General (Page 1,247)

കൊച്ചി: ദിലീപ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ബാലചന്ദ്രകുമാർ. ഭീഷണിപ്പെടുത്തി പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്ന ദിലീപിന്റെ ആരോപണം ബാലചന്ദ്ര കുമാർ നിഷേധിച്ചു. സംവിധായകൻ എന്ന നിലയിലാണ് ദിലീപ് പണം നൽകിയതെന്നാണ് ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നത്.

നടിയെ ആക്രമിച്ച കേസ് നടക്കുന്നതിനും വർഷങ്ങൾക്ക് മുൻപാണ് ദിലീപ് തനിക്ക് പണം നൽകിയത്. സാമുദായിക സ്പർദ്ധയുണ്ടാക്കാനാണ് ബിഷപ്പിനെ ഇതിലേക്ക് വലിച്ചിഴച്ചതെന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു. സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പോലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം അറിയിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാർ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ബാലചന്ദ്രകുമാർ പലപ്പോഴായി പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും ദിലീപ് പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് ബാലചന്ദ്ര കുമാർ പണം ആവശ്യപ്പെട്ടത്. ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാർ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്.

പണം കൊടുക്കാൻ തയ്യാറാകാത്തതിനാലാണ് ബാലചന്ദ്രകുമാർ തനിക്ക് ശത്രുവായതെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ബാലചന്ദ്ര കുമാർ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ ഈ ആവശ്യം നിരസിച്ചതോടെ വീണ്ടും ശത്രുത വർധിച്ചുവെന്നും ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ തന്നെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ റാലികളുടെയും റോഡ്ഷോകളുടെയും വിലക്ക് നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ജനുവരി 31 വരെ വിലക്ക് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ശനിയാഴ്ച്ചയാണ് വിലക്ക് അവസാനിക്കേണ്ടിയിരുന്നത്. രണ്ടാം തവണയാണ് ഇത്തരത്തിൽ പ്രചാരണ റാലികളുടെയും റോഡ് ഷോകളുടെയും വിലക്ക് നീട്ടുന്നത്.

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും അഞ്ചു സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാരുമായും തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. ഇതു രണ്ടാം തവണയാണ് ഇത്തരത്തിൽ വിലക്ക് നീട്ടുന്നത്.

അതേസമയം ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ജനുവരി 28 മുതലും രണ്ടാം ഘട്ടം നടക്കുന്നിടത്തെ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ഫെബ്രുവരി ഒന്നു മുതലും പൊതുയോഗങ്ങളും മറ്റും നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകി. 500 പേർ അല്ലെങ്കിൽ പൊതുയോഗം നടക്കുന്ന ഗ്രൗണ്ടിന്റെ ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമെ പങ്കെടുക്കാൻ അനുമതിയുള്ളു. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുർ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് തെരഞ്ഞെടുപ്പ്.

p prasad

കാര്‍ഷിക മേഖലുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് എറ്റവും എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന ഇടമായി കൃഷി ഓഫീസുകള്‍ മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ഉയര്‍ന്ന പരിഗണന ലഭിക്കുന്ന തരത്തിലേക്ക് ഓഫീസ് സംവിധാനങ്ങള്‍ മാറണം. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഓഫീസുകളും ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറ്റും. പുതിയ കാലത്ത് പേപ്പര്‍ ലെസ് ഓഫീസുകള്‍ക്കാണ് പ്രസക്തി. ഇതോടു കൂടി കൃഷിയുമായും കര്‍ഷകരുമായും ബന്ധപ്പെട്ട ഫയലുകളുടെ നീക്കം വേഗത്തിലാകും. കര്‍ഷകര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിലുളള ഇടപെടലുകള്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയുടെ പ്രാധാന്യവും ഗൗരവവും മനസിലാക്കിയുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. കര്‍ഷകര്‍ക്ക് കൃഷി കൊണ്ട് അന്തസ്സാര്‍ന്ന ഒരു ജീവിതം നയിക്കാന്‍ സാധിക്കണം. അതിന് വരുമാനത്തില്‍ അമ്പത് ശതമാനമെങ്കിലും വര്‍ദ്ധനവ് ഉണ്ടാകേണ്ടതുണ്ട്. ആവശ്യമെങ്കില്‍ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം അടക്കമുളള കാര്യങ്ങള്‍ നല്‍കുന്നതും പരിഗണിച്ച് വരികയാണ്.

ജൈവകൃഷി രംഗത്തും സംസ്ഥാനത്തിന് ഏറെ മുന്നേറേണ്ടതുണ്ട്. ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും വലിയ ദുരന്തങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയ്ക്ക് ഏറെ പ്രസക്തിയുണ്ട്. വയനാട് ജില്ല തുടങ്ങി വെച്ച നല്ല പാഠം സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളും ഇന്ന് ഏറ്റെടുക്കുകയാണ്. ഈ വര്‍ഷം തന്നെ കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുളള മുഴുവന്‍ ഫാമുകളിലും കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ഗുരുതര ആരോപണവുമായി ദിലീപ്. ബാലചന്ദ്രകുമാർ തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ദീലിപിന്റെ ആരോപണം. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബാലചന്ദ്രകുമാർ പലപ്പോഴായി പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നും ദിലീപ് ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിനായി നെയ്യാറ്റിൻകര ബിഷപ്പിനെ ഇടപെടുത്തിയെന്നും പ്രതിഫലമായി എന്തെങ്കിലും കൊടുക്കണമെന്നും പറഞ്ഞാണ് ബാലചന്ദ്ര കുമാർ പണം ആവശ്യപ്പെട്ടത്. ബിഷപ്പുമായി തനിക്ക് നല്ല അടുപ്പമുണ്ടെന്നും, അദ്ദേഹത്തിന് ഉന്നത ബന്ധമുണ്ടെന്നും പറഞ്ഞ് ബാലചന്ദ്രകുമാർ തെറ്റിദ്ധരിപ്പിച്ചുവെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു.

പണം കൊടുക്കാൻ തയ്യാറാകാത്തതിനാലാണ് ബാലചന്ദ്രകുമാർ തനിക്ക് ശത്രുവായതെന്നും ദിലീപ് ചൂണ്ടിക്കാട്ടി. പിന്നീട് ബാലചന്ദ്ര കുമാർ സിനിമ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ ഈ ആവശ്യം നിരസിച്ചതോടെ വീണ്ടും ശത്രുത വർധിച്ചുവെന്നും ദിലീപ് പറയുന്നു. ബാലചന്ദ്രകുമാർ തന്നെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ ചോദ്യം ചെയ്യുകയാണ്. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപിനെ ചോദ്യം ചെയ്യുന്നത്.

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡേന്റെ വിവാഹം മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനാലാണ് വിവാഹം മാറ്റിവെച്ചതെന്ന് ജസീന്ദ ആർഡേൻ വ്യക്തമാക്കി. തന്റെ വിവാഹ ചടങ്ങുകൾ നടക്കില്ല. ന്യൂസിലാന്റിലെ സാധാരണ ജനങ്ങളും താനും തമ്മിൽ വ്യത്യാസമൊന്നുമില്ല. കോവിഡ് കാരണം സമാനമായ അനുഭവം ഉണ്ടായവർക്കൊപ്പം താനും ചേരുന്നുവെന്നും ജസീന്ദ പറഞ്ഞു.

ഇതേ അവസ്ഥ ഉള്ളവരോട് പ്രധാനമന്ത്രി ക്ഷമ ചോദിക്കുകയും ചെയ്തു. ന്യൂസിലൻഡിലെ പുതിയ നിയന്ത്രണങ്ങൾ വിശദീകരിച്ച് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ടെലിവിഷൻ അവതാരകനായ ക്ലാർക്ക് ഗേഫോഡയെയാണ് ജസീന്ദ വിവാഹം ചെയ്യുന്നത്. പൂർണ്ണമായും വാക്സിനെടുത്ത 100 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താമായിരുന്നെങ്കിലും നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ജസീന്ദ വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു. അടുത്തിടെയാണ് ജസീന്ദയും ക്ലാർക്ക് ഗേഫോഡെയും വിവാഹിതരാകാൻ പോകുന്നുവെന്ന പ്രഖ്യാപനം ഉണ്ടായത്. മൂന്നുവയസുള്ള ഒരു മകളും ഇരുവർക്കുമുണ്ട്.

ന്യൂഡൽഹി: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റിവൈറൽ മരുന്നായ റെംഡെസിവിർ ഉൾപ്പെടെയുള്ളവ കുട്ടികൾക്ക് നൽകുന്നതിന് വിലക്കേർപ്പെടുത്തി ആരോഗ്യ മന്ത്രാലയം. 18 വയസ്സിനു താഴെയുള്ളവർക്ക് ഇവ നൽകരുതെന്നാണ് നിർദ്ദേശം. മരുന്നുകൾ കുട്ടികളിൽ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ചു വ്യക്തമായ പഠനങ്ങളുടെ അഭാവത്തിൽ ഇവ ഉപയോഗിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

റെംഡെസിവിറിനു പുറമേ, ഫാവിപിരാവിർ, ഇന്ത്യയിൽ പുതുതായി അനുമതി ലഭിച്ച മോൽനുപിരാവിർ, ഫ്‌ളൂവോക്‌സമൈൻ തുടങ്ങിയവയും സ്‌ട്രോവിമാബ്, കാസിരിവിമാബ്, ഇംഡെവിമാബ് തുടങ്ങിയ മോണോക്ലോണൽ ആന്റിബോഡികളും കുട്ടികളുടെ ചികിത്സയിൽ ഉപയോഗിക്കരുത്. സ്റ്റിറോയ്ഡ് മരുന്നുകളും ഒഴിവാക്കണണമെന്നും അധികൃതർ പറഞ്ഞു. അതേസമയം 5 വയസ്സിൽ താഴെയുള്ളവർ മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്ന നിബന്ധന തുടരും. 11 വയസ്സു വരെയുള്ളവർ രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ മാസ്‌ക് ധരിക്കണം. 12 വയസ്സിനു മുകളിലുള്ള എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയ വിഷയവുമായി ബന്ധപ്പെട്ട് എം ഐ രവീന്ദ്രന്റെ ആരോപണത്തിൽ പ്രതികരണവുമായി റവന്യു മന്ത്രി കെ രാജൻ. സർക്കാർ ഉത്തരവിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന രവീന്ദ്രന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് അദ്ദേഹം പറഞ്ഞു. പട്ടയം റദ്ദാക്കിയത് സർക്കാർ തീരുമാനം അനുസരിച്ചാണ്. രവീന്ദ്രന് മറുപടി പറയേണ്ട ആവശ്യം തനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ നിർദ്ദേശപ്രകാരമാണ് പട്ടയം നൽകിയതെന്നും വ്യാജ പട്ടയങ്ങൾ നൽകിയിട്ടില്ലെന്നുമായിരുന്നു എം ഐ രവീന്ദ്രൻ പറഞ്ഞിരുന്നത്.

രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള തീരുമാനം സർക്കാർ സ്വീകരിച്ചതിന് പിന്നാലെ വലിയ ചർച്ചകളാണ് ഉയർന്നത്. 1999 ൽ ദേവികുളം താലൂക്കിൽ ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് അനുവദിച്ച പട്ടയങ്ങളാണ് സർക്കാർ റദ്ദാക്കുന്നത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ 45 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഇടുക്കി കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഓരോ വില്ലേജിലും പ്രത്യേക സംഘത്തെ നിയോഗിച്ച് റദ്ദാക്കാനുള്ള നടപടി എടുക്കാനാണ് ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്. പട്ടയം റദ്ദാക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉടമൾക്ക് പുതിയ അപേക്ഷ വേണമെങ്കിൽ നൽകാം. ഡെപ്യട്ടി തഹസിൽദാരും റവന്യും ഇൻസ്പെക്ടർമാരും അടങ്ങുന്ന സംഘം ഇത് പരിശോധിക്കണം. 45 ദിവസത്തിനുള്ളിൽ നടപടികൾ തീർക്കണമെന്നാണ് ഉത്തരവ്. 2019 ജൂൺ 18 നായിരുന്നു പട്ടയങ്ങൾ പരിശോധിക്കാൻ റവന്യുവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

ഭൂമികയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉയർന്ന് കേട്ട പേരാണ് രവീന്ദ്രൻ പട്ടയങ്ങൾ. 1999 ൽ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽതാർ എം ഐ രവീന്ദ്രനാണ് പട്ടങ്ങയങ്ങൾ ഇറക്കിയത്. വലിയ വിവാദങ്ങളാണ് ഇത് സൃഷ്ടിച്ചത്. ഭൂമി പതിവ് ചട്ടങ്ങൾ ലംഘിച്ച് വാരിക്കോരി പട്ടയങ്ങൾ നൽകിയെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. റവന്യുവകുപ്പ് നിയോഗിച്ച അഞ്ചംഗം സംഘം നാലു വർഷം അന്വേഷണം നടത്തിയ ശേഷമാണ് 64 ലെ കേരള ഭൂമി പതിവ് ചട്ടവും 77 ലെ കണ്ണൻ ദേവൻ ഹിൽസ് ചട്ടവും ലംഘിച്ചാണ് പട്ടയങ്ങൾ നൽകിയതെന്ന് കണ്ടെത്തിയത്.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പ്രോസിക്യൂഷൻ ഹാജരാക്കിയ ചില തെളിവുകൾ അസ്വസ്ഥതപ്പെടുത്തുന്നവയെന്ന് ഹൈക്കോടതി. പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും കുറ്റകൃത്യത്തിന് പ്രേരണയുണ്ടെന്നും ശക്തമായ സൂചനകൾ നൽകുന്നവയാണ് പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളെന്ന് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാക്കിയ പ്രധാനപ്പെട്ട തെളിവുകൾ പരിശോധിച്ചപ്പോൾ അതിൽ ഗുരുതരസ്വഭാവമുള്ള ചില തെളിവുകളുണ്ടെന്ന് ബോദ്ധ്യപ്പെട്ടുവെന്നും അത് പ്രധാനപ്പെട്ടതാണെന്നും കോടതി വ്യക്തമാക്കി.

അന്വേഷണം തടയാനാകില്ല, അന്വേഷണം സുഗമമായി മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണ്. നടൻ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സമർപ്പിച്ച തെളിവുകളെക്കുറിച്ചായിരുന്നു കോടതിയുടെ പരാമർശം. പ്രതികൾ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.

ക്രിമിനൽ ഗൂഢാലോചന്ക്ക് അന്വേഷണ സംഘത്തിന് സൂചനകൾ കിട്ടി. ഗൂഢാലോചന തന്നെ കുറ്റമായി കണക്കാക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതി നൽകിയ നിർദ്ദേശം. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. വ്യാഴാഴ്ച ദിലീപ് ഉൾപ്പെടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വയ്ക്കാൻ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഓരോ ദിവസവും ഐസിയു, വെന്റിലേറ്റർ എന്നിവയുൾപ്പെടെ ആശുപത്രിയിൽ കോവിഡ് ചികിത്സയിലുള്ളവരുടേയും മറ്റസുഖങ്ങളുള്ളവരുടേയും ദൈനംദിന കണക്കുകൾ സ്വകാര്യ ആശുപത്രികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറണം. ഡേറ്റ കൃത്യമായി കൈമാറാത്തവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാൻ നിർബന്ധിതമാകും. കോവിഡിന്റെ രണ്ട് ഘട്ടങ്ങളിലും സ്വകാര്യ ആശുപത്രികളിൽ നിന്നും മികച്ച സഹകരണമാണ് ലഭിച്ചത്. അതുപോലെ ഈ സമയത്തും മന്ത്രി പിന്തുണ അഭ്യർത്ഥിച്ചു. സംസ്ഥാന റാപ്പിഡ് റെസ്‌പോൺസ് ടീമിന്റെ (ആർ.ആർ.ടി) പ്രതിദിന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

അതിതീവ്ര വ്യാപന സമയത്ത് കോവിഡ് വാക്‌സിനേഷൻ ഡോസുകളുടെ ഇടവേളയിൽ കാലതാമസം വരുത്തരുതെന്ന് ആർആർടി യോഗം വിലയിരുത്തി. ഒന്നും രണ്ടും ഡോസ് ചേർത്ത് സംസ്ഥാനത്തെ സമ്പൂർണ കോവിഡ് വാക്‌സിനേഷൻ 83 ശതമാനമാണ്. കൃത്യമായ ഇടവേളകളിൽ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് സുരക്ഷ ഉറപ്പാക്കണം. കോവിഷീൽഡ് വാക്‌സിൻ 84 ദിവസം കഴിഞ്ഞും കോവാക്‌സിൻ 28 ദിവസം കഴിഞ്ഞും രണ്ടാം ഡോസ് സ്വീകരിക്കണം. രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച് ഒമ്പത് മാസത്തിനുശേഷം കരുതൽ ഡോസിന് അർഹരായവർ മൂന്നാമത്തെ വാക്‌സിനും സ്വീകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ആദ്യ ഡോസ് എടുക്കുന്നതിലൂടെ ശരീരം കോവിഡിനെതിരെയുള്ള പ്രതിരോധത്തിന് തുടക്കമിടുകയും ഭാഗിക പരിരക്ഷ ലഭ്യമാവുകയും ചെയ്യും. രണ്ടാമത്തെ ഡോസ് രോഗം പ്രതിരോധിക്കാനുള്ള ശേഷി ഗണ്യമായി വർധിക്കാൻ സഹായിക്കുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ചുകഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതോടെയാണ് ശരീരം പൂർണമായി പ്രതിരോധശേഷി ആർജിക്കുന്നത്. ഒരു ഡോസ് മാത്രമെടുത്തവരെ പൂർണ വാക്‌സിനേഷനായി കണക്കാക്കില്ല. വാക്‌സിനേഷൻ എടുത്തവരിൽ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണ്. എല്ലാവരും എൻ 95 മാസ്‌കോ ഡബിൾ മാസ്‌കോ ധരിക്കുകയും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കുകയും വേണം. കൊവിഷീൽഡിനെ പോലെ ഫലപ്രദവും സുരക്ഷിതവും ആണ് കോവാക്‌സിനും. ഇനിയും വാക്‌സിനെടുക്കാത്തവർ എത്രയും വേഗം വാക്‌സിൻ സ്വീകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.

കാസർകോട്: ജീവകാരുണ്യ പ്രവർത്തകൻ സായിറാം ഭട്ട് അന്തരിച്ചു. തലചായ്ക്കാൻ ഇടമില്ലാതെ വിഷമിച്ച നൂറുകണക്കിനാളുകൾക്ക് വീട് നിർമ്മിച്ചുനൽകി ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. തന്റെ തുച്ഛമായ വരുമാനത്തിൽ നിന്നാണ് അദ്ദേഹം മുന്നൂറോളം പേർക്ക് വീട് വെച്ച് നൽകിയത്. തൊഴിലില്ലാത്ത നിരവധി പേർക്ക് ഓട്ടോറിക്ഷകൾ, തയ്യൽ മെഷീനുകൾ തുടങ്ങിയവയും അദ്ദേഹം വിതരണം ചെയ്തിട്ടുണ്ട്. കാശിക്ക് പോകാനായി കരുതിവെച്ച തുക വീട് നിർമ്മാണത്തിനായി സഹായം തേടിയെത്തിയ ഒരാൾക്ക് നൽകിയതിൽ നിന്നാണ് അദ്ദേഹം അശരണർക്ക് വേണ്ടി സേവനം ചെയ്യാൻ ആരംഭിച്ചത്.

ബദിയഡുക്ക കിളിങ്കാർ നടുമനയിലെ കൃഷ്ണഭട്ട്-ദുക്ഷമ്മ ദമ്പതിമാരുടെ മകനായി 1937 ജൂലായ് എട്ടിനായിരുന്നു സായിറാം ജനിച്ചത്. പാരമ്പര്യ വൈദ്യവും കൃഷിയുമാണ് അദ്ദേഹത്തിന്റെ പ്രവർത്തനമേഖല. ഗീതാഞ്ജനേയ വ്യായാമശാല എന്ന പേരിൽ നീർച്ചാലിൽ സ്ഥാപനം ആരംഭിച്ചാണ് അദ്ദേഹം പൊതുസേവനരംഗത്ത് സജീവമായത്. സ്വന്തം വീടു നിർമിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് സായിറാം എല്ലാ വീടുകളും നിർമ്മിച്ച് നൽകിയത്.

നിരവധി കുടിവെള്ള പദ്ധതികൾ, 100ലധികം വീടുകളുടെ വൈദ്യുതീകരണം, നിരവധി യുവതികളുടെ കല്യാണം, വീട് വെക്കാൻ ഭൂമി, സ്‌കൂൾ കുട്ടികൾക്ക് യൂണിഫോം, പുസ്തകം, മെഗാ മെഡിക്കൽ ക്യാമ്പുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു.