് വ്യക്തമാക്കി.

ചൈനയെ വരുതിയ്ക്ക് നിർത്താൻ ലോകമെമ്പാടും അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങുകയാണ് ജി7 രാജ്യങ്ങൾ. ജി7 ഉച്ചകോടിയുടെ രണ്ടാം ദിവസമായിരുന്നു പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ നടന്നത്. ചൈന വികസ്വര രാഷ്ട്രങ്ങളെ വരുതിയ്ക്ക് നിർത്താൻ തയ്യാറാക്കിയ ബെൽറ്റ് ആന്റ് റോഡ് പദ്ധതിയെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ആകർഷകമായ അടിസ്ഥാന സൗകര്യവികസന പദ്ധതിയാണ് ജി7 അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ട്.

ബെൽറ്റ് ആന്റ് റോഡ് പദ്ധതി കടം കൊടുത്ത് ചെറിയ രാജ്യങ്ങളെ കെണിയിൽപ്പെടുത്തുന്ന പദ്ധതിയാണെന്നാണ് പൊതുവെ ഉയരുന്ന വിമർശനം. 2013 ലാണ് ചൈന ഈ പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രകാരം കടം കൊടുത്ത പണം തിരിച്ചടക്കാത്ത രാജ്യങ്ങൾ ചൈനയുടെ വരുതിയ്ക്ക് നിൽക്കേണ്ടി വരും.