മുംബൈ: മഹാരാഷ്ട്രയിൽ മഴക്കെടുതിയെ തുടർന്ന് മരിച്ചവരുടെ എണ്ണം 112 ആയി ഉയർന്നു. നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ ഇപ്പോഴും മഴ തുടർന്നു കൊണ്ടിരിക്കുകയാണ്.
സാംഗ്‌ളി ജില്ലയിൽ മഴയെ തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. ഇവിടത്തെ റോഡുകളിൽ വലുതും ചെറുതുമായ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവയ്ക്കുള്ളിൽ ആളുകൾ ഉണ്ടോ എന്ന കാര്യം വ്യക്തമല്ല. നിരവധി വീടുകളും മഴക്കെടുതിയിൽ തകർന്നു. വൈദ്യുതി ബന്ധം തകരാറിലാകുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 1,35,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.
മഴയുടെ ശക്തി കുറഞ്ഞാൽ മാത്രമെ നദികളിലെ ജലനിരപ്പ് കുറയുന്നു എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ദുരന്ത നിവാരണ സേനയുടെ കൂടുതൽ അംഗങ്ങളെ സംസ്ഥാനത്തേക്ക് എത്തിച്ചിട്ടുണ്ട്. ഗതാഗത വാർത്താവിനിമയ ബന്ധങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് വിവരം. മഹാരാഷ്ട്രയ്ക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ട.

