അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാം; ട്വിറ്റർ ഇന്ത്യാ മേധാവി

ന്യൂഡൽഹി: അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ പോലീസിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് ട്വിറ്റർ ഇന്ത്യാ മേധാവി മനീഷ് മഹേശ്വരി. കർണാടക ഹൈക്കോടതിയിലാണ് മനീഷ് മഹേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലീം വയോധികനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിന് ഉത്തർപ്രദേശ് പോലീസ് നോട്ടീസ് അയച്ചിരുന്നു. ഇതിനെതിരെയാണ് മനീഷ് മഹേശ്വരി കോടതിയെ സമീപിച്ചത്. ഈ ഹർജിയിൽ വാദം കേൾക്കവെയാണ് മനീഷ് അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പു നൽകിയാൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് അറിയിച്ചത്.

മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ വീഡിയോ പ്രചരിച്ചതിനാണ് യു പി പോലീസ് ട്വിറ്റർ ഇന്ത്യ എംഡിക്ക് നോട്ടീസ് നൽകിയത്. വൃദ്ധനെ മർദ്ദിച്ച സംഭവം തെറ്റായി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മൂന്ന് മാദ്ധ്യമ പ്രവർത്തകർക്കെതിരെയും യുപി പൊലീസ് കേസെടുത്തിരുന്നു.

താൻ ട്വിറ്ററിലെ ഒരു ജീവനക്കാരൻ മാത്രമാണെന്നും ആളുകൾ ഷെയർ ചെറുത്ത വീഡിയോയിൽ തനിക്ക് നിയന്ത്രണമില്ലെന്നും മനീഷ് കോടതിയിൽ വാദിച്ചു. കമ്പനിയെ പ്രതിനിധീകരിക്കുന്നത് താനാണെന്ന് പോലീസിന് പറയാൻ സാധിക്കില്ലെന്നും അത് പറയേണ്ടത് കമ്പനിയാണെന്നും മനീഷ് പറഞ്ഞു. എന്നാൽ, താനാണ് ട്വിറ്റർ ഇന്ത്യയുടെ തലവനെന്ന് മനീഷ് തന്നെ വ്യക്തമാക്കിയതാണെന്നും ഇതിനാലാണ് ഐടി നിയമത്തിലെ 41എ വകുപ്പു പ്രകാരം അദ്ദേഹത്തിന് നോട്ടീസ് നൽകിയതെന്നും ഉത്തർപ്രദേശ് പോലീസ് അറിയിച്ചു.