സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാൻ പുതിയ നിയമവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. ഇതിനായി പുതിയ നിയമം ആവിഷ്‌ക്കരിക്കാനൊരുങ്ങുകയാണ് സർക്കാർ. കുട്ടികളെയും, സ്ത്രീകളെയും കടത്തിക്കൊണ്ടു പോകുകയും, പീഡിപ്പിക്കുകയും ചെയ്യുന്നവർക്ക് വധശിക്ഷ നൽകുന്ന മനുഷ്യക്കടത്ത് (തടയൽ, സംരക്ഷണം, പുനരധിവാസം) ബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. കേന്ദ്ര വനിതാ- ശിശുക്ഷേമ മന്ത്രാലയമാണ് കരട് പ്രസിദ്ധീകരിച്ചത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനാണ് കേന്ദ്രം പുതിയ നിയമം ആവിഷ്‌ക്കരിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികളെയും, സ്ത്രീകളെയും കടത്തിക്കൊണ്ടു പോകുന്നവർക്കെതിരെയും, പീഡിപ്പിക്കുന്നവർക്കെതിരെയും പുതിയ നിയമ പ്രകാരം നടപടി സ്വീകരിക്കും. കുറ്റവാളികൾക്ക് 20 വർഷം തടവും, 30 ലക്ഷം രൂപ വരെ പിഴ നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം ആവർത്തിച്ചാൽ വധശിക്ഷ നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളെ കടത്തിക്കൊണ്ട് പോയാൽ ബില്ല് പ്രകാരം 10 വർഷം തടവും, 15 ലക്ഷം രൂപ പിഴയും ഒന്നിലധികം കുട്ടികളെ കടത്തിക്കൊണ്ടു പോയാൽ 14 വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയുമാണ് പുതിയ നിയമ പ്രകാരം ശിക്ഷയായി ലഭിക്കുക. പീഡനത്തിനിരയാകുന്നവർക്ക് സംരക്ഷണം, പുന:രധിവാസം എന്നിവയും സാമ്പത്തിക, സാമൂഹിക പിന്തുണയും ബില്ല് ഉറപ്പു വരുത്തും. അതിർത്തിക്കപ്പുറം ആളെ കടത്തുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും നിയമം ബാധകമായിരിക്കും.