ആമസോണിന്റെ പുതിയ മേധാവിയായി സ്ഥാനമേറ്റ് ആൻഡി ജാസി

വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും വലിയ ടെക് കമ്പനികളിലൊന്നായ ആമസോണിന്റെ മേധാവി പദവിയിൽ നിന്ന് കമ്പനിയുടെ സ്ഥാപകനായ ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ പുതിയ മേധാവിയായി സ്ഥാനമേറ്റ് ആൻഡി ജാസി. നേരത്തെ ആമസോൺ വെബ് സർവീസസിന്റെ (എഡബ്ല്യൂഎസ്) മേധാവിയായി പ്രവർത്തിച്ചയാളാണ് ആൻഡി ജാസി. ജൂലൈ 5 നാണ് ജാസി ആമസോൺ സിഇഒ ആയി സ്ഥാനമേറ്റത്.

ഏകദേശം 30 വർഷത്തോളം കമ്പനിയെ നയിച്ച ശേഷമാണ് ജെഫ് ബെസോസ് സ്ഥാനമൊഴിഞ്ഞത്. താൻ ആമസോണിൽ ഉണ്ടായിരുന്നിടത്തോളം കാലം കൂടെയുണ്ടായിരുന്ന ആൻഡി കമ്പനിക്കുള്ളിൽ സുപരിചിതനാണെന്നും, അദ്ദേഹത്തെ ബിസിനസ് ഏൽപ്പിക്കുന്നതിൽ തനിക്ക് സമ്പൂർണ വിശ്വാസമാണെന്നുമായിരുന്നു ബെസോസിന്റെ പ്രതികരണം.1968 ൽ ന്യൂയോർക്ക് സ്റ്റേറ്റിലെ സ്‌കാർസ്ഡെയിലിലാണ് ആൻഡിയുടെ ജനനം. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ആൻഡി ഹാർവർഡിൽ നിന്ന് ഗ്രാജുവേഷനും പൂർത്തിയാക്കി. തുടർന്ന് ഹാർവർഡ് ബിസിനസ് സ്‌കൂളിൽ നിന്ന് എംബിഎ നേടി. 1997 ലാണ് ആൻഡി ആമസോണിൽ ചേരുന്നത്.

ആമസോണിൽ ഐടി മേഖലയെ ലക്ഷ്യമിട്ട് ആമസോൺ വെബ് സർവീസസ് തുടങ്ങിയത് ആൻഡിയാണ്. 2003 ൽ ചെറിയൊരു ടീമുമായി തുടങ്ങിയ എഡബ്ല്യൂഎസ് ഇന്ന് ലോകത്തെ ക്ലൗഡ് കംപ്യൂട്ടിങ് മേഖലയിലെ ഏറ്റവും വലിയ സ്ഥാപനമാണ്. എഡബ്ല്യൂഎസ് 2006 ൽ വീണ്ടും ലോഞ്ച് ചെയ്യുകയും, ആൻഡി അതിന്റെ സീനിയർ വൈസ് പ്രസിഡന്റായി നിയമിതനാകുകയുമായിരുന്നു. തുടർന്ന് പത്തു വർഷത്തിനു ശേഷം എഡബ്ല്യൂഎസിന്റെ സിഇഒ ആയി അദ്ദേഹം നിയമിതനായി. എഡബ്ല്യൂഎസ് പ്രതിവർഷം 4000 കോടി ഡോളറാണ് വരുമാനം നേടുന്നത്.

377 ദശലക്ഷം ഡോളറാണ് 2020 നവംബറിൽ പുറത്തുവന്ന കണക്കു പ്രകാരം ആൻഡിയുടെ ആസ്തി. കായിക, സിനിമാ, സംഗീത പ്രേമിയായ ആൻഡി സിയാറ്റിൽ ക്രാക്കൻ ഹോക്കി ടീമിൽ ചെറിയ നിക്ഷേപവും നടത്തിയിട്ടുണ്ട്. ജോലിക്കാര്യത്തിൽ ആൻഡി വിട്ടുവീഴ്ച്ചയില്ലാത്തയാളും കർശക്കാരനുമാണെന്നാണ് സഹപ്രവർത്തകർ പറയുന്നത്.