General (Page 1,245)

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ച് ഹൈക്കോടതി. പ്രോസിക്യൂഷന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി സാക്ഷി വിസ്താരത്തിന് 10 ദിവസം കൂടി അനുവദിച്ചത്. സാക്ഷികളിൽ ചിലർ മറ്റ് സംസ്ഥാനങ്ങളിലാണെന്നും ഒരാൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സാക്ഷിവിസ്താരത്തിനായി ജനുവരി 27 മുതൽ പത്ത് ദിവസം കോടതി കൂടുതലായി അനുവദിച്ചത്.

നടിയെ ആക്രമിച്ച കേസിൽ ജനുവരി 22 നാണ് വിചാരണക്കോടതിയിൽ സാക്ഷിവിസ്താരം ആരംഭിച്ചത്. പുതിയ സാക്ഷികളുടെ വിസ്താരം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ മൂന്നാം ദിവസവും ചോദ്യം ചെയ്തു. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാട് തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.

തിരുവനന്തപുരം: കോവളം ബീച്ചിനെ സാഹസിക ജലകായിക വിനോദങ്ങളുടെ ഹബ്ബാക്കി മാറ്റാനുള്ള പദ്ധതിയുടെ നടപടികൾ ആരംഭിച്ച് ടൂറിസം വകുപ്പ്. ടൂറിസം വകുപ്പും ഡിടിപിസിയും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ജല കായിക ഹബ് ഒരുക്കുന്നത്. സർഫിങ്, സ്‌കൂബാ ഡൈവിങ് തുടങ്ങിയവ കോവളത്ത് ആരംഭിക്കും. ഹബ് ഒരുക്കുന്നതിന്റെ ഭാഗമായി ജല കായിക വിനോദങ്ങൾ നടത്താൻ ഫ്ളോട്ടിങ് ജെട്ടി നിർമിക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചു.

സാഹസിക ജല സ്‌പോർട്‌സിന്റെ ഫെസിലിറ്റേഷൻ സെന്ററായി ഫ്ലോട്ടിങ് ജെട്ടി പ്രവർത്തിക്കും. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കാൻ ഹാർബർ എൻജിനിയറിങ് ഡിവിഷന് ടൂറിസ് വകുപ്പ് നിർദ്ദേശം നൽകി. സാഹസികതയ്ക്ക് താൽപ്പര്യമില്ലാത്തവർക്കായി മറ്റ് പദ്ധതികളും ഒരുക്കുന്നുണ്ട്. ഇവർക്കായി സൺബാത്തും കടൽ കാണാനും സുരക്ഷിതമായി കടലിൽ നീന്താനുമുള്ള സൗകര്യവും സജ്ജമാക്കും.

അതേസമയം കോവളത്തെ ടൂറിസ്റ്റ് വിവര കേന്ദ്രത്തിനും ഗസ്റ്റ് ഹൗസിനും സമീപത്തുള്ള ഡിടിപിസിയുടെ സൈലന്റ് വാലി കേന്ദ്രത്തിലും പുതിയ സൗകര്യങ്ങൾ എത്തും. നാലു കോടി രൂപ ചെലവിട്ടാണ് ഇവിടെ പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. സ്പാ, കോഫി ഷോപ്, ലൈബ്രറി തുടങ്ങിയവയുടെ പ്രവർത്തനം ആരംഭിക്കും. കടലിനോട് ചേർന്ന് വിവാഹം പോലെയുള്ള ചടങ്ങുകൾ നടത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. മൂന്നാം ദിവസമാണ് ദിലീപിനെയും കൂട്ടുപ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. രാത്രി 8 മണിവരെ ചോദ്യം ചെയ്യൽ തുടരുമെന്നാണ് വിവരം.

അതേസമയം ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ എടവനക്കാട് തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി. ഉച്ചയോടെ കൂടുതൽ പേരെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തുമെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.

ഒരു വർഷത്തിനിടയിൽ പ്രതികൾ വിളിച്ച ഫോൺകോളുകളുടെ വിശദാംശങ്ങളും ക്രൈംബ്രാഞ്ച് സംഘത്തിന്റെ പക്കലുണ്ട്. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ ചോദ്യം ചെയ്യൽ കടുപ്പമാകും. നടിയെ ആക്രമിച്ച കേസിൽ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള സമയ പരിധി ഹൈക്കോടതി നീട്ടി നൽകിയിട്ടുണ്ട്. ജനുവരി 27 മുതൽ 10 ദിവസത്തേക്കാണ് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

ലണ്ടൻ: ബ്രിട്ടണിൽ കൂടുതൽ ഇളവുകൾ. രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദേശസഞ്ചാരികളെ നിർബന്ധിത കോവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനം എന്നു മുതലാണ് നടപ്പിലാക്കുകയെന്ന കാര്യം വ്യക്തമല്ല.

ബ്രിട്ടൻ സഞ്ചരിക്കുന്ന എല്ലാ വിദേശസഞ്ചാരികളും നിർബന്ധിത കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടീഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധന ഉണ്ടായിരുന്നു. വാക്‌സിൻ എടുത്തവർക്കും ഇത്തരത്തിൽ കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഹാജരാക്കണം. ഏതാനും ദിവസങ്ങളായി ബ്രിട്ടണിലെ കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ഇളവ് നൽകാൻ അധികൃതർ തീരുമാനിച്ചത്.

അതേസമയം ബ്രിട്ടൻ സഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നു എന്ന പ്രതീതി ജനിപ്പിക്കേണ്ടത് രാജ്യത്തെ സാമ്പത്തികസ്ഥിതി മെച്ചമാക്കുന്നതിൽ നിർണായകമാണെന്ന് ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു. ബ്രിട്ടന്റെ ഗതാഗതമന്ത്രി പുതിയ തീരുമാനത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ പാർലമെന്റിൽ ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ന്യൂഡൽഹി: ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഡൽഹി കോടതിയാണ് ഷർജീൽ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലും ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലും നടത്തിയ വർഗ്ഗീയ പ്രസംഗത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഡൽഹി കോടതിയുടെ നടപടി. കഴിഞ്ഞ 15 മാസമായി ഷർജീൽ ഇമാം തീഹാർ ജയിലിൽ തടവിൽ കഴിയുകയാണ്. 2020 ൽ നടന്ന ഡൽഹി കലാപത്തെ തുടർന്നാണ് യുഎപിഎ ചുമത്തി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. ഇന്ത്യ ശിക്ഷാ നിയമപ്രകാരം 124 എ (രാജ്യദ്രോഹക്കുറ്റം), 153 എ (ശത്രുത പ്രോത്സാഹിപ്പിക്കൽ), 505 (2) (ശത്രുത സൃഷ്ടിക്കുന്ന പ്രസ്താവന), 153 ബി (ദേശീയ അഖണ്ഡതയെ മുൻവിധിയോടെ സമീപിക്കൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്.

വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് ജനുവരി 28 നാണ് ഷർജീൽ ഇമാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതിക്കെതിരെ ജാമിയ മിലിയ സർവ്വകലാശാലയിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഷർജീൽ വിവാദ പ്രസ്താവന നടത്തിയത്. ‘ നമ്മൾ 5 ലക്ഷം സംഘടിത ആളുകളുണ്ടെങ്കിൽ, നമുക്ക് ഇന്ത്യയുടെ വടക്ക്-കിഴക്ക് ഭാഗങ്ങളെ ഒറ്റപ്പെടുത്താം. സ്ഥിരമായോ അല്ലെങ്കിൽ കുറഞ്ഞത് ഒരു മാസമെങ്കിലും. റോഡുകൾ ബ്ലോക്ക് ചെയ്യാം, ട്രെയിൻ ഗതാഗതം തടയാം. അവർക്ക് ഒരു മാസത്തേക്ക് ഒന്നും ചെയ്യാനാവില്ല. ഇത് നമ്മുടെ ഉത്തരവാദിത്ത്വമാണ്. അസമിനെ ഇന്ത്യയിൽ നിന്ന് ഒറ്റപ്പെടുത്തുക, അപ്പോൾ മാത്രമേ അവർ നമ്മുടെ വാക്കുകൾ കേൾക്കൂ – എന്നാണ് പ്രതിഷേധക്കാരോട് ഇമാം ആഹ്വാനം ചെയ്തത്.

തിരുവനന്തപുരം: സ്‌കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന് സ്വീകരിച്ച എ.ബി.സി വർഗീകരണം ചൊവ്വാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരും. സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും.

സംസ്ഥാനത്ത് കോവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല സി കാറ്റഗറിയിലായി. തിരുവനന്തപുരം ജില്ലയിൽ കൂടുതൽ ശ്രദ്ധ നൽകാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏകോപിച്ചു നിയന്ത്രണം ശക്തമാക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംസ്ഥാനത്ത് 83 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനേഷൻ നൽകി. എന്നാൽ കാസർഗോഡ്, മലപ്പുറം, പാലക്കാട്, ഇടുക്കി ജില്ലകൾ സംസ്ഥാന ശരാശരിക്കും താഴെയാണ്. കുട്ടികളുടെ വാക്സിനേഷനിൽ സംസ്ഥാന ശരാശരി 66 ശതമാനമാണ്. എന്നാൽ എറണാകുളം, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലകളുടെ വാക്സിനേഷൻ ശരാശരി സംസ്ഥാന ശരാശരിയേക്കാൾ കുറവാണ്.

കുട്ടികളുടെ വാക്സിനേഷൻ, രണ്ടാം ഡോസ് വാക്സിനേഷൻ എന്നിവ സംസ്ഥാന ശരാശരിയേക്കാൾ കുറഞ്ഞ ജില്ലകൾ പ്രത്യേക വാക്സിനേഷൻ ഡ്രൈവ് നടത്തണം. ഡയാലിസിസ് ആവശ്യമുള്ള കോവിഡ് രോഗികൾക്ക് എല്ലാ ജില്ലകളിലും സൗകര്യങ്ങൾ ഒരുക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകി. ജില്ലകളിലെ ആവശ്യത്തിനനുസരിച്ച് ഡയാലിസിസ് സൗകര്യങ്ങൾ വർധിപ്പിക്കണം.

സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയുന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിച്ചു റാപ്പിഡ് റെസ്‌പോൺസ് ടീമുകളുടെ (RRT) പരിശീലന പരിപാടി ഓൺലൈൻ ആയി സംഘടിപ്പിച്ചിരുന്നു. ആർ. ആർ. ടി അംഗങ്ങളും പൊതുജനങ്ങളും ഉൾപ്പെടെ 60,000 പേർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.

ഇ- ജാഗ്രതാ പോർട്ടലിൽ വിവരങ്ങൾ സമയബന്ധിതമായി നൽകേണ്ടത് വളരെ പ്രധാനമാണ്. ഓക്‌സിജൻ വിവരങ്ങൾ, കിടക്കയുടെ ലഭ്യത എന്നിവ ആശുപത്രികൾ സമയബന്ധിതമായി നൽകണം. കോവിഡ് വ്യാപന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിൻ നടപ്പിലാക്കും. ജനുവരി 26 ന് ഓൺലൈൻ പരിശീലന പരിപാടി സംഘടിപ്പിക്കും. വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ, മുതിർന്ന പൗരന്മാർ, കുട്ടികൾ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ, കോവിഡുമായി ബന്ധപ്പെട്ട മറ്റു പ്രധാന നിർദ്ദേശങ്ങൾ എന്നിവ നൽകുന്ന പരിപാടിയിൽ റെസിഡന്റ്സ് അസ്സോസിയേഷനുകളോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും പങ്കെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. കോവിഡ് രോഗികളെ പ്രവേശിപ്പിക്കാത്ത സ്വകാര്യ ആശുപത്രി അധികൃതരെ വിളിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ടെസ്റ്റുകൾ പരമാവധി ലാബുകളെ ആശ്രയിച്ച് ചെയ്യുന്നതാണ് നല്ലത്. പരിശീലനമില്ലാതെ വീടുകളിൽ സ്വയം നടത്തുന്ന ടെസ്റ്റ് പലപ്പോഴും തെറ്റായ ഫലത്തിലേക്ക് നയിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റിൽ ഇ- ഓഫീസ് സംവിധാന 25 മുതൽ 30 വരെ നവീകരിക്കുന്നതിനാൽ സമാന്തര സംവിധാനം ഏർപ്പെടുത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചു.

ന്യൂഡൽഹി: ഫെബ്രുവരി പകുതിയോടെ രാജ്യത്ത് കോവിഡ് വ്യാപനം കുറയുമെന്ന് സർക്കാർ വൃത്തങ്ങൾ. ഫെബ്രുവരി 15 ഓടെ രോഗികളുടെ എണ്ണത്തിൽ കുറവുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചില മെട്രോ നഗരങ്ങളിൽ കേസുകൾ കുറയാൻ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് പ്രായപൂർത്തിയായ 74 ശതമാനം പേരും വാക്‌സിനേഷൻ പൂർത്തിയാക്കി.

പ്രധാന നഗരങ്ങളിലെല്ലാം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. ഡൽഹിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ട്. മൂവായിരത്തിൽ താഴെ മാത്രമാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. കഴിഞ്ഞ ദിവസം കർണാടകയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇരുപത് ശതമാനമായാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

മൂന്ന് ലക്ഷത്തി ആറായിരത്തി അറുന്നൂറ്റി നാല് പേർക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 439 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി.

അബുദാബി: അബുദാബിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎഇ. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു. യുഎഇയുടെ അത്യാധുനിക പോർ വിമാനങ്ങളാണ് യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം തകർത്തത്. തിങ്കളാഴ്ച രാവിലെ അബുദാബിക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി.

തിങ്കളാഴ്ച പുലർച്ചെ യെമൻ സമയം 4.10 നായിരുന്നു യുഎഇ ഹൂതികൾക്ക് തിരിച്ചടി നൽകിയത്. എഫ് 16 യുദ്ധ വിമാനമുപയോഗിച്ചായിരുന്നു യുഎഇ സൈന്യത്തിന്റെ ആക്രമണം. ആക്രമണം നടത്തിയ വിവരം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ യുഎഇ പ്രതിരോധ സേന ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളും യുഎഇ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.

തിങ്കളാഴ്ച്ച പുലർച്ചെ യുഎഇയിലേക്ക് ഹൂതികൾ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഇവ യുഎഇ സൈന്യം തകർത്തിരുന്നു. അബുദാബിയുടെ നേർക്ക് തൊടുത്ത മിസൈലുകളാണ് സൈന്യം തകർത്തത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും യുഎഇ അറിയിച്ചിരുന്നു.

യൂറോപ്പ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട കണ്ടെത്തലുമായി ഗവേഷകർ. കോവിഡിന്റെ പുതിയ ഉപ വകഭേദമായ ബി എ 2 ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ പകരുന്നതായി ഗവേഷകർ കണ്ടെത്തി. ഒമിക്രോണിന്റെ ആദ്യ രൂപത്തെക്കാൾ പുതിയ ഉപവകഭേദത്തിന് പകർച്ച ശേഷി കൂടുതലാണ്. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് ഒമിക്രോണിന്റെ സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

ഒമിക്രോൺ സമൂഹ വ്യാപനമായി എന്ന് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ കണ്ടെത്തി. മെട്രൊ നഗരങ്ങളിൽ ഒമിക്രോൺ വ്യാപനം കൂടി. ഇപ്പോൾ നടക്കുന്നത് സമൂഹ വ്യാപനമാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള സമിതി വിലയിരുത്തുന്നത്. ജെനോം സീക്വൻസിങ് കൺസോർശ്യത്തിന്റെ റിപ്പോർട്ടിൽ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.

അതേസമയം യൂറോപ്പിൽ ഇപ്പോഴുള്ള ഒമിക്രോൺ തരംഗത്തോടെ കോവിഡിന്റെ രൂക്ഷത അവസാനിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ ഡയറക്റ്റർ അറിയിച്ചു. മാർച്ചോടെ യൂറോപ്പിലെ 60 ശതമാനം ആളുകളും രോഗികളാകുമെന്നും എല്ലാവരും വാക്‌സീൻ എടുത്തവരോ രോഗം വന്നു പോയവരോ ആകുന്നതോടെ വ്യാപനം ഇല്ലാതാകുമെന്ന് ഡബ്ല്യൂഎച്ച്ഒയുടെ യൂറോപ്യൻ ഡയറക്റ്റർ ഹാൻസ് ക്‌ളോഗ് വ്യക്തമാക്കി.

സംസ്ഥാനത്ത് റേഷൻ വിതരണം സുഗമമായി നടക്കുന്നതായും റേഷൻ വിതരണത്തിൽ ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ ജനുവരി 25 വരെ തുടരുമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. സംസ്ഥാനത്ത് ഈ മാസത്തെ റേഷൻ ഇന്നലെ(ജനുവരി 20) വരെ 35,52,551 പേർ കൈപ്പറ്റിയിട്ടുണ്ട്. (38.59 ശതമാനം). കഴിഞ്ഞ മാസത്തേത് ഡിസംബർ 20 വരെ 38.30 ശതമാനമായിരുന്നു. റേഷൻ കടകളുടെ പ്രവർത്തന സമയം പകുതി ജില്ലകൾ വീതം രാവിലെയും വൈകിട്ടുമായി ക്രമീകരിച്ചിരുന്നെങ്കിലും റേഷൻ വിതരണത്തെ ഇതു ബാധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.