യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; പ്രതികൾ സിപിഎം പ്രവർത്തകർ

കണ്ണൂർ: പാനൂരിൽ മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസിലെ 9 പ്രതികളും സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. പ്രതികൾക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു. ഏപ്രിൽ ആറിന് രാത്രിയാണ് പുല്ലൂക്കര സ്വദേശിയായ മൻസൂറിനെ സിപിഎം പ്രവർത്തകർ കൊലപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജൻറായിരുന്ന മൻസൂറിന്റെ സഹോദരൻ മുഹ്‌സിനെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് കൊലപാതകത്തിൽ കലാശിച്ചത്. സിപിഎം പ്രവർത്തകർ നടത്തിയ ബോംബേറിൽ ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ മൻസൂറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ക്രൈംബ്രാഞ്ച് ഡിവൈഎസ്.പി വിക്രമന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്. സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ മൻസൂറിന്റെ ശരീരത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. സ്ഫോടക വസ്തു നിർമ്മിക്കാനായി ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങൾ പ്രതികളുടെ വീടിന് സമീപത്ത് നിന്ന് കണ്ടെടുത്തുവെന്നും കുറ്റപത്രത്തിൽ വിശദമാക്കുന്നു. കേസിലെ ഏഴാം പ്രതി ജാബിറിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.