General (Page 1,296)

ന്യൂഡൽഹി: കേരളം ഉൾപ്പെടെ 10 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു.

വിവാഹം, ആഘോഷ പരിപാടികൾ തുടങ്ങിയവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താനും രാത്രികാല കർഫ്യൂ അടക്കമുള്ള നടപടികൾ കർശനമാക്കണമെന്നും നിർദ്ദേശമുണ്ട്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ രാജ്യത്തെ മൂന്നു സംസ്ഥാനങ്ങളിലെ എട്ടു ജില്ലകളിൽ ടി.പി.ആർ 10 ശതമാനത്തിനും മുകളിലാണ്. ഏഴു സംസ്ഥാനങ്ങളിലെ 19 ജില്ലകളിൽ ടി.പി.ആർ അഞ്ചിനും പത്തിനും ഇടയിലാണ്.

കേരളത്തിൽ കോട്ടയം, വയനാട്, ഇടുക്കി, കൊല്ലം, എറണാകുളം, കണ്ണൂർ, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ടി.പി.ആർ ഉയർന്നു നിൽക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത്. അതീവ ജാഗ്രത വേണമെന്നും കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി നിയന്ത്രണം കർശനമാക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

covid

തിരുവനന്തപുരം: കോവിഡ് മരണവുമായി ബന്ധപ്പെട്ടുള്ള നിർണായക കണക്കുകൾ പുറത്ത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് മരണം സംഭവിച്ച രണ്ടാമത്തെ സംസ്ഥാനമായിരിക്കുകയാണ് കേരളം. 42,579 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചോ അതിനെത്തുടർന്നുള്ള ശാരീരിക അവശതകളെ തുടർന്നോ മരിച്ചതെന്നാണ് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് കണക്കുകളിൽ ഉൾപ്പടാതിരുന്ന മരണങ്ങൾ അപ്പീൽ വഴി സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ കോവിഡ് മരണനിരക്ക് ഉയർന്നത്. സംസ്ഥാനത്തെ കോവിഡ് മരണങ്ങൾ ആരോഗ്യവകുപ്പ് പൂഴ്ത്തിവെക്കുകയോ മരണം കോവിഡ് കണക്കിൽ ഉൾക്കൊള്ളിക്കാതെ ഒഴിവാക്കിയെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളാണ് ഇതോടെ സത്യമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

ആറുമാസങ്ങൾക്ക് മുൻപ് 0.41 ശതമാനമായിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെയും അതിനെ തുടർന്ന് മരിച്ചവരുടെയും അനുപാതമായ കേസ് ഫാറ്റിലിറ്റി നിരക്ക്. എന്നാൽ നിലവിൽ ഇത് 0.81 ശതമാനമായി ഉയർന്നുവെന്നും കണക്കുകളിൽ നിന്നും വ്യക്തമാകുന്നു. 51 ലക്ഷം പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 42579 പേർക്ക് കോവിഡ് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു.

സർക്കാർ കണക്കുകളിൽ ഉൾപ്പെടാതിരുന്ന 12826 മരണങ്ങളാണ് പുതുതായി കൂട്ടിച്ചേർത്തിരിക്കുന്നത്. ആശുപത്രികളിൽ നിന്ന് ഒഴിവാക്കിയവർ, ജില്ലകളിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും സംസ്ഥാന തലത്തിൽ ഒഴിവാക്കിയവർ, കേന്ദ്രസർക്കാരിന്റെ പുതുക്കിയ മാർഗനിർദ്ദേശ പ്രകാരം ഉൾപ്പെടുത്തിയവർ എന്നിവരെ ചേർത്ത് വിപുലപ്പെടുത്തിയ പട്ടികയിലാണ് ഇത്രത്തോളം മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് കൃത്യമായി കോവിഡ് മരണം രേഖപ്പെടുത്തുന്നുണ്ടെന്നും കുറഞ്ഞ മരണനിരക്കാണ് സംസ്ഥാനത്തുള്ളതെന്നുമായിരുന്നു സർക്കാർ ഉന്നയിച്ചിരുന്ന വാദം. എന്നാൽ ഇതെല്ലാം പൊള്ളത്തരമായിരുന്നുവെന്നാണ് ഇപ്പോഴത്തെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ന്യൂഡൽഹി: ഇന്ത്യയുടെ വികസനം കുതിപ്പിന് വേഗം പകർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരണാസിയിൽ പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം നവീകരിച്ച് അതിവിശാലമാക്കിയ ഇടനാഴിയുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 800 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.

2700 ചതുരശ്രഅടി ആയിരുന്ന ക്ഷേത്രം 5 ലക്ഷം ചതുരശ്ര അടി വിസ്താരത്തിൽ മഹാ സമുച്ചയം ആക്കുന്നതാണ് പദ്ധതി. സെൻട്രൽ വിസ്ത ഡിസൈൻ ചെയ്ത ബീമ പട്ടേലാണ് മഹാക്ഷേത്രത്തിന്റെ നവീകരണത്തിന് നേതൃത്വം നൽകുന്നത്.

നിർമ്മാണം പൂർത്തിയാകുന്നതോടെ ഒരേസമയം 50000-75000 പേർക്ക് ക്ഷേത്രത്തിൽ ദർശനം നടത്താം. ഭക്തജനങ്ങൾക്ക് ധ്യാനം നടത്താനും വിശ്രമിക്കാനും വേണ്ടി പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 2018 ൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി 60 ചെറിയ ക്ഷേത്രങ്ങൾ പദ്ധതിയുടെ ഭാഗമായി. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലും വിപുലമായ ലക്ഷ്യങ്ങളാണ് ഉള്ളത്. ക്ഷേത്രത്തിലേക്ക് ഗംഗാനദിയിൽ നിന്ന് മൂന്നു ഗേറ്റുകളും നദിയിൽ നിന്നും കരകയറാൻ എസ്കലേറ്ററുകളും റാമ്പുകളും ഉണ്ടായിരിക്കും. ഗംഗാ വ്യൂ ഗാലറിയും ആരതി ഘട്ടും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസികൾക്കെതിരെ വിമർശനവുമായി മുൻമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എംഎം മണി. ഇടമലക്കുടിയിലെ ആദിവാസികൾ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്നായിരുന്നു എം എം മണിയുടെ പരാമർശം. മൂന്നാറിൽ നടന്ന സിപിഎം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇടമലക്കുടിയിലെ ആദിവാസികൾക്കെതിരെ വിമർശനം ഉന്നയിച്ചത്.

ഇടമലക്കുടിയെ ഇടമലക്കുടി ആക്കിയത് എൽഡിഎഫ് സർക്കാരാണ്. ഇപ്പോൾ ബിജെപിയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇനിയുള്ള വികസനം അവർ തന്നെ ചെയ്യട്ടെയെന്നാണ് മണി പറയുന്നത്. പാർട്ടിയുടെ നേത്യത്വത്തിൽ സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ ജനക്ഷേമ പ്രവർത്തനങ്ങൾ നിരവധിയാണ് നടത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഇടമലക്കുടിയിൽ കോടിക്കണക്കിന് രൂപയുടെ ക്ഷേമ പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കിയത്. ഇടമലക്കുടിയെ ഇടമലക്കുടിയാക്കിയത് എൽഡിഎഫ് സർക്കാരാണ്. എന്നാൽ എൽഡിഎഫിന് വോട്ട് രേഖപ്പെടുത്താതെ ബിജെപിയെ വിജയിപ്പിച്ച ഇടമലക്കുടിയിലെ ആദിവാസികൾ ചരിത്രബോധമില്ലാത്ത വിഡ്ഢികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോടികൾ മുടക്കിയാണ് ഇടമലക്കുടിയിലെ കുടികളിൽ വൈദ്യതി എത്തിച്ചതെന്നും നിലവിലെ സാഹചര്യത്തിൽ എൽഡിഎഫിന് ഇടമലക്കുടിയിൽ മെച്ചപ്പെട്ട നിലയിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖലയിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പനാജി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയിൽ സ്വാധീനം ശക്തമാക്കാനുള്ള തന്ത്രങ്ങളുമായി തൃണമൂൽ കോൺഗ്രസ്. മൊബൈൽ വലിയ പ്രഖ്യാപനങ്ങളാണ് തൃണമൂൽ കോൺഗ്രസ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ സ്ത്രീകൾക്ക് 5000 രൂപ നൽകുമെന്നാണ് പ്രഖ്യാപനം. പണം സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ആയിരിക്കും നൽകുക. പദ്ധതിപ്രകാരം വീടുകളിലെ ഗൃഹനാഥനായ സ്ത്രീക്ക് ഈ മാസം 5000 രൂപ ലഭിക്കും.

പശ്ചിമബംഗാളിൽ ഈ പദ്ധതി വിജയകരമായി പരീക്ഷിച്ചതാണെന്നും തൃണമൂൽ കോൺഗ്രസ് അറിയിക്കുന്നു. സാമ്പത്തിക നൊബേൽ പുരസ്കാരം നേടിയ അഭിജിത്ത് ബാനർജിയുടെ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീകളുടെ കയ്യിൽ പണം ലഭിച്ചാൽ അവർക്ക് വസ്ത്രങ്ങളും മരുന്നുകളും വാങ്ങാൻ കഴിയുമെന്നും ഈ പണം സമ്പദ് വ്യവസ്ഥയിലേക്ക് പോകുമെന്നും തൃണമൂൽ എംപി മഹുവാ മൊയ്‌ത്ര വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരാനുള്ള മാർഗം പ്രാദേശിക സമ്പദ് വ്യവസ്ഥയിലേക്ക് പണം എത്തിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റേയും പത്‌നി മധുലിക റാവത്തിന്റെയും ചിതാഭസ്മം നിമഞ്ജനം ചെയ്തു. മക്കളായ കൃതിക, തരിണി എന്നിവർ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെത്തിയാണ് ചിതാഭസ്മം നിമഞ്ജനം ചെയ്തത്. ഹരിദ്വാറിലെത്തി മതാചാരപ്രകാരം ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം ഇരുവരും മടങ്ങി. അതേസമയം അപകടം നടന്ന ഹെലികോപ്റ്ററിന്റെ പൈലറ്റ് വിംഗ് കമാൻഡർ പൃഥ്വി സിംഗ് ചൗഹാന്റെ മൃതദ്ദേഹം ജന്മനാടായ ആഗ്രയിലും അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ പ്രദീപ് അറയ്ക്കല്ലിന്റെ മൃതദേഹം തൃശ്ശൂരിലെ വീട്ടിലും സംസ്‌കരിച്ചു. ബിപിൻ റാവത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായ ലാൻസ് നായിക് സായ് തേജയുടെ മൃതദേഹം ബംഗളൂരുവിൽ എത്തിച്ചു. ഞായറാഴ്ച്ച പുലർച്ചയോടെ അദ്ദേഹത്തിന്റെ മൃതദേഹം സ്വദേശമായ ആന്ധ്രയിലെ ചിറ്റൂരിലേക്ക് കൊണ്ടുപോകും.

അപകടത്തിൽ മരണപ്പെട്ടവരിൽ ഇനി അഞ്ചു പേരെ കൂടിയാണ് തിരിച്ചറിയാനുള്ളത്. ഹെലികോപ്ടർ അപകടം ഉണ്ടാകാനുള്ള കാരണത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഹെലികോപ്റ്റർ ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ തയ്യാറായേക്കുമെന്നാണ് വിവരം. ഫ്‌ളൈറ്റ് ഡേറ്റ റെക്കോർഡർ, കോക്ക്പിറ്റ് റെക്കോർഡർ എന്നിവ പരിശോധിക്കാനുള്ള നടപടികളും നടക്കുന്നുണ്ട്.

ബുധനാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. സുലൂരിലെ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണ്ണിലുള്ള ഡിഫൻസ് സർവ്വീസ് കോളേജിലേക്കുള്ള യാത്രക്കിടെയാണ് അപകടം. നീലഗിരിയിലെ കുനൂർ കട്ടേരിക്ക് സമീപമാണ് അപകടമുണ്ടായത്. വ്യോമസേനയുടെ എംഐ ശ്രേണിയിലുള്ള 17v5 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ വ്യക്തമാക്കി. ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേരാണ് അപകടത്തിൽ മരിച്ചത്. ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. സർക്കാരിന്റെ സമ്മർദങ്ങൾക്കു വഴങ്ങിയാണ് കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ താൻ തീരുമാനമെടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

വൈസ് ചാൻസലറെ നിയമിക്കാനുള്ള സെർച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂർ വിസിക്ക് പുനർനിയമനം നൽകാൻ സർക്കാർ ഗവർണർക്ക് ശുപാർശ നല്കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഭരണത്തലവനായ ഗവർണർ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിനു പുറമെ കാലടി സർവകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാൻ സർക്കാർ നിർബന്ധിച്ചെന്ന ഗവർണറുടെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം തന്നെ മാറ്റി മുഖ്യമന്ത്രി തന്നെ ‘ചാൻസലറായിക്കൊള്ളൂ’ എന്ന് ഗവർണർക്ക് പറയേണ്ടിവന്നത് സംസ്ഥാനത്തെ നിയമവാഴ്ചയുടെ സമ്പൂർണ്ണ തകർച്ചയാണ് വ്യക്തമാക്കുന്നതെന്ന് വി എം സുധീരൻ കുറ്റപ്പെടുത്തി. സർവ്വകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും യുജിസി മാർഗ്ഗനിർദ്ദേങ്ങൾക്കും വിരുദ്ധമായി കേവലം സങ്കുചിത രാഷ്ട്രീയതാൽപര്യം മാത്രം മുൻനിർത്തിക്കൊണ്ട് വൈസ് ചാൻസലർ നിയമനങ്ങൾ ഉൾപ്പെടെയുള്ള തെറ്റായ നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനേറ്റ കനത്ത പ്രഹരമാണ് ബഹു.മുഖ്യമന്ത്രിയ്ക്കുള്ള ഗവർണറുടെ കത്ത്. ഉന്നത വിദ്യാഭ്യാസരംഗത്ത് നിലവിലുള്ള അരാജകാവസ്ഥയുടെ പച്ചയായ പ്രതിഫലനം കൂടിയാണിതെന്ന് അദ്ദേഹം വിമർശിച്ചു.

ഇനിയെങ്കിലും സർക്കാർ തെറ്റുതിരുത്തണം. വൈസ് ചാൻസലർ നിയമനങ്ങൾ ഉൾപ്പെടെയുള്ള തെറ്റായ സർവ്വ നടപടികളും റദ്ദാക്കുകയും വേണം. അർഹതയില്ലാത്തവരെ സർവ്വകലാശാലാ ഉന്നത തലങ്ങളിൽ തിരികിക്കയറ്റാനുള്ള എല്ലാ നിർദ്ദേശങ്ങളും നടപടികളും പിൻവലിച്ചേ മതിയാകൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസം മുതൽ ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഭക്ഷ്യപൊതുവിതരണ വകുപ്പ് താൽക്കാലികമായി റദ്ദ് ചെയ്ത റേഷൻകടകൾ സംബന്ധിച്ച ഫയൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിച്ച അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷ്യ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളാണ് സർക്കാർ നടപ്പിലാക്കി വരുന്നത്. സിവിൽ സപ്ലൈസ് വകുപ്പും ഇതിനോട് ചേർന്ന് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. വകുപ്പും വകുപ്പിലെ ജീവനക്കാരും ജനങ്ങളുമായി അടുത്ത് നിന്ന് അവർക്ക് വേണ്ട സേവനങ്ങൾ ഉറപ്പ് വരുത്തുന്നുണ്ട്. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളിൽ ഏർപ്പെടുത്തിയ ഫ്രണ്ട് ഓഫീസ് സംവിധാനം വിവിധ പരാതികളുമായി ബന്ധപ്പെട്ട് എത്തുന്ന ജനങ്ങൾക്ക് ആശ്വാസമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇ-റേഷൻ കാർഡ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ പൊതുജനങ്ങൾക്ക് റേഷൻ കടയുമായി ബന്ധപ്പെട്ട പരാതികളും മറ്റും നൽകുന്നതിന് അവസരമുണ്ട്. ജനങ്ങൾക്ക് റേഷൻ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ, ആവശ്യങ്ങൾ എന്നിവ അപേക്ഷയായി ഓരോ റേഷൻ കടയ്ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിക്കാം. വിവിധ ആവശ്യങ്ങളുമായി താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കാൻ വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുകയും സത്വര പരിഹാരം കണ്ടെത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഏഴാമത്തെ അദാലത്താണ് ജില്ലയിൽ സംഘടിപ്പിച്ചത്. അദാലത്തിൽ ഉത്തര മേഖല ഡെപ്യൂട്ടി കൺട്രോളർ ഓഫ് റേഷൻ കെ മനോജ് കുമാർ, സിവിൽ സപ്ലൈസ് കമ്മീഷണർ ഡി സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസർ ടി അയ്യപ്പദാസ്, മന്ത്രിയുടെ അഡീഷണൽ പേഴ്സണൽ സെക്രട്ടറി നജ്മുദ്ദീൻ, താലൂക്ക് സപ്ലൈ ഓഫീസർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അദാലത്തിൽ ആകെ 97 കേസുകളാണ് പരിഗണിച്ചത്. ഇതിൽ 37 എണ്ണത്തിൽ തീരുമാനമായി. 41 കേസുകൾക്ക് അനുബന്ധ നടപടിക്രമങ്ങൾക്കായി സമയം അനുവദിച്ചു. പുതിയ റേഷൻ കട അനുവദിക്കുന്നതിനായി 17 കേസുകളിൽ വിജ്ഞാപനം നൽകാൻ അനുമതിയായി. രണ്ട് കേസുകൾ വകുപ്പ് കമ്മീഷണറുടെ തീർപ്പിനായി മാറ്റിവെച്ചു.

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്തുണ അറിയിച്ച് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരൻ. സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടുകൾക്കാണ് അദ്ദേഹം പിന്തുണ അറിയിച്ചത്. ഗവർണറുടെ നിലപാടിനോട് നൂറുശതമാനം യോജിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ചാൻസലറുടെ അധികാരം ഭരണഘടനാദത്തമാണ്. സർക്കാരിന്റെ ഔദാര്യമല്ല. ഗവർണർക്ക് പൂർണപിന്തുണ നൽകുമെന്നും സുധാകരൻ അറിയിച്ചു. അതേസമയം ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തി അറിയിച്ചാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്. പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലുകളെ തുടർന്നാണ് ഗവർണർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സർവകലാശാലകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുന്നത് തെറ്റാണ്. വേണമെങ്കിൽ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാം, അല്ലെങ്കിൽ സ്ഥാനം ഒഴിഞ്ഞു തരാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ അതൃപ്തിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. ഇക്കാര്യം വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. രാഷ്ട്രീയ ഇടപെടൽ തുടർന്നാൽ ചാൻസിലർ പദവി ഒഴിയാൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം കത്തയച്ചിരിക്കുന്നത്. പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

കണ്ണൂർ, കാലടി സർവകലാശാലകളിലെ വൈസ് ചാൻസിലർ നിയമനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഇടപെടലുകളെ തുടർന്നാണ് ഗവർണർ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. സർവകലാശാലകളിൽ ഇത്തരത്തിലുള്ള പ്രവണതകൾ തുടരുന്നത് തെറ്റാണ്. വേണമെങ്കിൽ ചാൻസിലർ പദവിയിൽ നിന്ന് മാറ്റാം, അല്ലെങ്കിൽ സ്ഥാനം ഒഴിഞ്ഞു തരാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരത്തിൽ മുന്നോട്ടുപോയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കത്തിൽ അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കാലടി സർവകലാശാല വിസി നിയമനത്തിൽ സർക്കാർ നടത്തിയ ഇടപെടലാണ് ഗവർണറെ പ്രകോപിപ്പിച്ചത്. സർവകലാശാല വിസിയെ കണ്ടെത്തുന്നതിനായി ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വികെ രാമചന്ദ്രന്റെ നേതൃത്വത്തിൽ ഒരു സെർച്ച് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. യൂണിവേഴ്‌സിറ്റി ആക്ട് പ്രകാരം സെർച്ച് കമ്മിറ്റി രണ്ട് മാസത്തിനകം പട്ടിക നൽകണമെന്നാണ് ചട്ടം. എന്നാൽ രണ്ട് മാസക്കാലത്തിനിടയിൽ ഒരു പേര് പോലും കമ്മിറ്റിക്ക് നിർദേശിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് സർക്കാർ തന്നെ ഒരു പേര് കണ്ടെത്തി ഗവർണർക്ക് അയച്ചു കൊടുക്കുകയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ഗവർണർ തയ്യാറായിരുന്നില്ല.