കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി അവസാനിക്കുന്നതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച കാലം; എം.എ. യൂസഫലി

കൊച്ചി: കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി അവസാനിക്കുന്നതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് മികച്ച കാലമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. 73-ാമത് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് വാർഷിക ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയുടെ ആഘോഷ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കേരളവും ഇന്ത്യയും ഉൾപ്പെടെ ലോകം മുഴുവൻ വലിയ പ്രതിസന്ധിയിലായി. എല്ലാവരും ചേർന്ന് പരിശ്രമിച്ച് ഈ പ്രതിസന്ധി മറികടക്കും. പ്രതിസന്ധികൾ നമ്മെ കൂടുതൽ ശക്തരാക്കുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു.

ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും സാമ്പത്തിക സ്ഥാപനങ്ങളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളാണ് അവരെന്നും യൂസഫലി വ്യക്തമാക്കി. സ്ഥാപനങ്ങൾക്ക് മികച്ച ഉപദേശങ്ങൾ നൽകേണ്ട ചുമതല ചാർട്ടേർഡ് അക്കൗണ്ടന്റുമാർക്കാണെന്നും അദ്ദേഹം വിശദമാക്കി.

അറിവുള്ളവരിൽ നിന്ന് പഠിക്കാൻ എല്ലാവരും തയ്യാറാകണം. 1973 ൽ ഒരു സൂപ്പർമാർക്കറ്റുമായി താൻ തുടക്കം കുറിച്ചത്. ഇന്ന് തനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 ഹൈപ്പർ മാർക്കറ്റുകളും ഷോപ്പിംഗ് മാളുകളുകളുണ്ട്. 57,000 പേർക്ക് ജോലി നൽകാനും 800 കോടി ഡോളർ ക്രയവിക്രയം നടത്താനും തനിക്ക് കഴിഞ്ഞു. ഈ നേട്ടങ്ങൾക്കുള്ള കാരണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം തുടങ്ങിയവയാണ് തന്റെ നേട്ടങ്ങൾക്ക് കാരണം. വ്യക്തിജീവിതത്തിൽ വിശ്വാസ്യതയും സത്യസന്ധതയും പുലർത്താനും വ്യക്തിബന്ധങ്ങൾ നിലനിറുത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കുകയും ചെയ്താൽ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.