General (Page 1,248)

കൊച്ചി: നടൻ ദിലീപ് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണം. ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾ മൂന്ന് ദിവസം ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതി നൽകിയ നിർദ്ദേശം. ചോദ്യം ചെയ്യിലിന് ശേഷം വിവരങ്ങൾ കോടതിയെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. വ്യാഴാഴ്ച മുൻകൂർ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.

ഏത് അന്വേഷണത്തിനും തയാറാകാമെന്ന് ദിലീപ് ഇന്ന് കോടതിയെ അറിയിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കണമെന്നും ചോദ്യം ചെയ്യലിനായി എത്ര ദിവസം വേണമെങ്കിലും ഹാജരാകാൻ തയാറാണെന്നും ദിലീപ് പറഞ്ഞിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി.എൻ. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. ഇവരും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ദിലീപിന്റെ ജാമ്യഹർജിയെ എതിർത്തുകൊണ്ട് വിശദമായ എതിർ സത്യവാങ്മൂലമാണ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നത്.

നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെതിരെ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേർത്തിട്ടുണ്ട്. മുൻപ് ചുമത്തിയ വകുപ്പുകളിൽ മാറ്റംവരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പാണ് ക്രൈംബ്രാഞ്ച് കൂട്ടിച്ചേർത്തത്.

തിരുവനന്തപുരം: കോവിഡ് രോഗികളുടെ സമ്പർക്കപ്പട്ടികയിൽ വരുന്ന സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിരുന്ന സ്‌പെഷ്യൽ കാഷ്വൽ ലീവ് റദ്ദാക്കി സർക്കാർ. ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. രോഗികളുമായി സമ്പർക്കമുള്ളവർ അക്കാര്യം ജോലി സ്ഥലത്ത് അറിയിക്കണം. ഇവർ സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

രോഗലക്ഷണമുള്ളവർ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം വേണ്ട നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.

കോഴിക്കോട്: കാന്തപുരത്തിന്റെ മര്‍ക്കസ് നോളജ് സിറ്റി നിര്‍മിക്കുന്നത് തോട്ടഭൂമിയിലെന്ന് രേഖകള്‍. നിര്‍മാണാവശ്യത്തിന് ഉപയോഗിക്കാനാവാത്ത ഭൂമിയാണിതെന്ന് കോടഞ്ചേരി വില്ലേജില്‍ നിന്ന് കമ്പനി ഉടമകള്‍ക്ക് കൈമാറിയ കൈവശ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് വ്യക്തമാണ്.

അതേസമയം, ഭൂപരിഷ്‌കരണ നിയമ പ്രകാരം ഈ ഭൂമി മര്‍ക്കസ് സിറ്റിക്കായി നിര്‍മാണാനുമതി നല്‍കാവുന്നതാണോ എന്ന് റവന്യൂ അധികാരികളില്‍ നിന്ന് രേഖ ഹാജരാക്കാന്‍ കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാല്‍, അത്തരമൊരു രേഖ കിട്ടില്ലെന്നതിനാല്‍ തന്നെ അനുമതിയില്ലാതെ കമ്പനി നിര്‍മ്മാണം തുടങ്ങുകയായിരുന്നു. രണ്ടാം നിലയില്‍ എത്തിയപ്പോഴാണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണത്. പിന്നാലെ പഞ്ചായത്ത് സ്റ്റോപ് മെമ്മോ നല്‍കുകയായിരുന്നു.

ഇതിനിടെ കോടഞ്ചേരി വില്ലേജ് ഓഫീസര്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ നോളജ് സിറ്റി എന്നറിയപ്പെടുന്ന സ്ഥലത്ത് വ്യത്യസ്ത വ്യക്തികളുടെയും കമ്പനികളുടെയും പേരില്‍ ഹോട്ടലുകള്‍, മെഡിക്കല്‍ കോളജ്, സ്‌കൂളുകള്‍, ഫ്ളാറ്റുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍ എന്നീ ബില്‍ഡിങ്ങുകള്‍ നിര്‍മിച്ചതിനാലും ഇവയ്ക്കൊന്നും മതിയായ രേഖകള്‍ ലഭ്യമല്ലാത്തതിനാലും നടപടി സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ വിദേശമദ്യ ചില്ലറ വിൽപനശാലകൾ തുറക്കുന്നു. ഫെബ്രുവരിയിൽ അന്തിമരൂപമാവുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് കൂടുതൽ വിദേശമദ്യ ചില്ലറ വിൽപനശാലകൾ തുറക്കുന്നത്. 269 ഷോപ്പുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 179 എണ്ണം കൂടി തുറക്കണമെന്നാണ് ബെവ്‌കോ നൽകിയിരിക്കുന്ന ശുപാർശ.

മദ്യവിൽപനശാലകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്നേകാൽ ലക്ഷം പേർക്ക് ഒരു ഷോപ്പ് എന്നതാണ് സംസ്ഥാത്ത് ഇപ്പോഴുള്ള അനുപാതം. തമിഴ്നാട്ടിലും കർണാടകയിലും ഇത് 20,000 ന് ഒന്ന് എന്ന നിലയിലാണ്. 23 വെയർ ഹൗസുകളിൽ നിന്നാണ് ബാറുകൾക്കും ചില്ലറവിൽപന ശാലകൾക്കും മദ്യവിതരണം നടത്തുന്നത. 17 വെയർഹൗസ് ഗോഡൗണുകൾ കൂടി തുടങ്ങാനുള്ള ടെണ്ടർ നടപടികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ രണ്ട് വീതവും മറ്റു ജില്ലകളിൽ ഓരോ വെയർ ഹൗസുകൾ വീതവുമാണ് വർധിപ്പിക്കുന്നത്.

മദ്യക്കുപ്പികളിൽ ഹോളോഗ്രാമിന് പകരം ക്യൂ.ആർ കോഡ് പതിക്കാനും തീരുമാനിച്ചു. കമ്പനിയിൽ നിന്നു തന്നെ ക്യൂ ആർ കോഡ് പതിക്കാനാണ് തീരുമാനം. ഇതിലൂടെ മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനും സാമ്പത്തിക നേട്ടം കരസ്ഥമാക്കാനും കഴിയും. വെയർഹൗസുകളെയും ചില്ലറ വിൽപന ശാലകളെയും ബെവ്‌കോ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടർ ശൃംഖലയും അടുത്തമാസം പൂർത്തിയാക്കും. ഇതോടെ ഓരോ ദിവസത്തെയും വിറ്റുവരവും സ്റ്റോക്കും ഹെഡ് ക്വാട്ടേഴ്‌സിൽ അറിയാനാകും.

കോട്ടയം: കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആദ്യ അവസരമായി തന്നെ പിന്നീട് പരീക്ഷയെഴുതാമെന്ന് എംജി സർവ്വകലാശാല. ഇതിനായി കോവിഡ് രോഗബാധ സംബന്ധിച്ച രേഖകൾ ഹാജരാക്കിയാൽ മതിയെന്നും സർവ്വകലാശാല അറിയിച്ചു. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കിടയിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാനായാണ് എംജി സർവ്വകലാശാല വിശദീകരണവുമായി രംഗത്തെത്തിയത്. സെമസ്റ്റർ യഥാർത്ഥ സമയ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് പരീക്ഷ മാറ്റാത്തതെന്നും സർവ്വകലാശാല വ്യക്തമാക്കി.

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനിടയിലും പരീക്ഷകൾ നടത്താനാണ് എംജി സർവ്വകലാശാലയുടെ തീരുമാനം. ഇതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും ഇത് വകവെയ്ക്കാതെ സർവ്വകലാശാല മുന്നോട്ട് പോകുകയായിരുന്നു. സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും ഹോസ്റ്റലുകളിലും രോഗത്തിന്റെ അതിതീവ്ര വ്യാപനമുള്ള സാഹചര്യത്തിലാണ് അധികൃതർ പരീക്ഷ നടത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്. അതേസമയം പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വൈസ് ചാൻസലർ, പരീക്ഷ കൺട്രോളർ ഉൾപ്പെടെയുള്ളവരെ വിദ്യാർത്ഥികൾ ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇവർക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.

ബന്ധപ്പെട്ടെങ്കിലും വിദ്യാർത്ഥികൾക്ക് മറുപടി കിട്ടിയിട്ടില്ല. അധ്യാപകരും ആശങ്ക അറിയിച്ചിരുന്നു. കോളേജുകൾക്ക് സർക്കാർ ഇളവ് അനുവദിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കാൻ കഴിയില്ലെന്നാണ് സർവകലാശാല നിലപാട്.

മലപ്പുറം: കൊണ്ടോട്ടി, ഫറോക്ക് പൊലീസ് സ്റ്റേഷനുകളിൽ കൂട്ടബലാത്സംഗം ഉൾപ്പടെ അഞ്ച് പോക്‌സോ കേസുകളിലെ ഇരയായ 18 വയസ്സുകാരി തൂങ്ങിമരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷനും ബാലവകാശ കമ്മീഷനും. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ കോഴിക്കോട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും ചെയ്തു.

പെൺകുട്ടിയെ സർക്കാരിന്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന് ആരും സഹായിച്ചില്ലെന്ന പരാതിയുമായി പെൺകുട്ടിയുടെ മാതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ഫറോക്ക് പോലീസിനോട് ജില്ലാ ചൈൽഡ്‌ലൈൻ പ്രൊട്ടക്ഷൻ ഓഫീസർ നിർദ്ദേശിച്ചു. ഏഴ് മാസങ്ങൾക്ക് മുൻപാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. ഈ കേസിൽ പെൺകുട്ടിയുടെ ബന്ധുക്കൾ ഉൾപ്പെടെ ആറ് പേരെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റും ചെയ്തിരുന്നു. ഈ കേസുകൾ പോക്‌സോ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത്. ചേലേമ്പ്രയിലെ വാടകവീട്ടിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസിനോടും മറ്റും നിരവധി തവണ സഹായം അഭ്യർത്ഥിച്ചിരുന്നെങ്കിലും തങ്ങളെ ആരും തിരിഞ്ഞ് നോക്കിയില്ലെന്നാണ് പെൺകുട്ടിയുടെ അമ്മയുടെ ആരോപണം.

സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നു പോലീസ് അറിയിച്ചു.

തിരുവനന്തപുരം: 50 പേരിൽ കൂടുതലുള്ള പാർട്ടി സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ഹൈക്കോടതി നടപടിക്കെതിരെ എതിർപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് 50 പേരിൽ കൂടുതലുള്ള പാർട്ടി സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സിപിഐ എമ്മിന്റെ അഭിപ്രായം കേൾക്കാതെയാണ് സമ്മേളനം സംബന്ധിച്ച കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടിയേരി പറഞ്ഞു. കോടതിയെ മാനിച്ചാണ് കാസർകോട് സമ്മേളനം അവസാനിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കാസർകോട് ജില്ലാ സമ്മേളനത്തിന് മാത്രമാണ് കോടതി ഉത്തരവ് ബാധകം. തൃശൂരിന് ഇത് ബാധകമല്ലെന്നും അദ്ദേഹം അറിയിച്ചു. കാസർക്കോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരിയുടെ പ്രതികരണം. ഒരാഴ്ചത്തേക്കാണ് സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ജില്ലയിൽ പൊതുസമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യാഴാഴ്ച ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടു മണിക്കൂറിനകം ഈ ഉത്തരവ് കളക്ടർ പിൻവലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇത്തരമൊരു നടപടി സ്വീകരിച്ചത്. സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

രാഷ്ട്രീയപാർട്ടികളുടെ സമ്മേനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുന്നതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ വികസന പദ്ധതികൾ വേഗത്തിലാക്കുന്നു. സംസ്ഥാനത്ത് ഏഴു വിമാനത്താവളങ്ങളാണ് പുതുതായി നിർമ്മിക്കാനൊരുങ്ങുന്നത്. ഒരു ജില്ലയിൽ ഒരു വിമാനത്താവളം എന്ന പദ്ധതിക്ക് കീഴിലാണ് പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡി വ്യക്തമാക്കി.

ഭോഗാപുരം, ദഗദർത്തി വിമാനത്താവളങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനും ആന്ധ്രാപ്രദേശ് സർക്കാർ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. നാടിന്റെ വികസനം ആളുകളുടെ യാത്രാസൗകര്യവും വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് വിമാനത്താവളങ്ങളുടെ എണ്ണം വർധിപ്പിക്കുന്നത്. വികസനത്തിനൊപ്പം വലിയൊരു തൊഴിൽ സാധ്യത കൂടിയാണ് ജനങ്ങൾക്ക് ലഭിക്കാൻ പോകുന്നതെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

13 ജില്ലകളിലാണ് നിലവിൽ ആന്ധ്രാപ്രദേശിൽ വിമാനത്താവളങ്ങളുള്ളത്. വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, രാജമഹേന്ദ്രവാരം, കുർണൂൽ, കടപ്പ തുടങ്ങിയ ജില്ലകളിലെല്ലാം വിമാനത്താവളങ്ങളുണ്ട്. പുതുതായി 12 ജില്ലകൾ കൂടി രൂപീകരിക്കാനുള്ള തയ്യാറെടുപ്പ് സർക്കാർ നടത്തുന്നുണ്ട്. എന്നാൽ പുതുതായി രൂപം കൊള്ളുന്ന ഓരോ ജില്ലയിലും വിമാനത്താവളം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ഒരു മന്ത്രിക്ക് പ്രൊഫസർ പദവി നല്കാൻ കേരളം നൽകേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സർക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തൻ നടപടി സ്വീകരിക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ആർ. ബിന്ദുവിന് പ്രൊഫസർ പദവി നൽകാൻ വേണ്ടി യു.ജി.സി ചട്ടങ്ങളും സർക്കാർ ഉത്തരവുകളും ലംഘിച്ച് കാലിക്കറ്റ് സർവകലാശാല 2018 നു ശേഷം വിരമിച്ചവർക്ക് പ്രൊഫസർഷിപ്പ് നൽകാൻ തീരുമാനിച്ച നടപടി അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സർവകലാശാലയുടെ കീഴിലുള്ള കോളേജിൽ അദ്ധ്യാപികയായിരുന്ന ബിന്ദു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വയം വിരമിച്ചിരുന്നു. കാലിക്കറ്റ് സർവകലാശാലയ്ക്കു പിന്നാലെ ഇപ്പോൾ മറ്റു സർവകലാശാലകളിലും 2018 നുശേഷം വിരമിച്ചവർക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതനുസരിച്ച് 200 ഓളം അദ്ധ്യാപകർക്ക് 5 ലക്ഷം രൂപ വച്ച് ശമ്പള കുടിശിക നൽകുമ്പോൾ സർക്കാരിന് 10 കോടി രൂപയുടെ ബാദ്ധ്യത ഉണ്ടാകും. കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത് തികച്ചും അധാർമികവും നിയമവിരുദ്ധവുമാണെന്ന് അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രൊഫസർ പദവി പേരിനൊപ്പം ചേർത്ത് മന്ത്രി ബിന്ദു പ്രചാരണം നടത്തിയതും, ബാലറ്റ് പേപ്പറിൽ പ്രൊഫസർ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിർ സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഫയൽ ചെയ്തിരുന്നു. ഈ ഹർജി ദുർബലപ്പെടുത്താൻ വേണ്ടിയാണ് വിരമിച്ച മന്ത്രി ഉൾപ്പടെയുള്ള കോളേജ് അധ്യാപകർക്ക് പ്രൊഫസർ പദവി നൽകുവാൻ കാലിക്കറ്റ് സർവകലാശാല യു.ജി.സി ചട്ടങ്ങളിൽ ഇളവ് അനുവദിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രിയുടെ അറിവോട് കൂടിയാണ് കാലിക്കറ്റ് സർവകലാശാല, സർക്കാരിന്റെയും യുജിസിയുടെയും ഉത്തരവ് മറികടന്നതെങ്കിൽ മന്ത്രി ഈ സ്ഥാനത്ത് തുടരുവാൻ അർഹയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അസോസിയേറ്റ് പ്രൊഫസ്സറാക്കാൻ മുൻകയ്യെടുത്തതിന് പാരിതോഷികമായി കണ്ണൂർ സർവകലാശാല വി.സിക്ക് ചട്ടവിരുദ്ധമായി പുനർനിയമനം നൽകാൻ ഗവർണർക്ക് ശുപാർശ കത്തെഴുതിയ മന്ത്രി, തനിക്ക് പ്രൊഫസർ പദവി ലഭിക്കാൻ ഏത് ചട്ടവും ലംഘിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ കണ്ണൂർ സർവകലാശാലയിൽ മലയാളം അസോസിയേറ്റ് പ്രൊഫസറായി നിയമനം നൽകുന്നതിന് രണ്ടാം റാങ്കിലേയ്ക്ക് തഴഞ്ഞ ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മലയാളം അദ്ധ്യാപകൻ ഡോ:ജോസഫ് സ്‌കറിയക്ക് കാലിക്കറ്റ് സർവകലാശാലയിൽ നടന്ന മലയാളം പ്രൊഫസറുടെ ഇന്റർവ്യൂവിൽ ഒന്നാംറാങ്ക് ലഭിച്ചു. അസോസിയേറ്റ് പ്രൊഫസറുടെ ഇന്റർവ്യൂവിലും അദ്ദേഹത്തിനാണ് ഒന്നാംറാങ്ക്. രണ്ടു തസ്തികകളിലും ജോസഫ് സ്‌കറിയയുടെ മികവ് അംഗീകരിച്ചുകൊണ്ട് ഒന്നാം റാങ്ക് നൽകി. ഇത് കണ്ണൂർ സർവകലാശാലയിലെ രാഷ്ട്രീയ നിയമനത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: കാസർക്കോട് ജില്ലയിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കുന്ന സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹൈക്കോടതി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് സമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത്. ജില്ലയിൽ പൊതുസമ്മേളനങ്ങൾക്ക് വിലക്കേർപ്പെടുത്തി വ്യാഴാഴ്ച ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രണ്ടു മണിക്കൂറിനകം ഈ ഉത്തരവ് കളക്ടർ പിൻവലിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ചോദ്യം ചെയ്തു കൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇത്തരമൊരു നടപടി സ്വീകരിച്ചത്. സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്നില്ലെന്ന് ജില്ലാ കളക്ടർ ഉറപ്പാക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം.

രാഷ്ട്രീയപാർട്ടികളുടെ സമ്മേനങ്ങൾക്ക് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. കോവിഡ് വ്യാപനത്തിനിടെ സിപിഎം ജില്ലാ സമ്മേളനങ്ങൾ തുടരുന്നതിനെതിരെ ശക്തമായ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സിപിഎം സമ്മേളനങ്ങൾക്ക് വേണ്ടിയാണ് കളക്ടർ നിയന്ത്രണങ്ങൾ പിൻവലിച്ചുകൊണ്ട് ഉത്തരവിറക്കിയതെന്നായിരുന്നു പൊതുതാത്പര്യ ഹർജിയിൽ ആരോപിച്ചിരുന്നത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷക ക്ലാർക്കാണ് പൊതുതാത്പര്യ ഹർജി നൽകിയത്. അതേസമയം ജില്ലാ സമ്മേളനങ്ങൾ രണ്ടു ദിവസമാക്കി വെട്ടിച്ചുരുക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കാസർക്കോട്, തൃശൂർ ജില്ലാ സമ്മേളനങ്ങളാണ് വെട്ടിച്ചുരുക്കുക. രണ്ടിടത്തും സമ്മേളനം നാളെ അവസാനിപ്പിക്കാനാണ് തീരുമാനം.