സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു

മുംബൈ: സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം നടന്നത്. യോദ്ധാ, ഗാന്ധർവം തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് സംഗീത് ശിവൻ. മലയാളത്തിലും ഹിന്ദിയിലും അടക്കം നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. വ്യൂഹം ആണ് സംഗീത് ശിവൻ ആദ്യം സംവിധാനം ചെയ്ത ചിത്രം. 1990ലായിരുന്നു വ്യൂഹം പുറത്തിറക്കിയത്. രഘുവരനും സുകുമാരനുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

എ ആർ റഹ്മാനെ ആദ്യമായി മലയാളത്തിൽ എത്തിച്ച സിനിമാ പ്രവർത്തകനായിരുന്നു അദ്ദേഹം. യോദ്ധയിലൂടെയാണ് റഹ്മാൻ മലയാളം സിനിമയിൽ എത്തിയത്. മലയാളത്തെ കൂടാതെ ഹിന്ദിയിൽ എട്ടു സിനിമകളും സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്. 1959 ലാണ് സംഗീത് ശിവൻ ജനിച്ചത്. ശിവൻ-ചന്ദ്രമണി ദമ്പതികളുടെ മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിലായിരുന്നു ജനനം. ശ്രീകാര്യം ലയോള സ്‌കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളജിലുകളുമായി പ്രീഡിഗ്രിയും ബികോം ബിരുദവും നേടിയിട്ടുണ്ട്.

പൂണെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്‌സും സംഗീത് ശിവൻ ചെയ്തിട്ടുണ്ട്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സംഗീത് ശിവന്റെ സഹോദരങ്ങളാണ്. ഭാര്യ ജയശ്രീ, മക്കൾ: സജന, ശാന്തനു.