ജിപിടി-4ഒ; ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അപ്‌ഡേറ്റുമായി ഓപ്പൺ എഐ

ചാറ്റ് ജിപിടി ഉപഭോക്താക്കൾക്ക് പ്രധാനപ്പെട്ട അപ്‌ഡേറ്റ് അവതരിപ്പിച്ച് ഓപ്പൺ എഐ. ജിപിടി-4ഒ എന്ന പേരിലാണ് പുതിയ അപ്‌ഡേഷൻ. തിങ്കളാഴ്ചയാണ് പുതിയ എഐ മോഡൽ ഓപ്പൺ എഐ അവതരിപ്പിച്ചത്. ഒംനി എന്ന വാക്കിന്റെ ചുരുക്കമാണ് ഒ എന്നത്. ടെക്സ്റ്റ്, ശബ്ദം, ദൃശ്യം എന്നിവ മെച്ചപ്പെട്ട രീതിയിൽ പ്രൊസസ് ചെയ്യാൻ കഴിവുള്ള എഐ മോഡലാണിതെന്നതാണ് പ്രധാനപ്പെട്ട സവിശേഷത. ജിപിടി 4 ൽ ലഭ്യമായ മുൻനിര കഴിവുകൾ ജിപിടി-4ഒയിലൂടെ സൗജന്യ ഉപഭോക്താക്കളടക്കം എല്ലാവർക്കും ലഭിക്കും.

പുതിയ മോഡലിന്റെ സവിശേഷത ചിത്രങ്ങളും വീഡിയോയും ഉപയോഗിച്ച് മെച്ചപ്പെട്ട രീതിയിൽ ചാറ്റ് ജിപിടിയുമായി സംവദിക്കാനാകും എന്നതാണ്. ഉദാഹരണത്തിന് മറ്റൊരു ഭാഷയിലുള്ള ഹോട്ടൽ മെനു ചിത്രമെടുത്ത് ജിപിടി-4ഒ യ്ക്ക് നൽകിയാൽ അതിലെ കുറിപ്പുകൾ തർജ്ജമ ചെയ്യാനും ഭക്ഷണത്തിന്റെ ചരിത്രം ഉൾപ്പടെയുള്ള കൂടുതൽ വിവരങ്ങൾ അറിയാനും നിർദേശങ്ങൾ തേടാനുമെല്ലാം ഇതിലൂടെ കഴിയുന്നതാണ്. സമാനമായ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചും ജിപിടിയോട് സംവദിക്കാൻ കഴിയും.

ചാറ്റ് ജിപിടിയ്ക്ക് നമ്മളെ കണ്ടുകൊണ്ട് സംസാരിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന സവിശേഷത. തത്സമയ വീഡിയോയിലൂടെ കാണുന്നത് തിരിച്ചറിയാനും വിശകലനം ചെയ്യാനും ജിപിടി 4ഒയ്ക്ക് സാധിക്കും.