ശൗചാലയങ്ങൾക്ക് അയ്യങ്കാളിയുടെ പേര് നൽകി അപമാനിക്കുന്നുവെന്ന് നുണപ്രചാരണം നടക്കുന്നു: മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ശൗചാലയങ്ങൾക്ക് അയ്യങ്കാളിയുടെ പേര് നൽകി അപമാനിക്കുന്നുവെന്നത് നുണപ്രചാരണമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. തദ്ദേശ സ്വയംഭരണ വകുപ്പ് ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ നടപ്പിലാക്കുന്ന ടേക് എ ബ്രേക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് ജാതീയമായ സ്പർധയും സർക്കാർ വിരുദ്ധ വികാരവും വളർത്തിയെടുക്കാൻ ചില നിക്ഷിപ്ത കേന്ദ്രങ്ങൾ നടത്തുന്ന ശ്രമം ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ടേക് എ ബ്രേക്ക്’ എന്നാണ് പാതയോര വിശ്രമ കേന്ദ്രങ്ങൾക്ക് സർക്കാർ നൽകിയിരിക്കുന്ന പേരെന്നും അദ്ദേഹം വ്യക്തമാക്കി.

പദ്ധതിയ്ക്ക് നവോത്ഥാന നായകനായ അയ്യങ്കാളിയുടെ പേര് നൽകി അപമാനിച്ചു എന്ന നുണ പ്രചരിപ്പിച്ചാണ് ചില സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുതലെടുപ്പിന് ശ്രമിക്കുന്നത്. റോഡ് യാത്രക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും വിശ്രമിക്കാനും വേണ്ടിയുള്ളതാണ് ടേക് എ ബ്രേക്കിൽ ഒരുക്കുന്ന ശുചിമുറികളും അനുബന്ധ സൗകര്യങ്ങളുമെന്നും മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയും അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും വഴി പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് ആശ്വാസമേകാൻ കൂടുതൽ തൊഴിൽ മേഖലകൾ ഉൾപ്പെടുത്തുമ്പോഴാണ് പച്ചക്കള്ളം പ്രചരിപ്പിച്ച് സർക്കാരിന്റെ ജനപക്ഷ മനോഭാവത്തെ ഇകഴ്ത്തികാണിക്കാൻ ചില ദുഷ്‌കേന്ദ്രങ്ങൾ ശ്രമിക്കുന്നത്. മന്ത്രിയുടെ ഓഫീസ് ഇത്തരം നുണ പ്രചരണങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ടുപോവുകയാണ്െന്നും ഈ വിഷയത്തിൽ ഡി ജി പിയ്ക്ക് നൽകിയ പരാതിയിൽ പോലീസ് സൈബർസെൽ അന്വേഷണം ആരംഭിച്ചുവെന്നും വാർത്താ കുറിപ്പിൽ പറയുന്നു.

പൊതുശൗചാലയങ്ങൾക്ക് മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകുവാനുള്ള കേരള സർക്കാർ തീരുമാനം മഹാത്മാവിനോടുള്ള അനാദരവും ചരിത്രത്തോടുള്ള അനീതിയുമാണെന്ന് ആരോപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ ഓഫീസ് ഇത്തരമൊരു വാർത്താക്കുറിപ്പ് പുറപ്പെടുവിച്ചത്.