മെട്രോ യാത്രികരുടെ എണ്ണത്തിൽ വർധനവ്; ചൊവ്വാഴ്ച്ച യാത്ര ചെയ്തത് 14351 പേർ

കൊച്ചി: മെട്രോ യാത്രികരുടെ എണ്ണത്തിൽ വർധനവ്. ചൊവ്വാഴ്ച്ച മാത്രം 14351 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച മെട്രോ സർവ്വീസ് ജൂലൈ ഒന്നിനാണ് പുനരാരംഭിക്കുന്നത്. അന്ന് 7586 പേരാണ് മെട്രോയിലൂടെ യാത്ര ചെയ്തത്. കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് മെട്രോ സർവ്വീസ് നടത്തുന്നത്.

കോണ്ടാക്ട് ലെസ് ടിക്കറ്റ് സംവിധാനമാണ് മെട്രോ ഉപയോഗിക്കുന്നത്. ശരീരോഷ്മാവ് പരിശോധിച്ചതിന് ശേഷമെ സ്‌റ്റേഷനിലേക്ക് പ്രവേശിപ്പിക്കൂ. സാനിട്ടൈസറിന്റെ ഉപയോഗവും നിർബന്ധമാണ്. കൂടുതൽ വായുസഞ്ചാരത്തിനായി ഓരോ സ്‌റ്റേഷനിലും 25 സെക്കന്റ് ട്രെയിൻ നിർത്തിയിടും. ഓരോ യാത്ര അവസാനിക്കുമ്പോഴും ട്രെയിൻ അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ ട്രെയിനുകളുടെയെണ്ണം വർധിപ്പിച്ചു. രാവിലെയും വൈകുന്നേരവുമാണ് മെട്രോയിൽ യാത്രക്കാർ കൂടുതലെന്നാണ് കെഎംആർഎൽ അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം വിമാനയാത്രക്കാർക്ക് തടസ്സരഹിതമായ കണക്റ്റിവിറ്റി നൽകുന്നതിനായി ആലുവയിൽ നിന്നുള്ള എയർപോർട്ട് ഫീഡർ ബസ് സർവീസുകളും മെട്രോ പുനരാരംഭിച്ചിരുന്നു. വിമാനത്താവളത്തിൽ നിന്ന് രാവിലെ 07.50 നും ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് രാവിലെ 08.30 നുമാണ് ആദ്യ ബസ് സർവീസ് ആരംഭിക്കുന്നത്.