നിയമനടപടികളുടെ ഭാഗമായാണ് സ്റ്റാൻ സ്വാമി ജയിലിലായത്; കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചതെന്ന് കേന്ദ്രം

ന്യൂഡൽഹി: സ്റ്റാൻ സ്വാമിയുടെ മരണത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ. നിയമനടപടികളുടെ ഭാഗമായാണ് സ്റ്റാൻ സ്വാമി ജയിലിലായതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം അറിയിച്ചു. വിഷയത്തിൽ യുഎൻ മനുഷ്യാവകാശ സംഘടന ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഏജൻസികൾ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം.

ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തിൽ ദുഖവും അസ്വസ്ഥതയുമുണ്ടെന്നായിരുന്നു യുഎൻ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിരുന്നത്. വിചാരണ കൂടാതെ 84 കാരനായ വൈദികനെ തടവിലാക്കിയത് അംഗീകരിക്കാനാകില്ലെന്നും യുഎൻ മനുഷ്യാവകാശ സംഘടന പറഞ്ഞിരുന്നു. ഇത്തരത്തിൽ തടവിൽ പാർപ്പിച്ചിരിക്കുന്നവരെ വിട്ടയയ്ക്കണമെന്നും യുഎൻഎച്ച്ആർസി ആവശ്യപ്പെട്ടു.

ഗുരുതരമായ കുറ്റങ്ങളാണ് ഫാദർ സ്റ്റാൻ സ്വാമിയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളതെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ കുറ്റങ്ങളുടെ ഗൗരവം കണക്കിലെടുത്താണ് രാജ്യത്തെ കോടതികൾ സ്റ്റാൻ സ്വാമിയ്ക്ക് ജാമ്യം നിഷേധിച്ചത്. രാജ്യത്ത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയാണുള്ളത്. ഇന്ത്യ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്രതലത്തിലും സംസ്ഥാനങ്ങളിലും മനുഷ്യാവകാശ കമ്മീഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വിശദമാക്കുന്നു.