ബംഗ്ലാദേശിന് പിന്നാലെ ശ്രീലങ്കയും: നിക്ഷേപം നടത്താൻ കിറ്റെക്‌സ് ഗ്രൂപ്പിന് ക്ഷണം

കൊച്ചി: കിറ്റക്‌സ് ഗ്രൂപ്പിനെ നിക്ഷേപം നടത്താൻ ക്ഷണിച്ച് ശ്രീലങ്കയും. ഇതിന്റെ ഭാഗമായി ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരൻ കിറ്റക്‌സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബുമായി കൂടിക്കാഴ്ച നടത്തി. കൊച്ചിയിലെത്തിയാണ് ദൊരേ സ്വാമി കിറ്റെക്‌സ് എംഡിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ന് രാവിലെയാണ് അദ്ദേഹം കൊച്ചിയിൽ എത്തിയത്.

ബംഗ്ലാദേശിന് പിന്നാലെയാണ് ശ്രീലങ്കയും കിറ്റെക്‌സിനെ നിക്ഷേപം നടത്താൻ ക്ഷണിച്ചിരിക്കുന്നത്. ശ്രീലങ്കയിൽ നിക്ഷേപം നടത്തിയാൽ കിറ്റക്‌സിന്റെ വ്യവസായത്തിന് വേണ്ട എല്ലാ സഹകരണങ്ങളും ഡെപ്യൂട്ടി ഹൈക്കമ്മീഷണർ വാഗ്ദാനം ചെയ്തായാണ് വിവരം. ഇതിന് പിന്നാലെയാണ് ശ്രീലങ്കയും ക്ഷണവുമായി എത്തിയിരിക്കുന്നത്. ശ്രീലങ്ക നൽകിയ ഓഫറിൽ കിറ്റെക്‌സ് ഇതുവരെ മറുപടി നൽകിയിട്ടില്ല.

തെലങ്കാനയിൽ 1000 കോടിയുടെ പദ്ധതികളാണ് കിറ്റക്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്, മധ്യപ്രദേശ്, ആന്ധ്ര, കർണാടക ഉൾപ്പെടെയുള്ള എട്ട് സംസ്ഥാനങ്ങൾ കിറ്റക്‌സിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ക്ഷണം ലഭിച്ചതായാണ് കിറ്റെക്‌സ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.