കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നിലവിൽ വരുമ്പോൾ കെഎസ്ഇബിയിൽ വരുന്ന മാറ്റങ്ങളെന്തെല്ലാം; വിവരങ്ങൾ വിശദമാക്കി വൈദ്യുത മന്ത്രി

തിരുവനന്തപുരം. സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഉടൻ കുറയ്‌ക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. ഒരു സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി നടപ്പ് പാർലമെന്റ് സമ്മേളനത്തിൽ പാസായാൽ വൈദ്യുതി വിതരണ രംഗത്ത് വൻകുത്തകകൾ കടന്നുവരുമെന്നും അവർ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. അപ്പോഴുണ്ടാകുന്ന കടുത്ത മത്സരം നേരിടാൻ കെ.എസ്.ഇ.ബിയ്ക്ക് നിരക്കുകൾ കുറക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യങ്ങളെ കുറിച്ച് ചർച്ചകൾ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി നൽകാൻ ജല വൈദ്യുത പദ്ധതിയും സോളാർ വൈദ്യുതിയും പ്രയോജനപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ നയം. വ്യവസായങ്ങളെ ആകർഷിക്കാൻ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ട്. നിലവിൽ ആവശ്യമുള്ളതിന്റെ എഴുപത് ശതമാനം വൈദ്യുതിയും പുറത്തു നിന്ന് വാങ്ങുകയാണ്. നിർമ്മാണ ഘട്ടത്തിലുള്ള ഇരുപതോളം ജലവൈദ്യുത പദ്ധതികളിൽ ആറെണ്ണം വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം വിശദമാക്കി. ഇടുക്കിയിലെ രണ്ടാം നിലയത്തിന്റെ നിർമ്മാണവും ഉടൻ ആരംഭിക്കും. പുരപ്പുറം സോളാർ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെയുള്ള കുസും സോളാർ പദ്ധതിയും സജീവമാക്കുമെന്നും സോളാർ വൈദ്യുതിയ്ക്കായി ഒരു സോളാർ മിഷൻ രൂപീകരിക്കുന്ന കാര്യം പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര വൈദ്യുതി ഭേദഗതി നിയമം പാസായാൽ വൈദ്യുതി ബോർഡിന് വലിയ വെല്ലുവിളിയാകും നേരിടേണ്ടി വരികയെന്നും അദ്ദേഹം പറയുന്നു. നിലവിൽ വൈദ്യുതി വിതരണ രംഗത്ത് 28000 ജീവനക്കാരാണുള്ളത്. വൈദ്യുതി ഭേദഗതി നിയമം പാസാകുന്നതോടെ അവരുടെ ഭാവിയടക്കമുള്ള കാര്യങ്ങൾ വിഷയമാകും. ഇതു സംബന്ധിച്ച് കേന്ദ്രം കടുത്ത നിലപാട് സ്വീകരിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.