ടോക്കിയോ ഒളിമ്പിക്‌സ്; ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് പ്രോത്സാഹനം നൽകണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായികതാരങ്ങൾക്ക് മികച്ച പിന്തുണയും പ്രോത്സാഹനവും നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഒളിമ്പിക്‌സിൽ ത്രിവർണ്ണ പതാക പാറി പറന്നപ്പോൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർന്നു. എല്ലാ താരങ്ങൾക്കും മികച്ച വിജയം കരസ്ഥമാക്കാൻ കഴിയട്ടേയെന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.

കാർഗിൽ വിജയ് ദിവസിനെ കുറിച്ചു അദ്ദേഹം സംസാരിച്ചു. നാളത്തെ കാർഗിൽ വിജയ് ദിവസിൽ രാജ്യത്തിന് അഭിമാനമുണ്ടാക്കാൻ വേണ്ടി ജീവത്യാഗം ചെയ്തവർക്ക് ആദരാഞ്ജലികൾ അർപ്പിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. കാർഗിൽ യുദ്ധത്തെക്കുറിച്ച് വായിക്കാനും ധീരയോദ്ധാക്കളെ ഓർമ്മിക്കാനും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. സായുധ സേനയുടെ വീര്യത്തിന്റെയും അച്ചടക്കത്തിന്റെയും പ്രതീകമാണ് കാർഗിൽ യുദ്ധമെന്നും അദ്ദേഹം വ്യക്തമാക്കി.

മൻ കി ബാത്തിൽ സന്ദേശങ്ങളും നിർദ്ദേശങ്ങളും അയയ്ക്കുന്നതിൽ 75 ശതമാനവും 35 വയസിന് താഴെയുള്ളവരാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. അതിനർത്ഥം ഇന്ത്യയിലെ യുവാക്കളുടെ കാഴ്ചപ്പാടുകളിലൂടെയാണ് മൻ കി ബാത്ത് മുന്നോട്ടുപോകുന്നത് എന്നാണ്. വോക്കൽ ഫോർ ലോക്കൽ പോലുള്ളവയിലൂടെ രാജ്യത്തെ കൂടുതൽ ശക്തിയോടെ കെട്ടിപ്പടുക്കാൻ കഴിയുമെന്നും പ്രാദേശിക സംരംഭകർ, കലാകാരന്മാർ, കരകൗശല വിദഗ്ദ്ധർ, നെയ്ത്തുകാർ എന്നിവരെ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

ചെറിയ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ പോലും വർഷങ്ങൾ എടുത്തിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സാങ്കേതിക വിദ്യകൾ കാരണം രാജ്യത്തെ സ്ഥിതി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.