മൂന്നാർ: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിനെ തുടർന്നാണ് നടപടി. ദേവികുളം സബ് കളക്ടർ രാഹുൽ ക്യഷ്ണയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രദേശത്ത് പൊലീസ് ബാരിക്കേടും സ്ഥാപിച്ചു. മൂന്നാർ ഗവ. കോളേജിന് സമീപത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. കാലവർഷം ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് മൂന്നാറിൽ മണ്ണിടിച്ചിൽ ഉണ്ടായത്.
മൂന്നാറിലും സമീപ പ്രദേശങ്ങളിലും കാലവർഷം ശക്തമായിരിക്കുകയാണ്. രണ്ടു ദിവസമായി പെയ്ത മഴയിൽ മുതിരപ്പുഴയാറിൽ സംഗമിക്കുന്ന കന്നിയാറിലും നല്ലതണ്ണിയാറിലും നീരൊഴുക്ക് ശക്തമായി. മുതിരപ്പുഴയിൽ നീരൊഴുക്ക് ശക്തമായതോടെ ഹെഡ്‌വർക്സ് ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നുവിടുകയും ചെയ്തു.
ദേവികുളത്തേക്ക് പോകുന്ന വാഹനങ്ങൾ ഹൈറേഞ്ച് ക്ലബ് വഴിയാണ് പോകേണ്ടത്. മൂന്നാർ-ഉടുമൽപ്പെട്ട അന്തർസംസ്ഥാന പാതയിലെ നയമക്കാടിന് സമീപത്തും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പിന്നീട് പഞ്ചായത്തിന്റെ നേത്യത്വത്തിൽ മണ്ണ് മാറ്റിയാണ് ഇവിടെ ഗതാഗതം പുനസ്ഥാപിച്ചത്. മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിലേക്ക് പോകുന്ന റോഡുകളിലും ചെറിയതോതിൽ മണ്ണിടിച്ചിൽ ഉണ്ടായി. പല മേഖലകളിലും വൈദ്യുതി ബന്ധം തടസപ്പെടുകയും നെറ്റ്‌വർക്ക് കണക്ഷൻ തകരാറിലാകുകയും ചെയ്തു. അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാനായി മൂന്നാർ പഞ്ചാത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. മൂന്നാർ കോളനി പഴയമൂന്നാർ മേഖലകളിൽ താമസിക്കുന്നവർക്കായി സൗകര്യങ്ങൾ ഒരുക്കിയതായി മൂന്നാർ പഞ്ചായത്ത് പ്രസിഡന്റ് മണിമൊഴി വ്യക്തമാക്കി.

