അഫ്ഗാനിസ്ഥാനിൽ സ്വാധീനം വർധിപ്പിക്കാനൊരുങ്ങി ചൈന; രാജ്യത്തെ പുനർ നിർമ്മിക്കാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകി അടുപ്പം സ്ഥാപിക്കാൻ ശ്രമം

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്വാധീനം വർധിപ്പിക്കാനൊരുങ്ങി ചൈന. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റം പൂർണമാകുന്നതോടെ അഫ്ഗാനിസ്താനിൽ ചുവടുറപ്പിക്കാനാണ് ചൈനയുടെ നീക്കം. രാജ്യത്തെ പുനർ നിർമ്മിക്കാൻ സഹായിക്കാമെന്ന വാഗ്ദാനം നൽകിയാണ് ചൈന അഫ്ഗാനിസ്താനുമായി അടുക്കുന്നത്. അയൽരാജ്യങ്ങളെ ഒന്നൊന്നായി വരുതിയിലാക്കി ഇന്ത്യയ്‌ക്കെതിരെ കരനീക്കം നടത്താമെന്നാണ് ചൈനയുടെ പദ്ധതി.

സാമ്പത്തിക സഹായം നൽകിയാണ് ചൈന രാജ്യങ്ങളെ ചൊൽപ്പടിയ്ക്ക് നിർത്തുന്നത്. അടിസ്ഥാന സൗകരങ്ങൾ സൗജന്യമായി നിർമ്മിച്ച് നൽകാം എന്ന പറഞ്ഞ് നിക്ഷേപങ്ങൾ നടത്തി രാജ്യങ്ങളെ കടക്കെണിയിലാക്കി തങ്ങളുടെ ആജ്ഞാനുവർത്തികളാക്കുന്നതാണ് ചൈനയുടെ രീതി. പാകിസ്ഥാനിൽ ഈ തന്ത്രം പരീക്ഷിച്ച് ചൈന വിജയിച്ചതാണ്.

ചൈനയുടെ പ്രധാന പദ്ധതികളിലൊന്നായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിന്റെ (ബിആർഐ) ഭാഗമായി ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) സ്ഥാപിക്കാൻ നേരത്തേതന്നെ അഫ്ഗാനിസ്ഥാനുമായി ധാരണയായിരുന്നു. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാനിലേക്ക് പുതിയ ഹൈവേകളും റെയിൽ മാർഗങ്ങളും വാതക, എണ്ണ പൈപ്പ് ലൈനുകളും സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകാനാണ് ചൈനയുടെ തീരുമാനം.

കാബൂളിലെയും ബെയ്ജിംഗിലെയും അധികൃതർ തമ്മിൽ വിഷയത്തിൽ ചർച്ചകൾ നടന്നുവെന്നാണ് പുറത്തു വരുന്ന വിവരം. അഫ്ഗാനിസ്ഥാന് സഹായം നൽകാൻ കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ചൈന ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അമേരിക്കയായിരുന്നു ഇക്കാര്യത്തിന് തടസം നിന്നിരുന്നത്. അമേരിക്കൻ സൈന്യം രാജ്യത്തു നിന്ന് പൂർണമായി പിന്മാറുന്ന ഘട്ടത്തിൽ അഫ്ഗാൻ പദ്ധതിക്ക് സമ്മതം മൂളും എന്നാണ് ചൈനയുടെ വിലയിരുത്തൽ.