ബ്രിട്ടണിലെ കുടിയേറ്റ നിരക്കിൽ ഇടിവുണ്ടാകും; റിപ്പോർട്ടുമായി മൈഗ്രേഷൻ ഉപദേശക സമിതി തലവൻ

ലണ്ടൻ: ബ്രിട്ടനിലെ പൊതു തെരഞ്ഞെടുപ്പിൽ ഋഷി സുനകിന് വിജയപ്രതീക്ഷ നൽകി മൈഗ്രേഷൻ ഉപദേശക സമിതി തലവന്റെ റിപ്പോർട്ട്. ബ്രിട്ടനിലേക്കുള്ള കുടിയേറ്റ നിരക്ക് വൻതോതിൽ കുറയുമെന്നാണ് പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നത്. വിദേശ വിദ്യാർഥികൾക്ക് ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിരോധനം സർക്കാർ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനം ചൊലുത്തും എന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ മാസത്തോടെ മൈഗ്രേഷൻ 150000 നും 200000 നും ഇടയിൽ കുറയും എന്നും മൈഗ്രേഷൻ ഉപദേശക സമിതി തലവന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വിദേശ വിദ്യാർത്ഥികൾക്ക് അടക്കം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം 2019ലെ കണക്കിന് തുല്യമായി കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. നെറ്റ് മൈഗ്രേഷൻ കുറയ്ക്കുന്നതിന് പ്രധാനമന്ത്രി നിരവധി നടപടികൾ അവതരിപ്പിച്ചിരുന്നു.

വിദേശ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെയും അവരുടെ ആശ്രിതരെയും നിയന്ത്രിക്കുന്നതിലൂടെ നെറ്റ് മൈഗ്രേഷൻ വെട്ടി കുറയ്ക്കാമെന്ന് സുനക് തിരിച്ചറിഞ്ഞതോടെയാണ് ഇതു സംബന്ധിച്ച നടപടികൾ അദ്ദേഹം ആരംഭിച്ചത്. ഇവയെല്ലാം ഫലം കണ്ടിട്ടുണ്ടെന്നാണ് കണക്കുകളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.