പുതിയതായി എത്തുന്ന തടവുകാർക്ക് ആന്തരിക പരിക്കുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പിന്റെ സർക്കുലർ

തിരുവനന്തപുരം: ജയിലിലേക്ക് പുതിയതായി എത്തുന്ന തടവുകാർക്ക് ആന്തരിക പരിക്കുകൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ നടപ്പാക്കുന്നതിൽ അസൗകര്യം അറിയിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ആഭ്യന്തര വകുപ്പിന് കത്ത് നൽകി. പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്നാണ് കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

വൃക്ക പരിശോധന, അൾട്രാസൗണ്ട് സ്‌കാൻ എന്നിങ്ങനെ അഞ്ച് പരിശോധനകൾ ജയിലിൽ പുതുതായി എത്തുന്ന തടവുകാർക്ക് നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ സർക്കുലറിൽ അറിയിച്ചിരുന്നത്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആണ് ആരോഗ്യ വകുപ്പ് ഇക്കാര്യങ്ങൾ വിശദീകരിച്ച് സർക്കുലർ പുറത്തിറക്കിയത്. പീരുമേട് സബ് ജയിലിലെ കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ ആണ് പുതിയ സംവിധാനം നിർദ്ദേശിച്ചത്.

എന്നാൽ സർക്കുലർ നടപ്പാക്കാൻ അസൗകര്യം ഉണ്ടെന്നും പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്നും ഋഷിരാജ് സിംഗ് അറിയിച്ചു. ആശയക്കുഴപ്പം നടപടികളെ ബാധിച്ചുവെന്നും അദ്ദേഹം പറയുന്നു. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയ്ക്കാണ് ഋഷിരാജ് സിംഗ് കത്തയച്ചത്. വയനാട്, ഇടുക്കി, മലപ്പുറം, കാസർകോട് തുടങ്ങിയ ജില്ലകളിൽ ആണ് നിർദ്ദേശം കൂടുതൽ ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നും കത്തിൽ വിശദീകരിക്കുന്നു.