General (Page 1,246)

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിസ്താരം നീട്ടിവെക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂർത്തിയായതിന് ശേഷമാകണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഉന്നയിച്ചിട്ടുള്ളത്. കേസിൽ പുതിയ സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി കഴിഞ്ഞയാഴ്ച പ്രോസിക്യൂഷന് അനുമതി നൽകിയിരുന്നു. അഞ്ചു പുതിയ സാക്ഷികളെ കൂടി വിസ്തരിക്കാനുള്ള അനുമതിയാണ് നൽകിയിരുന്നത്.

പത്ത് ദിവസത്തിനകം വിസ്താരം പൂർത്തിയാക്കണമെന്നായിരുന്നു കോടതി നൽകിയ നിർദ്ദേശം. ഈ കാലാവധി ജനുവരി 30 ന് അവസാനിക്കാനിരിക്കെയാണ് പ്രോസിക്യൂഷൻ വിസ്താരം നീട്ടിവെയ്ക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത്. അഞ്ച് സാക്ഷികളിൽ ചിലർക്ക് കോവിഡ് പോസിറ്റീവാണ്. സാക്ഷികളിൽ ഒരാൾ കേരളത്തിന് പുറത്തും. അതിനാൽ തന്നെ പത്ത് ദിവസം കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നും തുടരന്വേഷണവും നടക്കുന്ന സാഹചര്യത്തിൽ വിസ്താരം നടത്തുന്നതിനുള്ള സമയം നീട്ടി നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പടെയുള്ള അഞ്ചു പ്രതികളുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന് തിരിച്ചടി. എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന നിലയിലുള്ള വോട്ട് അവകാശമാണ് ഹൈക്കോടതി റദ്ദാക്കിയത്. മുഴുവൻ അംഗങ്ങൾക്കും ഇനി വോട്ടു ചെയ്യാനുള്ള അവസരം ലഭിക്കും. കമ്പനി നിയമ പ്രകാരമുള്ള ഇളവുകളും കോടതി റദ്ദാക്കി. 1999ൽ വെള്ളാപ്പള്ളി നടേശനാണ് ഈ ഭേദഗതി കൊണ്ടുവന്നത്.

അതേസമയം ഹൈക്കോടതി വിധിയെ വിദ്യാസാഗറും ബിജു രമേശും അനുകൂലിച്ചു. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം. ഇരുന്നൂറ് അംഗങ്ങൾക്ക് ഒരു വോട്ട് എന്നതാണ് നിലവിലെ തെരഞ്ഞെടുപ്പു രീതി. പുതിയ മാനദണ്ഡ പ്രകാരമാണ് ഇനി തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എസ്എൻഡിപിയിൽ തുടരുന്ന സ്വേച്ഛാധിപത്യപരമായ നിലപാടുകൾ അവസാനിപ്പിക്കണമെന്നും കാലത്തിനു അനുയോജ്യമായ ഭരണഘടന എസ്എൻഡിപിക്ക് ആവശ്യമാണെന്ന കേസിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

2008-ൽ ഈ കേസിൽ കോടതി വാദി ഭാഗത്തിന് അനുകൂലമായി വിധിച്ചു. ഭരണഘടന അനിവാര്യം എന്നാണ് എറണാകുളം ജില്ലാ കോടതി വിധിച്ചത്. അത് പ്രാരംഭ വിധിയായിരുന്നു പ്രാരംഭ വിധിയെ ചലഞ്ച് ചെയ്ത് ഹൈക്കോടതിയിൽ എസ്എൻഡിപി ഹർജി ഫയൽ ചെയ്തു. ഫൈനൽ വിധി പാസാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. 2009 മുതൽ ഹൈക്കോടതിയുടെ ഈ സ്റ്റേ തുടരുന്നുണ്ട്.

ഹൂസ്റ്റൻ: അമേരിക്കയിൽ കോവിഡ് കേസുകൾ വർധിക്കുന്നു. കോവിഡ് രോഗികളെ കൊണ്ട് ആശുപത്രികൾ നിറയുന്ന കാഴ്ച്ചയാണ് അമേരിക്കയിൽ കാണാൻ കഴിയുന്നത്. മരണ നിരക്കും വർധിച്ചു കൊണ്ടിരിക്കുകയാണ്. കിഴക്കൻ നഗരങ്ങളിൽ നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും സമീപ ദിവസങ്ങളിൽ കൂടുതൽ കേസുകളെത്തി. വെള്ളിയാഴ്ച വരെ അമേരിക്കയിൽ ഒരു ദിവസം ശരാശരി 720,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മിക്ക ദിവസങ്ങളിലും രണ്ടായിരത്തിലധികം കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

അമേരിക്കയുടെ ചിലഭാഗങ്ങളിൽ കോവിഡ് അതിവേഗത്തിൽ പടരുകയാണ്. നോർത്ത് ഡക്കോട്ടയിൽ പുതിയ അണുബാധകളുടെ റിപ്പോർട്ടുകൾ വർധിക്കുന്നു. അലബാമയിലും യൂട്ടായിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിട്ടുണ്ട്.

അതേസമയം കൻസാസിൽ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതിദിന കേസുകളുടെ നിരക്ക് 50 ശതമാനം വർധിച്ചു. ഒമിക്രോൺ വകഭേദത്തിനൊപ്പം ഞങ്ങളുടെ ആശുപത്രികളിലെ ബുദ്ധിമുട്ട് തങ്ങളുടെ ആരോഗ്യ പ്രവർത്തകരെയും രോഗികളെയും ബാധിക്കുന്നുവെന്ന് ഗവർണർ ലോറ കെല്ലി പറഞ്ഞിരുന്നു. എല്ലായിടത്തും വൈറസ് തങ്ങളുടെ കമ്മ്യൂണിറ്റികളിലൂടെ അതിവേഗം പടരുന്നത് തുടരുകയാണെന്നും കെല്ലി വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാരിനെതിരെ വിമർശനവുമായി എൻഎസ്എസ് രംഗത്തെത്തിയത്. രോഗ വ്യാപനത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയാണെന്ന് പറഞ്ഞാൽ തെറ്റാകില്ലെന്ന് എൻഎസ്എസ് പറഞ്ഞു.

കോളേജുകളിൽ വ്യാപനം ഉണ്ടായിട്ടും പരീക്ഷ മാറ്റുകയോ കോളേജ് അടക്കുകയോ ചെയ്തിട്ടില്ലെന്ന് എൻഎസ്എസ് കുറ്റപ്പെടുത്തി. കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിന് അനുമതി നൽകിയത് അത്യന്തം പ്രതിഷേധാർഹമാണെന്നും എൻഎസ്എസ് അറിയിച്ചു.

രോഗ വ്യാപനം നിയന്ത്രണമാകും വരെ കോളേജുകൾ അടച്ചിടണമെന്ന ആവശ്യവും എൻഎസ്എസ് മുന്നോട്ടുവെച്ചു. അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുകയാണ്. കഴിഞ്ഞ ദിവസം 45,449 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 44.88 ആണ് സംസ്ഥാനത്തെ ടിപിആർ. രോഗവ്യാപനം പടരുന്നതിനൊപ്പം ചികിത്സ പ്രതിസന്ധിയും രൂക്ഷമാകുന്നുണ്ട്. കോഴിക്കോട്ടും ആലപ്പുഴയിലും കോവിഡ് ചികിത്സ പ്രതിസന്ധി രൂക്ഷമായി. കോഴിക്കോട് സ്വകാര്യ- സർക്കാർ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കൽ കോളേജ് ആശുപത്രിയിലും കിടക്കകൾ ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണുള്ളത്.

ന്യൂഡൽഹി: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ഇഷ്ടഗാനം ‘അബൈഡ് വിത്ത് മീ’ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളിൽ നിന്ന് ഒഴിവാക്കിയതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. ഗാനം ഒഴിവാക്കിയത് ഇന്ത്യൻ സംഗീതങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിന് വേണ്ടിയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

‘യേ മേരേ വതൻ കെ ലോഗോൺ’ എന്ന ഗാനമാണ് ‘അബൈഡ് വിത്ത് മീ’ക്ക് പകരമായി റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ ഇന്ത്യൻ സൈന്യം വായിക്കുക. 1962 ലെ ഇന്ത്യാ – ചൈന യുദ്ധത്തിൽ വീരചരമം വരിച്ച ഇന്ത്യൻ സൈനികർക്ക് വേണ്ടി കവി പ്രദീപ് രചിച്ച ഗാനമാണ് ‘യേ മേരേ വതൻ കെ ലോഗോൺ’. 2020 ലെ റിപബ്ലിക്ക് ദിന ആഘോഷ വേളയിൽ തന്നെ അബൈഡ് വിത്ത് മീ ഒഴിവാക്കാൻ കേന്ദ്രം ആലോചിച്ചിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഇത് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നില്ല. ജനുവരി 29 ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റിൽ പരമാവധി ഇന്ത്യൻ ഗാനങ്ങൾ മാത്രമേ സൈനിക ബാൻഡ് വായിക്കുകയുള്ളൂവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

1950 മുതൽ ബീറ്റിംഗ് റിട്രീറ്റിന്റെ ആകർഷണങ്ങളിലൊന്നായിരുന്നു ‘അബൈഡ് വിത്ത് മീ’. സ്‌കോട്ടിഷ് ആംഗ്ലിക്കൽ സാഹിത്യകാരനായ ഹെൻറി ഫ്രാൻസിസ് ക്ഷയം ബാധിച്ച് മരണക്കിടക്കയിൽ കിടന്നപ്പോഴാണ് ഈ ഗാനം രചിച്ചത്. ജീവിതത്തിലും മരണത്തിലും ഒരുപോലെ തുണയാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്ന ഈ ഗാനം ഗാന്ധിജിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ്.

തിരുവനന്തപുരം: സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ നേരിട്ട് നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അഖിലേന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ചട്ട ഭേദഗതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ സംവിധാനത്തിനു കീഴിൽ കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും തുല്യ പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹം കത്തിൽ പറയുന്നു. വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളും വീക്ഷണങ്ങളും ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ സംഘടനകളാൽ രൂപീകരിക്കപ്പെടുന്നവയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എന്നത് ഫെഡറലിസത്തെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുന്നതിനു വിഘാതമാകരുത്. ഭരണഘടനയുടെ ചട്ടക്കൂടിനുള്ളിൽ നിന്നു പ്രവർത്തിക്കാൻ ഏവരും പ്രതിജ്ഞാബദ്ധരാണെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

എന്നാൽ അഖിലേന്ത്യാ സർവീസുകളുടെ ഡെപ്യൂട്ടേഷൻ ചട്ടങ്ങളിലെ നിർദിഷ്ട ഭേദഗതികൾ ഈ ആശയത്തിനു കടകവിരുദ്ധമായ ഫലം സൃഷ്ടിക്കുന്ന ഒന്നാണ്. ഇതു നടപ്പായാൽ സംസ്ഥാന സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കാൻ അഖിലേന്ത്യാ സർവീസ് ഓഫീസർമാരിൽ ഭയപ്പാടും വിമുഖതയും നിസ്സംശയം ഉടലെടുക്കും. കേന്ദ്രത്തിലെ ഭരണകക്ഷിയ്ക്ക് എതിരെ നിൽക്കുന്ന രാഷ്ട്രീയ സംഘടനകൾ നേതൃത്വം നൽകുന്ന സംസ്ഥാന സർക്കാരുകളെ ഇതു ദോഷകരമായി ബാധിക്കും. നിലവിലെ ഡെപ്യൂട്ടേഷൻ ചട്ടങ്ങൾ തന്നെ കേന്ദ്ര സർക്കാരിനു വളരെയധികം മുൻതൂക്കം നൽകുന്ന ഒന്നാണ്. അതേ ദിശയിൽ ഇനിയും നീങ്ങുകയാണെങ്കിൽ ഫെഡറലിസത്തിന്റെ അടിത്തറ തീർത്തും ദുർബലമാകും. അതിനാൽ പുതിയ നിർദ്ദിഷ്ട ഭേദഗതികൾ ഒഴിവാക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അതേസമയം വിഷയവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാരും പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിനെയും പ്രതികളെയും രണ്ടാം ദിനത്തില്‍ ചോദ്യംചെയ്യുന്നത് തുടങ്ങി. രാവിലെ 9 മണിക്കാണ് ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. ദിലീപിന്റെ സഹായി അപ്പുവും സുഹൃത്ത് ബൈജുവും ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിട്ടുണ്ട്.

മൂന്ന് പ്രതികളെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. മൂന്നുപേരുടെയും ഇന്നലത്തെ മൊഴിയിലുണ്ടായ പൊരുത്തുക്കേടുകളെ അടിസ്ഥാനമാക്കിയാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. ദിലീപ്, അനൂപ് സുരാജ് എന്നിവര്‍ ഗൂഢാലോചനയിലെ പ്രധാന കണ്ണികളെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ദിലീപിന്റേതടക്കം അഞ്ച് പ്രതികളുടെയും ഒരാഴ്ച്ചത്തെ ഫോണ്‍ കോളുകള്‍ പരിശോധിക്കുന്നുണ്ട്.

ദിലീപിനും കൂട്ടുപ്രതികള്‍ക്കും പറയാനുളളത് മുഴുവന്‍ കേള്‍ക്കുകയാണ് ഇന്നലെ അന്വേഷണ സംഘം ചെയ്തത്. ദിലീപ് ചോദ്യം ചെയ്യലിനോട് സഹകരിച്ചെങ്കിലും വിശദീകരണം ആവശ്യപ്പെട്ട ചില കാര്യങ്ങളിലെ ദിലീപിന്റെ നിഷേധാത്മക നിലപാട് അന്വേഷണ സംഘത്തെ അലോസരപ്പെടുത്തുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ മറ്റെല്ലാ സർവ്വകലാശാകളും പരീക്ഷകൾ മാറ്റിവെയ്ക്കുമ്പോൾ വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കി കേരള ആരോഗ്യ സർവ്വകലാശാല. അടുത്തമാസം 2 ന് തന്നെ ഒന്നാം വർഷ എംബിബിഎസ് പരീക്ഷ നടത്താനാണ് ആരോഗ്യ സർവ്വകലാശാലയുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പരീക്ഷ നടത്തുമെന്നാണ് സർവ്വകലാശാല അറിയിച്ചിട്ടുള്ളത്. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പരീക്ഷ നീട്ടിവയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

മെഡിക്കൽ കോളേജ് ആശുപത്രികളിലെ ഡോക്ടർമാരുൾപ്പെടെയുളള ആരോഗ്യപ്രവർത്തകരിൽ രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യമാണ്ഇപ്പോഴുള്ളത്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഒന്നാംവർഷ എംബിബിഎസ്സുകാർ മിക്കവരും പേ വാർഡിൽ ചികിത്സയിലാണ്. ഈ സാഹചര്യത്തിൽ പരീക്ഷ എഴുതുന്നത് എങ്ങനെയാണെന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക. പരീക്ഷയിൽ തോറ്റാൽ ഒരു വർഷമാണ് വിദ്യാർത്ഥികൾക്ക് നഷ്ടമാകുക. സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് ഫീസിനത്തിൽ ചെലവിട്ട ലക്ഷങ്ങളും നഷ്ടമാകും. ഇതെല്ലാം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ സർവ്വകലാശാല വൈസ് ചാൻസലർക്ക് കത്ത് സമർപ്പിച്ചിട്ടുണ്ട്.

അതേസമയം അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തുന്ന പരീക്ഷയായതിനാൽ കേരളത്തിൽ മാത്രം തിയ്യതി പുനക്രമീകരിക്കാൻ കഴിയില്ലെന്നും നിലവിലെ സാഹചര്യങ്ങൾ അടുത്താഴ്ച ബോർഡ് ഓഫ് സ്റ്റഡീഡ് യോഗം ചേർന്ന് സർക്കാരിനെ ബോധിപ്പിക്കുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധിതർക്ക് പിപിഇ കിറ്റ് ധരിച്ച് പ്രത്യേക മുറിയിലിരുന്ന് പരീക്ഷയെഴുതാമെന്നും സർവ്വകലാശാല നിർദ്ദേശിക്കുന്നു.

ന്യൂഡൽഹി: ഇന്ത്യാഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ചാണ് സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു.

ഗ്രാനൈറ്റ് ശിലയിൽ തീർത്ത പ്രതിമ സ്ഥാപിക്കുന്നതുവരെ നേതാജിയുടെ ഹോളോഗ്രാം പ്രതിമ ഇവിടെ തുടരും. ഇതിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നും അദ്ദേഹം അറിയിച്ചു. ബ്രിട്ടീഷുകാർക്ക് മുന്നിൽ തലകുനിക്കാൻ വിസമ്മതിച്ച ആളാണ് നേതാജി. അദ്ദേഹത്തിന്റെ പ്രതിമ ജനാധിപത്യ മൂല്യങ്ങൾക്കും ഭാവി തലമുറകൾക്കും പ്രചോദനമാകും. ഇതൊരു ചരിത്ര സ്ഥലവും ചരിത്ര സന്ദർഭവുമാണ്. നേതാജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മൾ മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം ഇതു വെറുമൊരു പ്രതിമയല്ലെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി എല്ലാം നൽകിയ നേതാജിക്കുള്ള ഉചിതമായ ആദരവാണെന്നും അമിത് ഷാ പറഞ്ഞു.

ലേസർ വെളിച്ചം പ്രസരിപ്പിച്ച് രൂപപ്പെടുത്തുന്ന നേതാജിയുടെ ഹോളോഗ്രം പ്രതിമയാണ് ആദ്യഘട്ടത്തിൽ ഇന്ത്യാഗേറ്റിൽ സ്ഥാപിച്ചത്. ഗ്രാനൈറ്റിൽ തീർക്കുന്ന പ്രതിമയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. 28 അടി ഉയരവും 6 അടി വീതിയുമുള്ള പ്രതിമയാണ് ഗ്രാനൈറ്റിൽ നിർമ്മിക്കുന്നത്.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി നെയ്യാറ്റിൻകര ബിഷപ്പ്. കേസിൽ നടൻ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ദിലീപുമായും സംവിധായകൻ ബാലചന്ദ്രകുമാറുമായും തനിക്ക് ബന്ധമില്ലെന്നും നെയ്യാറ്റിൻകര ബിഷപ്പ് പറഞ്ഞു. വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് നെയ്യാറ്റിൻകര അഭ്യർത്ഥിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് നെയ്യാറ്റിൻകര രൂപത ഇക്കാര്യം അറിയിച്ചത്.

സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട കേസിൽ നടന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ പേര് പരാമർശിച്ചതായി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ കേസിലെ പ്രതിയുമായോ, സിനിമാനടൻ ആരോപണം ഉന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ലെന്ന് നെയ്യാറ്റിൻകര രൂപത വ്യക്തമാക്കി. ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വാർത്തകൾ വിരുദ്ധവുമാണ്. അതിനാൽ ബിഷപ്പിനെ ഇത്തരം വിഷയങ്ങളിൽ വലിച്ചിഴക്കുന്നത് ഒഴിവാക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

നെയ്യാറ്റിൻകര രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിന്റെ പൂർണ്ണരൂപം:

സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട കേസിൽ നടന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവലിന്റെ പേര് പരാമർശിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ കേസിലെ പ്രതിയുമായോ, സിനിമാനടൻ ആരോപണം ഉന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിൻകര ബിഷപ്പിന് യാതൊരു ബന്ധവുമില്ല.

ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാസ്തവ വാർത്തകൾ വിരുദ്ധവുമാണ്. അതിനാൽ ബിഷപ്പിനെ ഇത്തരം വിഷയങ്ങളിൽ വലിച്ചിഴക്കുന്നത് ഒഴിവാക്കണം