General (Page 1,275)

omicron

പാലക്കാട്: സംസ്ഥാനത്ത് ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചത് എട്ടു പേർക്ക്. പത്തനംതിട്ടയിൽ നാല് പേർക്കും ആലപ്പുഴയിൽ രണ്ട് പേർക്കും തിരുവനന്തപുരത്തും പാലക്കാട്ടും ഒരോരുത്തർക്കുമാണ് രോഗബാധ കണ്ടെത്തിയത്.

പാലക്കാട്ട് ഒമിക്രോൺ സ്ഥിരീകരിച്ചത് ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് ഡിഎംഒ കെ രമാദേവി പറഞ്ഞു. ശബരിമല ഡ്യൂട്ടികഴിഞ്ഞ് തിരിച്ചെത്തുകയും തുടർന്ന് ക്വാട്ടേഴ്‌സിൽ കോവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ഡിഎംഒ അറിയിച്ചു.

അതേസമയം പത്തനംതിട്ട ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ രണ്ട് പേർ (32), (40) യു.എ.ഇ.യിൽ നിന്നും, ഒരാൾ അയർലൻഡിൽ നിന്നും (28) വന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ഒരാൾക്ക് (51) സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്. ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ആൺകുട്ടി (9) ഇറ്റലിയിൽ നിന്നും ഒരാൾ (37) ഖത്തറിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾ (48) ടാൻസാനിയയിൽ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയിലെ അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് നടപടി സ്വീകരിക്കാൻ എല്ലാ വകുപ്പുകളുടേയും പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.

ഇതിനായി ആവശ്യാനുസരണം ഉദ്യോഗസ്ഥരെ ജില്ലാ കളക്ടർമാർക്ക് നിയോഗിക്കാം. വിദ്യാഭ്യാസം, റവന്യു ഉൾപ്പെടെയുള്ള വകുപ്പുകളിലെ ജീവനക്കാരുടെ പങ്കാളിത്തവും ഉറപ്പാക്കും. ഈയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ യോഗത്തിന്റെ റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കുക.

അതേസമയം 2021-22 സാമ്പത്തികവർഷം മുതൽ മൂന്ന് വർഷം 2.5 ലക്ഷം ഭൂരഹിതർക്ക് പൊതുസമൂഹത്തിന്റെ സഹകരണത്തോടെ ഭൂമി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് മിഷൻ നടത്തുന്ന ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 30 ന് നടക്കും. തദ്ദേശസ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്ററാണ് ഇക്കാര്യം അറിയിച്ചത്.

എറണാകുളം ടൗൺഹാളിൽ വൈകിട്ട് 5 ന് ഉദ്ഘാടനം നിർവഹിക്കും. ഭൂരഹിതർക്ക് സ്ഥലം വാങ്ങുന്നതിന് 1,000 കുടുംബങ്ങൾക്കായി 25 കോടി രൂപ ധനസഹായമായി നൽകാമെന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിന് സർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇത് ഒപ്പുവെച്ച് കൈമാറുന്ന ചടങ്ങും ഇതിനൊപ്പം നടക്കും.

ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടു എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്‌റഫ്‌, റസീബ് എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം അശോകൻ നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ബംഗളുരുവിൽ നിന്നാണ് അന്വേഷണസംഘം അനൂപ് അഷ്റഫിനെ പിടികൂടിയത്. കേസ് അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചതിനെ തുടർന്നാണ് പൊലീസ് ബംഗളുരുവിൽ എത്തിയത്.

കേരളത്തിന് പുറത്തുള്ള എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്. മറ്റ് പ്രതികളെ എത്രയും വേഗം പിടികൂടാൻ കഴിയുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസിൽ ഉൾപ്പെട്ട പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. ഇതിനുള്ള സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടൽ.

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നാടിന്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

കേരളത്തിന്റെ ഗതാഗത മേഖലയിൽ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതൽക്കൂട്ടായി മാറുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിരവധി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പരത്തി പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള ശ്രമങ്ങൾ പലരും നടത്തി വരുന്നുണ്ട്. എന്നാൽ പൊതുസമൂഹം അത്തരക്കാരുടെ പൊള്ളത്തരം തിരിച്ചറിയുന്നു എന്നതാണ് യാഥാർത്ഥ്യം.

നാടിന്റെ പുരോഗതിയ്ക്ക് അനുഗുണമായ സുസ്ഥിരവും സുരക്ഷിതവും ആയ വികസന പ്രവർത്തനങ്ങൾക്കു തുരങ്കം വയ്ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തിയ ചരിത്രമാണ് നമ്മുടേത്. സിൽവർ ലൈൻ പദ്ധതിയെ കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കി അതിന്റെ വിജയത്തിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. ഭാവി കേരളത്തിന്റെ അടിത്തറ ശക്തമാക്കാൻ പരിശ്രമിക്കാം.

veena

തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 64 ആയി. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട 4, ആലപ്പുഴ 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. പത്തനംതിട്ട ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ രണ്ട് പേർ (32), (40) യു.എ.ഇ.യിൽ നിന്നും, ഒരാൾ അയർലൻഡിൽ നിന്നും (28) വന്നതാണ്. ഒരാൾക്ക് (51) സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച ആൺകുട്ടി (9) ഇറ്റലിയിൽ നിന്നും ഒരാൾ (37) ഖത്തറിൽ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചയാൾ (48) ടാൻസാനിയയിൽ നിന്നും വന്നതാണ്. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 64 ആയി ഉയർന്നു.

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പനയിൽ സമഗ്ര മാറ്റത്തിനൊരുങ്ങി ബെവ്‌കോ. ബെവ്കോ എം ഡിയാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. കൂടുതൽ വിൽപ്പന നടത്തുന്ന മദ്യകമ്പനികളിൽ നിന്നും കുറഞ്ഞ ലാഭവിഹിതം മാത്രം ഈടാക്കുകയും പുതുതായി പ്രവർത്തനമാരംഭിക്കുന്ന കമ്പനികളിൽ നിന്നും വൻതുക വാങ്ങുകയും ചെയ്യുന്ന രീതി മാറ്റണമെന്നാണ് ശുപാർശയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ ബെവ്‌കോ എംഡിയുടെ ശുപാർശ മുഖ്യമന്ത്രിയ്ക്ക് കൈമാറി.

മദ്യകമ്പനികളുമായി ചേർന്ന് വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ വ്യവസ്ഥകൾ പ്രകാരമാണ് ബെവ്കോ മദ്യം വാങ്ങുന്നത്. എന്നാൽ ഈ കരാറിലൂടെ ബെവ്കോയ്ക്ക് നഷ്ടം മാത്രമാണുണ്ടാകുന്നതെന്നാണ് എം ഡി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മദ്യവിൽപ്പനയുടെ 90 ശതമാനവും അടക്കിവാഴുന്നത് ഈ കമ്പനികളാണ്. ഇവർക്ക് ലഭിക്കുന്നതിൽ ഏഴ് ശതമാനം ലാഭവിഹിതം മാത്രമാണ് ബെവ്കോയ്ക്ക് നൽകുന്നത്. കൂടാതെ പുതിയ ബ്രാന്റുകളെ ഇവർ തടയുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.

പുതിയ ബ്രാന്റുമായി ഒരു കമ്പനി എത്തിയാൽ മദ്യവിൽപ്പനയുടെ 21 ശതമാനം സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത്തരം കമ്പനികൾക്ക് വെയർ ഹൗസിൽ നിന്നും പരമാവധി 6000 കെയിസ് മദ്യം മാത്രമേ കൊണ്ടുപോകാൻ കഴിയൂ. സർക്കാരിന് കൂടുതൽ ലാഭം നൽകുന്ന കമ്പനികൾക്ക് വെയർ ഹൗസിൽ സ്ഥലമോ പ്രോത്സഹനമോ വിൽപ്പനയ്ക്കുള്ള സ്വാതന്ത്ര്യമോ നൽകുന്നില്ല. ഈ പ്രശ്‌നത്തിന് പരിഹാരമായി എല്ലാ കമ്പനികൾക്കുമായി പ്രത്യേക സ്ലാബ് ബെവ്‌കോ എംഡി ശുപാർശ ചെയ്യുന്നു. പതിനായിരം കെയിസ് വരെ മദ്യം വിൽക്കുന്ന കമ്പനി പത്ത് ശതമാനം ലാഭവിഹിതവും, ഇതിന് മുകളിൽ വിൽപ്പനയുണ്ടെങ്കിൽ 20 ശതമാനം ലാഭവിഹിതവും നൽകണമെന്നാണ് പുതിയ നിർദേശം. പതിനായിരം കെയിസ് വരെ ബീയർ വിൽക്കുന്ന കമ്പനി പത്ത് ശതമാനവും ഒരു ലക്ഷത്തിന് മുകളിൽ വിൽപ്പനയുള്ളവർ 30 ശതമാനം ലാഭവിഹിതവും നൽകണമെന്നും ശുപാർശയിൽ പറയുന്നു. പ്രതിവർഷം 200 കോടി രൂപ വരെ സർക്കാരിന് അധിക വരുമാനം നേടാൻ പുതിയ നിർദ്ദേശത്തിലൂടെ കഴിയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരുവനന്തപുരം: ചാൻസിലർ സ്ഥാനം ഇനി ഏറ്റെടുക്കാനില്ലെന്ന നിലപാടിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല വിഷയങ്ങൾ കൈകാര്യം ചെയ്യരുതെന്ന് രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി ഗവർണർ അറിയിച്ചു.

ഗവർണർ തന്നെ ചാൻസിലറാകണമെന്നത് ഭരണഘടനാപരമല്ലെന്ന നിലപാടാണ് ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. ധാർമ്മികതയ്ക്കും നിയമത്തിനും നിരക്കാത്തത് തനിക്ക് ചെയ്യേണ്ടി വന്നു, അത് അംഗീകരിക്കുന്നുവെന്നും എന്നാലിനിയും തെറ്റ് തുടരാൻ വയ്യെന്നും അദ്ദേഹം പറയുന്നു. താൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ വിസിയുടെ പുനർനിയമനത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് ഗവർണറെ കടുത്ത നിലപാടുകളിലേക്ക് കടക്കാൻ പ്രേരിപ്പിച്ചത്. വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുകയാണ്. ഉന്നത വിദ്യാഭ്യാസ രംഗം രാഷ്ട്രീയക്കാരുടെ പിടിയിലാണെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഗവർണർ തന്റെ നിലപാട് വ്യക്തമാക്കിയത്.

കൊച്ചി: കിഴക്കമ്പലത്തെ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. പോലീസ് കസ്റ്റഡിയിലെടുത്ത 164 പേരിൽ വെറും 13 പേർ മാത്രമാണ് യഥാർഥ പ്രതികളെന്ന് അദ്ദേഹം പറഞ്ഞു. ബാക്കിയുള്ളവരെ പോലീസ് പ്രതികളാക്കിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ് സാബു ജേക്കബ് പറയുന്നത്. കസ്റ്റഡിയിലുള്ള 151 പേരും നിരപരാധികളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും സംഭവിച്ചതിൽ വളരെയേറെ ദു:ഖമുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവം യാദൃശ്ചികമായിരുന്നെങ്കിലും അതിന് പിന്നിലെ കാരണം എന്താണെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. 164 പേരെ കസ്റ്റഡിയിലെടുത്തെന്നാണ് പോലീസ് അവകാശപ്പെടുന്നത്. ഇവരെല്ലാം പ്രതികളെന്നും പോലീസ് ഭാഷ്യം. ഇതിൽ 152 പേരെ തങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ബാക്കി 12 പേരെ എവിടെനിന്ന് കിട്ടിയെന്ന് ഞങ്ങൾക്ക് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

12 ലൈൻ ക്വാർട്ടേഴ്സിലായി 984 പേരാണ് താമസിക്കുന്നത്. ഇതിൽ 499 പേർ മലയാളികളും മറ്റുള്ളവർ ഇതരസംസ്ഥാനക്കാരുമാണ്. 12 ക്വാർട്ടേഴ്സുകളിൽ 10,11,12 നമ്പർ ക്വാർട്ടേഴ്സുകളിൽ നിന്ന് മാത്രമാണ് ആളുകളെ കസ്റ്റഡിയിലെടുത്തത്. മലയാളികളെ മാറ്റിനിർത്തി ഹിന്ദിക്കാരെ മാത്രം ബസിൽ കയറ്റികൊണ്ടുപോയി. എങ്ങനെ ഈ ക്വാർട്ടേഴ്സിലുള്ളവർ മാത്രം കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തിയെന്ന് അദ്ദേഹം ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനായാണ് പോലീസ് മുൻവിധിയോടെ വന്ന് ഹിന്ദിക്കാരെ മാത്രം കസ്റ്റഡിയിലെടുത്തത്. കിറ്റക്സ് ഒരിക്കലും നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവരെ അംഗീകരിക്കുന്ന പ്രസ്ഥാനമല്ലെന്നും നിയമം കൈയിലെടുക്കാനോ നിയമലംഘനത്തിനോ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: സംഗീതനാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ഗായകൻ എംജി ശ്രീകുമാറിനെ നിയമിക്കുന്നതിൽ നിന്നും സർക്കാർ പിന്തിരിഞ്ഞേക്കുമെന്ന് റിപ്പോർട്ട്. എംജി ശ്രീകുമാറിന്റെ നിയമന കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ് മന്ത്രി സജി ചെറിയാൻ അറിയിക്കുന്നത്. എംജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നിയമിക്കുന്നതിനെതിരെ ഇടത് കേന്ദ്രങ്ങളിൽ നിന്നു തന്നെ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സജി ചെറിയാന്റെ പ്രതികരണം.

എംജി ശ്രീകുമാറിന്റെ ബിജെപി ബന്ധം സോഷ്യൽ മീഡിയകളിൽ ചർച്ചയായിരുന്നു. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ ഉൾപ്പടെ എംജി ശ്രീകുമാർ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. ബിജെപി കേരളം ഭരിക്കണമെന്ന തരത്തിൽ എം ജി ശ്രീകുമാർ പ്രസംഗിച്ചുവെന്ന തെളിവുകൾ നിരത്തി ആണ് ഇടതുപക്ഷ അനുയായികൾ എംജി ശ്രീകുമാറിന്റെ നിയമനത്തിനെതിരെ രംഗത്തെത്തിയത്.

തീരുമാനം പുനഃപരിശോധിക്കണമെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.

ആലപ്പുഴ: ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ ഒരാൾ അറസ്റ്റിൽ ആർഎസ്എസ് ജില്ലാ പ്രചാരകനാണ് അറസ്റ്റിലായത്. ആലുവ ജില്ലാ പ്രചാരകൻ അനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഷാനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കന്മാർക്ക് ആലുവ കാര്യാലയത്തിൽ ഒളിത്താവളമൊരുക്കിയത് അനീഷാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 15 പേരാണ് കേുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്.

രണ്ട് മാസത്തെ ആസൂത്രണത്തിന് ശേഷമെന്ന് ഷാനെ കൊലപ്പെടുത്തിയത് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിനുള്ള പ്രതികാരമാണ് ഷാനെ കൊലപ്പെടുത്തിയതെന്നും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് മറ്റ് ചില നിർണായക വിവരങ്ങളും പോലീസ് പങ്കുവെയ്ക്കുന്നുണ്ട്. കൊലപാതക സംഘത്തിന് രക്ഷപ്പെടാനായി ചില നേതാക്കൾ സഹായം ചെയ്ത് നൽകിയതായാണ് പോലീസ് പറയുന്നത്. ഷാന്റെ കൊലയ്ക്കു ശേഷം എത്തിയ സംഘാംഗങ്ങൾ രണ്ടു ടീമായി രക്ഷപ്പെട്ടതെന്നും പോലീസ് അറിയിച്ചു.