എം.എൽ.എമാർ നിയമസഭയ്ക്കുള്ളിൽ നടത്തിയ പരാക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല; വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: എം.എൽ.എമാർ നിയമസഭയ്ക്കുള്ളിൽ നടത്തിയ പരാക്രമങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതുമുതൽ നശിപ്പിക്കൽ നിയമപ്രകാരം വിചാരണ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി അറിയിച്ചു. 2015 ലെ നിയമസഭാ കയ്യാങ്കളിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാൻ സംസ്ഥാന സർക്കാരിന് കഴിയില്ല. ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എംഎൽഎമാർ ശ്രമിച്ചത്. നിയമ സഭയിൽ എംഎൽഎമാരുടെ ഭാഗത്ത് നിന്നും മാപ്പർഹിക്കാത്ത പെരുമാറ്റമാണ് ഉണ്ടായത്. മൈക്ക് വലിച്ചൂരി തറയിലെറിഞ്ഞ എംഎൽഎമാർ വിചാരണ നേരിടുക തന്നെ വേണം. സർക്കാരിന് ഏകപക്ഷീയമായി കേസ് അവസാനിപ്പിക്കാൻ കഴിയില്ല. ഇത്തരം കാഴ്ചകൾ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

അഴിമതി നടത്തിയ മന്ത്രിക്കെതിരെയുള്ള പ്രതിഷേധമാണ് നിയമസഭയിൽ നടന്നതെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയത്. അന്നത്തെ ധനകാര്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധമായിരുന്നു സഭയിൽ ഉണ്ടായത്. പ്രതിഷേധിക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ടെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. നിയമസഭ കയ്യാങ്കളി കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. പ്രതികൾ വിചാരണ നേരിടണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ഹർജി സമർപ്പിച്ചത്. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുമായിരുന്നു സംസ്ഥാന സർക്കാർ ഹർജിയിൽ പറഞ്ഞിരുന്നത്. 15 -ാം തീയതി കേസ് വിശദമായി പരിഗണിക്കും.

നിയമസഭ തന്നെ എം.എൽ.എമാർക്ക് ശിക്ഷാനടപടി നൽകിയിട്ടുണ്ട്. അതിനാൽ ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള കേസ് ആവശ്യമില്ലെന്നാണ് സർക്കാരിന്റെ വാദം. പബ്ലിക് പ്രോസിക്യൂട്ടർക്ക് മാത്രമാണ് ഈ കേസ് പിൻവലിക്കാനുള്ള അധികാരം. സംസ്ഥാന സർക്കാരിന് അധികാരമില്ല. ഈ സാഹചര്യത്തിൽ സർക്കാർ എന്തിന് വേണ്ടിയാണ് സുപ്രീംകോടതിയെ സമീപിച്ചതെന്ന് കോടതി ചോദിച്ചു.