എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയ രീതി മാറ്റുന്നത് പരിഗണനയിൽ; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ മൂല്യനിർണ്ണയ രീതി അടുത്ത വർഷം മുതൽ മാറ്റുന്നത് പരിഗണനയിലെന്ന് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി. എസ്എസ്എൽസി ഫലപ്രഖ്യാപനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് ഏർപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ വിഷയത്തിലും 12 മാർക്ക് മിനിമം വേണം എന്ന രീതിയിലായിരിക്കും അടുത്ത വർഷം മുതൽ പരീക്ഷ നടത്തുകയെന്ന് അദ്ദേഹം അറിയിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ വിജയിക്കുന്നതിന് നിലവിൽ നിരന്തര മൂല്യനിർണ്ണയം, എഴുത്തു പരീക്ഷ എന്നിവ രണ്ടും ചേർത്ത് ആകെ 30 ശതമാനം മാർക്ക് നേടിയാൽ മതി. അതായത് 100 മാർക്കിന്റെ എഴുത്ത് പരീക്ഷയിൽ വിദ്യാർത്ഥി ജയിക്കുവാൻ നിരന്തര മൂല്യ നിർണ്ണയത്തിന്റെ 20 മാർക്കിനൊപ്പം 10 മാർക്ക് നേടിയാൽ വിജയിക്കാൻ കഴിയും.

2025 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി എഴുത്തു പരീക്ഷയിൽ ഹയർസെക്കൻഡറിയിലേതു പോലെ മിനിമം മാർക്ക് ഏർപ്പെടുത്തുന്ന കാര്യം എല്ലാവരുമായി ആലാചിച്ച് തീരുമാനമെടുക്കും. പരീക്ഷയിൽ വിജയിക്കുന്നതിന് ഓരോ വിഷയത്തിനും എഴുത്തു പരീക്ഷയ്ക്ക് മാത്രം 30 ശതമാനം നേടിയിരിക്കണം. 40 മാർക്കിന്റെ പരീക്ഷ വിജയിക്കാൻ 12 മാർക്കും 80 മാർക്കിന്റെ വിജയിക്കാൻ 24 മാർക്കും നേടിയിരിക്കണം ഇതിനൊപ്പം നിരന്തര മൂല്യനിർണ്ണയത്തിന്റെ മാർക്ക് കൂടി പരിഗണിച്ചാണ് ഫലം നിർണ്ണയിക്കുന്നത്. കുട്ടികളുടെ അക്കാദമിക നിലവാരം ദേശീയ നിലവാരത്തിലേക്ക് ഉയർത്താനാണ് ഇത്തരം നടപടി. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, അധ്യാപകർ, പണ്ഡിതൻമാർ, രക്ഷിതാക്കൾ ഇവരെല്ലാവരോടും ആലോചിച്ചാണ് തീരുമാനമെടുക്കുക. മാറ്റം ചർച്ച ചെയ്യാൻ വിദ്യാഭ്യാസ കോൺക്ലേവ് നടത്തുമെന്നും വി ശിവൻകുട്ടി വിശദമാക്കി.