ഐ.എസ്.ആർ.ഒ. ചാരക്കേസ്; മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടാണെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി സിബി മാത്യൂസ്. കേസിൽ മറിയം റഷീദയെ അറസ്റ്റ് ചെയ്തത് ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടാണെന്ന് സിബി മാത്യൂസ് വ്യക്തമാക്കി. നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി നിരന്തരം ശ്രമം നടത്തിയെന്നും സിബി മാത്യൂസ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിലാണ് സിബി മാത്യൂസ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.

ഐ.ബി ഉദ്യോഗസ്ഥർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിവെച്ച കേസാണിത്. ഐ.എസ്.ആർ.ഒ. ചാരക്കേസ് യാഥാർഥ്യമാണെന്നും മാലി വനിതകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്രജ്ഞർ കൂട്ടുനിന്നു. മറിയം റഷീദയെ അറസ്റ്റ് ചെയ്തതിൽ ഐ.ബി. ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാറിന് പങ്കുണ്ട്. ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐയായിരുന്ന എസ്. വിജയൻ മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം അന്നത്തെ സിറ്റി പോലീസ് കമ്മീഷണർ രാജീവന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും കേരളാ പോലീസിന് നൽകിയിരുന്നത് ഐ.ബിയുടേയും റോയുടേയും ഉദ്യോഗസ്ഥരാണ്. ഇതിന്റെ അടിസ്ഥാത്തിലാണ് മറ്റ് അന്വേഷണങ്ങൾ നടന്നതെന്നും ഇതിന്റെ ഓരോ ഘട്ടത്തിലുള്ള അന്വേഷണത്തിന്റെ റിപ്പോർട്ടും ഐബിക്ക് നൽകിയിരുന്നുവെന്നും സിബി മാത്യൂസ് വിശദമാക്കുന്നു.

കേസിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ പങ്ക് മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് വ്യക്തമായത്. കൃത്യമായ തെളിവുകൾ മൊഴിയിൽ നിന്നും ലഭിച്ചിരുന്നു. ഈ മൊഴികൾ അവലോകനം ചെയ്യുമ്പോൾ നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും രാജ്യത്തെ അപകടപ്പെടുത്തുന്ന നീക്കമാണെന്നും അതിനാൽ നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യണമെന്ന് കേരളാ പോലീസിനോട് ഐ ബി സമ്മർദ്ദം ചൊലുത്തിയെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് പറയുന്നു.

ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന നിലവിൽ സി.ബി.ഐയുടെ അന്വേഷണ പരിധിയിലാണ്. ഗൂഢാലോചന കേസിൽ സിബി മാത്യൂസ് നാലാം പ്രതിയാണ്. ഈ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യത്തിനായി സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. ഐ.എസ്.ആർ.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട് തുടക്കം മുതൽ അന്വേഷിച്ച് അവസാനിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങൾ വിശദമാക്കിയാണ് അദ്ദേഹം ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.