പരിശോധനയുടെ പേരിൽ ഒരുമാസം മൃഗത്തെപ്പോലെ തന്നെ പീഡിപ്പിച്ചു; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കിറ്റെക്‌സ് എംഡി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കിറ്റെക്‌സ് എംഡി സാബു ജേക്കബ്. കിറ്റെക്‌സിലെ പരിശോധനയുടെ പേരിൽ ഒരുമാസം ഒരു മൃഗത്തെപ്പോലെ തന്നെ പീഡിപ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. കിറ്റെക്‌സിൽ നടന്ന പരിശോധനയിൽ വിശദീകരണവുമായി മന്ത്രി പി. രാജീവ് രംഗത്തെത്തിയതിന് പിന്നാലെയാണ് സാബു ജേക്കബിന്റെ പ്രതികരണം.

ഇപ്പോൾ തന്നെ കുഴപ്പക്കാരനാക്കി ചിത്രീകരിക്കാനാണ് സർക്കാരിന്റെ ശ്രമം. സർക്കാരിനെയോ വ്യവസായ മന്ത്രിയെയോ വെല്ലുവിളിക്കാൻ വേണ്ടിയല്ല. ഇവിടെ ഒരു വ്യവസായി നേരിട്ട പീഡനമാണിത്. ഒരു മൃഗത്തെ പോലെ ഒരു വ്യവസായിയെ ഒരു മാസമിട്ട് പീഡിപ്പിച്ചു. തൊഴിലാളികളെ പീഡിപ്പിച്ചു. ആർക്കും അതിൽ പരാതിയുണ്ടായില്ല. തന്റെ വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.

നല്ലരീതിയിൽ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങൾ ചെയ്തതായി കാണിച്ചുകൊണ്ട് ഒരു മെമ്മോ നൽകിയതായും അദ്ദേഹം ആരോപിച്ചു. 3500 കോടിയുടെ പദ്ധതി തന്നെയില്ല എന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. ഈ സ്ഥാപനം ഇനി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമോ എന്നുള്ള രീതിയിലാണ് കാര്യങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത്. 15,000 പേരുള്ള ഈ സ്ഥാപനം തന്നെ അടയ്ക്കണം അല്ലെങ്കിൽ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഇതുവരെ ഉണ്ടായത് പ്രശ്നം പരിഹരിക്കലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം ഒൻപത് സംസ്ഥാനങ്ങളിൽനിന്ന് ക്ഷണം ലഭിച്ചതായും മന്ത്രിമാരുമായും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച പുരോഗമിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.