ഉറവിടം വെളിപ്പെടുത്താത്ത പണം കയ്യിലുള്ളവരാണോ? വൻ തുക നികുതി നൽകേണ്ടി വരും; കൂടുതൽ വിവരങ്ങൾ അറിയാം

ന്യൂഡൽഹി: ഉറവിടം വെളിപ്പെടുത്താത്ത പണം കൈയ്യിലുള്ളവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്ക് ഉയർന്ന നികുതി നൽകേണ്ടി വരും. ആദായ നികുതി വകുപ്പ് ഉറവിടം വെളിപ്പെടുത്താത്ത തുക കണ്ടെത്തിയാൽ 85 ശതമാനം വരെയാണ് നികുതി നൽകേണ്ടി വരിക. കഴിഞ്ഞ വർഷം ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റ് ആയ വൻ തുക നികുതി റിട്ടേണിൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വലിയ നികുതി ഈടാക്കും.

നികുതിദായകരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന നിശ്ചിത പരിധിയിൽ കൂടുതൽ ഉള്ള ഏത് തുകയ്ക്കും നികുതി നൽകണമെന്നാണ് ആദായ നികുതി നിയമത്തിൽ വ്യക്തമാക്കുന്നത്. നികുതി ഇളവുകൾ ഉള്ള തുകക്ക് ഈ നിയമം ബാധകമല്ല.

ശമ്പളം, ഹൗസ് പ്രോപ്പർട്ടി, ബിസിനസ്സ്, മറ്റ് വരുമാനം- മൂലധന നേട്ടം, മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിൽ ആദായ നികുതി നൽകണം. ഇത്തരത്തിൽ അക്കൗണ്ടിൽ ക്രെഡിറ്റ് ആകുന്ന നികുതി വിധേയമായ തുകക്ക് നികുതി അടയ്ക്കണമെന്നാണ് നിയമം.

സ്വർണത്തിനും നികുതി അടയ്ക്കണമെന്നാണ് നിയമം. ഒരു വ്യക്തി കഴിഞ്ഞ വർഷം പണമോ സ്വർണ്ണമോ ആഭരണങ്ങളോ മറ്റ് വിലയേറിയ വസ്തുക്കളോ കൈവളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നികുതി അടയ്ക്കണം. ഇത്തരം ഉറവിടം വ്യക്തമാക്കാത്ത പണത്തിനും വിലപിടിപ്പുള്ള വസ്തുക്കൾക്കും 83.25 ശതമാനം നികുതി ഈടാക്കാം. ഇതിൽ 60 ശതമാനം നികുതിയും 25 ശതമാനം സർചാർജും ആറു ശതമാനം പിഴയുമാണ്. അക്കൗണ്ടിൽ ക്രെഡിറ്റ് ആയ തുക, അല്ലെങ്കിൽ വരുമാനം സംബന്ധിച്ച വിശദാംശങ്ങൾ പിന്നീട് ആദായ നികുതി റിട്ടേണിൽ ഉൾപ്പെടുത്തിയാൽ പിഴ അടയ്‌ക്കേണ്ടി വരില്ല.