ചാരപ്രവർത്തനം; രണ്ട് സൈനികർ പിടിയിൽ; രഹസ്യ സ്വഭാവമുള്ള രേഖകൾ ഐ.എസ്.ഐയുമായി പങ്കുവെച്ചതായി കണ്ടെത്തൽ

ചണ്ഡീഗഢ്: ചാരപ്രവർത്തനത്തിന് രണ്ട് സൈനികർ പിടിയിൽ. പഞ്ചാബിലാണ് സംഭവം. പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐയ്ക്കു വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത സൈനികരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബ് പോലീസാണ് ഇവരെ പിടികൂടിയത്. ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തനവും വിന്യാസവും സംബന്ധിച്ച രഹസ്യ സ്വഭാവമുള്ള രേഖകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.

രഹസ്യ സ്വഭാവമുള്ള രേഖകൾ ഇവർ ഐ.എസ്.ഐയുമായി പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. 900-ത്തിൽ അധികം രേഖകളാണ് ഇവർ ഇത്തരത്തിൽ കൈമാറിയത്.

ശിപായിമാരായ ഹർപ്രീത് സിങ്(23), ഗുർഭേജ് സിങ്(23) എന്നിവരാണ് അറസ്റ്റിലായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹർപ്രീത് സിങ് അമൃത്സറിലെ ചീച്ചാ സ്വദേശിയാണ്. 19 രാഷ്ട്രീയ റൈഫിൾസ് അംഗമായ ഹർപ്രീതിന് അനന്ത്നാഗിലായിരുന്നു പോസ്റ്റിംഗ്. 2017-ലാണ് ഹർപ്രീത് സൈന്യത്തിൽ ചേർന്നത്.

പുനിയനിലെ ടാൻ ടരൺ സ്വദേശിയാണ് ഗുർഭേജ് സിങ് 18 സിഖ് ലൈറ്റ് ഇൻഫന്റ്റി അംഗമാണ്. കാർഗിലിൽ ക്ലർക്കായി സേവനം അനുഷ്ഠിച്ച് വരികയാണ് ഗുർഭോജ്.