Highlights (Page 160)

ന്യൂഡല്‍ഹി: രാജ്യത്തെ കരുതല്‍ എണ്ണ ശേഖരം പുറത്തെടുക്കാനൊരുങ്ങി കേന്ദ്രം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്ര പ്രധാനമായ തീരുമാനമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നു വിടുന്നതിന് തീരുമാനമെടുത്താല്‍ അത് എണ്ണ വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.

എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്നാണ് പുറത്തു വരുന്ന വിവരം. കരുതല്‍ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ അനുകൂല നിലപാടാണ് എടുത്തതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് നിര്‍ദേശം നടപ്പിലാക്കാനുള്ള അന്തിമ നടപടികളിലാണ് ചൈന എന്നാണ് വിവരം. ജപ്പാനും ഇക്കാര്യം സജീവമായി പരിഗണിക്കുകയാണ് എന്ന സൂചനയുണ്ട്. ഓരോ രാജ്യവും തന്ത്രപ്രധാന കരുതല്‍ ശേഖരത്തില്‍നിന്ന് തുറന്നു നല്‍കുന്ന എണ്ണയുടെ അളവ് വളരെ വലുതായിരിക്കില്ല. ഈ മാസം ആദ്യം എണ്ണ വിതരണം വര്‍ധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങള്‍ അവഗണിച്ചിരുന്നു. പിന്നാലെയാണ് മറ്റു രാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് നിര്‍ണായക നീക്കത്തിന് ആഹ്വാനം ചെയ്തത്.

ഇന്ത്യയും മറ്റ് രാജ്യങ്ങളും തന്ത്രപ്രധാനമായ കരുതല്‍ ശേഖരം സൃഷ്ടിച്ചിരിക്കുന്നത് പ്രധാനമായും വിതരണ തടസ്സങ്ങള്‍ നേരിടാനാണ്, അല്ലാതെ ഉയര്‍ന്ന വിലയെ നേരിടാനല്ല. അതേ സമയം വിതരണം കുറച്ചതോടെയാണ് വില ഉയര്‍ന്നതെന്നതും വസ്തുതയാണ്.

തിരുവനന്തപുരം: ചുരുളി സിനിമ വീണ്ടും വിവാദത്തിൽ. സിനിമ റിലീസായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നു വന്നത്. ഇതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സെൻസർ ബോർഡ്. ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടിയിൽ എത്തിയതെന്നാണ് സെൻസർ ബോർഡ് വ്യക്തമാക്കുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെൻസർ ബോർഡിനെതിരെ ഇപ്പോൾ പ്രചരിക്കുന്നതെന്ന്‌സ റീജിയണൽ ഓഫിസർ വി. പാർവതി പുറത്തിറക്കിയ കുറിപ്പിൽ അറിയിക്കുന്നു.

സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.

ന്യൂഡല്‍ഹി: രാജ്യത്തെ സ്വയം സഹായ സംഘങ്ങളിലെ വനിതകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ സമ്പാദിക്കുന്നതിനുള്ള ഉപജീവന പദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര-ഗ്രാമ വികസന മന്ത്രാലയമാണ് മഹിളാ കിസാന്‍ ശക്തീകര പരിയോജന്‍ എന്ന പദ്ധതി നടപ്പാക്കുന്നത്. 6,768 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കും.

ഇതിനായി, വിവിധ സംഘടനകള്‍, കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍, സ്വകാര്യ വിപണി എന്നിവയുടെ പിന്തുണയോടെ ആവശ്യമായ പരിഷ്‌കാരങ്ങള്‍ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നടപ്പാക്കണമെന്ന് സംസ്ഥാന ഗ്രാമ വികസന, തദ്ദേശ വകുപ്പുകളോട് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദീന്‍ദയാല്‍ അന്ത്യോദയ യോജന, മഹിള കിസാന്‍ ശക്തീകര പരിയോജന്‍ തുടങ്ങിയവയും സ്വാശ്രയ സംഘങ്ങളുടെ വരുമാന വര്‍ധനക്കായി നിലകൊള്ളും.

കൃഷി,വാണിജ്യ സംരംഭങ്ങളിലൂടെ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടരകോടി വനിതകള്‍ക്ക് ഒരുലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വഴി ഒരുക്കുന്നത്. രാജ്യത്ത് നിലവില്‍ 70 ലക്ഷം സ്വയംസഹായ സംഘങ്ങളിലായി 7.7 കോടി വനിതകളുണ്ട്. ബാങ്ക് ലിങ്കേജ് വായ്പകളുടെ പിന്തുണയോടെയാണ് തൊഴില്‍ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുത്.

കൊവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതോടെ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവും ഉയര്‍ന്ന് വരികയാണ്. 2019 ല്‍ ഉണ്ടായിരുന്ന അളവിലേക്ക് കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഈ വര്‍ഷം അവസാനത്തോടെ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ 1.5ഡിഗ്രി സെല്‍ഷ്യസ് എന്ന നിര്‍ണായക ഘട്ടത്തിലേക്ക് ആഗോളതാപന നിരക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് 19 എന്ന മഹാമാരി വരുത്തിയ വിപത്തുകള്‍ക്കിടയിലും അത് ഭൂമിയിലുണ്ടാക്കിയ ചില മാറ്റങ്ങള്‍ ആഗോള താപനത്തിന്റെ വേഗത കുറച്ചിരുന്നു.

എത്ര വേഗത്തിലാണ് ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തുകയെന്ന് സൂചിപ്പിക്കുകയായിരുന്നു 2015 ല്‍ ഗവേഷകര്‍ കാലാവസ്ഥാ ക്ലോക്കിന് രൂപം നല്‍കിയത്. ആഗോളതലത്തിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോതും നിലവിലെ കാലാവസ്ഥയും അടിസ്ഥാനമാക്കിയാണ് ഈ ക്ലോക്ക് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയിലെ കാര്‍ബണ്‍ ബഹിര്‍ഗമന തോതാണ് പ്രവചനത്തിനായി കാലാവസ്ഥാ ക്ലോക്ക് പരിഗണിക്കുക. കാര്‍ബണ്‍ ബഹിര്‍ഗമന തോതിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് എത്തുന്നതിനുള്ള സമയം ക്ലോക്ക് പ്രദര്‍ശിപ്പിക്കും. ആഗോളതാപന നിരക്കിന്റെ തല്‍സമയ തോതാണ് ഈ ക്ലോക്ക് പ്രദര്‍ശിപ്പിക്കുക. കാര്‍ബണ്‍ ബഹിര്‍ഗമന തോതിലുണ്ടാകുന്ന മാറ്റവും താപനിലയിലെ മാറ്റവും ഇതോടൊപ്പം 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ആഗോളതാപനം എത്തുന്നതിനുള്ള സമയവുമാണ് ക്ലോക്കിലുള്ളത്. കാര്‍ബണ്‍ ബഹിര്‍ഗമന തോതും താപനിലയും വര്‍ധിക്കുന്നതിന് അനുസൃതമായി ക്ലോക്കിലെ ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്താനുള്ള സമയവും കുറയുന്നതായി കാണാം.

ഈ വര്‍ഷം കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് ക്ലോക്ക് പുതുക്കിയിരുന്നു. ആഗോളതാപന നിലയിലെ വര്‍ധനവ്, ഹരിതഗൃഹ വാതകങ്ങളുടെ ആകെ ബഹിര്‍ഗമന തോത് ഇവയുടെ കണക്കുകള്‍ ചേര്‍ത്താണ് കാലാവസ്ഥാ ക്ലോക്ക് പുതുക്കിയത്. ഈ കണക്കുകള്‍ പ്രകാരം വ്യവസായവിപ്ലവത്തിന് ശേഷമുള്ള താപനിലയിലെ വര്‍ധനവ് നവംബര്‍ 2021 ന് 1.24 ഡിഗ്രി സെല്‍ഷ്യസാണ്. അതായാത് 1.30 ഡിഗ്രി സെല്‍ഷ്യസിലേയ്‌ക്കെത്താന്‍ വെറും 0.6 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധവ് കൂടി മാത്രം മതിയാകും. എന്നാല്‍ 10 വര്‍ഷത്തിനുള്ളില്‍ 0.6 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവെന്നത് ഇതുവരെയുള്ള ആഗോളതാപന വര്‍ധനവ് നിരക്കിനെ അപേക്ഷിച്ച് നോക്കിയാല്‍ അതിവേഗത്തിലാണെന്ന് കാണാം.കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പുള്ള സ്ഥിതിയിലേക്ക് കാര്‍ബണ്‍ ബഹിര്‍ഗമനം തിരികെ പോകുന്നു എന്നതാണ് പുതിയ കണക്കുകള്‍ തെളിയിക്കുന്നത്. 2019 ലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തേക്കാള്‍ കണക്കുകള്‍ പ്രകാരം ഏതാണ്ട് 5.4 ശതമാനം കുറവാണ് കോവിഡ നിയന്ത്രണങ്ങള്‍ മൂലം 2020 ല്‍ ഉണ്ടായത്. എന്നാല്‍ 2020 ല്‍ നിന്ന് 2021ലേക്കെത്തുമ്പോള്‍ ഇതിനകം തന്നെ ഏകദേശം 4.9 ശതമാനം വര്‍ധനവുണ്ടായതായി കണക്കാക്കുന്നു.

2016 പാരിസ് ഉച്ചകോടിയിലാണ് ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിര്‍ത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നത മൂലം ഇതില്‍ അന്തിമ തീരുമാനം ഉണ്ടായത് 2019 ലാണ്. കഴിഞ്ഞ ആഴ്ച അവസാനിച്ച ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിലും സമാനമായ ലക്ഷ്യമാണ് മുന്നോട്ടു വച്ചിട്ടുള്ളത്.

കവളങ്ങാട്: നടി കെപിഎസി ലളിതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി കരൾ നൽകാൻ തയ്യാറാണെന്ന് അറിയിച്ച് കലാഭവൻ സോബി. കെപിഎസി ലളിത ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സോബി ഇക്കാര്യം അറിയിച്ചു. ഒ പോസിറ്റീവാണ് സോബിയുടെ രക്തഗ്രൂപ്പ്. കരൾ ദാതാവിനെ തേടി കെപിഎസി ലളിതയുടെ മകൾ ശ്രീക്കുട്ടി സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 54 വയസുകാരനായ സോബി കരൾ നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

കെപിഎസി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു മകൾ ശ്രീക്കുട്ടി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരൾ മാറ്റിവയ്ക്കൽ ആവശ്യമാണ്. രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങൾ ഇല്ലാത്തവരും ആയിരിക്കണം ദാതാവ് . ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാൻ എടുക്കൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങൾക്കായി സംഭാവന നൽകാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു.

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നത് 350 സ്‌ക്രീനുകളില്‍. ഒരു മലയാള സിനിമക്ക് തമിഴ്നാട്ടില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ തുടക്കമാണ് മരക്കാറിന് ലഭിച്ചിരിക്കുന്നത്. ചെന്നൈയിലെ മായാജാല്‍ തിയേറ്ററില്‍ മാത്രം 30 ഷോകളാണ് ഒരു ദിവസം നടക്കുക.

മലയാളത്തിലും തമിഴിലും തെലുങ്കിലും വിവിധ സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. പലയിടത്തും സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചു. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ തിയേറ്ററുകളില്‍ എത്തുന്നത്.

കേരളത്തില്‍ ആശിര്‍വാദ് സിനിമാസിന്റെ കീഴിലുള്ള കോഴിക്കോട്, പെരുമ്പാവൂര്‍, തൊടുപുഴ, ഹരിപ്പാട്, കടപ്ര എന്നിവിടങ്ങളിലെ തിയേറ്ററുകളിലാണ് ടിക്കറ്റ് ബുക്കിങ്ങ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേരളത്തിലെ ഏറ്റവും വലിയ തിയേറ്റര്‍ സമുച്ചയമായ തിരുവനന്തപുരം ഏരീസ് പ്ലസില്‍ മരക്കാറിന്റെ മാരത്തോണ്‍ പ്രദര്‍ശനങ്ങളും നടക്കും. ഡിസംബര്‍ രണ്ടിന് പുലര്‍ച്ചെ 12.1ന് തുടങ്ങുന്ന പ്രദര്‍ശനങ്ങള്‍ രാത്രി 11.59നാണ് അവസാനിക്കുന്നത്. തിയറ്ററിലെ ആറു സ്‌ക്രീനുകളിലായി 42 ഷോകള്‍ മരക്കാറിന് മാത്രമായി നടത്തുമെന്ന് ഉടമ സോഹന്‍ റോയ് വ്യക്തമാക്കിയിരുന്നു.

മുംബൈ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ തങ്ങളുടെ നാവിക ശക്തി കൂടുതല്‍ ദൃഢപ്പെടുത്താന്‍ തയ്യാറായി ഇന്ത്യ., ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചൈനക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യാതിഥിയായ ചടങ്ങില്‍ വച്ച് ഐ എന്‍ എസ് വിശാഖപട്ടണം കമ്മിഷന്‍ ചെയ്തത്..

നാല് ഡിസ്‌ട്രോയര്‍ കപ്പലുകളാണ് വിശാഖപട്ടണം ക്ലാസില്‍ നിര്‍മിക്കുന്നത്. കപ്പലുകള്‍ക്കെല്ലാം ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. വിശാഖപ്പട്ടണം, മൊര്‍മുഗാവോ, ഇംഫാല്‍, സൂറത്ത് എന്നിങ്ങനെയാണ് കപ്പലുകളുടെ പേരുകള്‍. നിരവധി അത്യാധുനിക സജ്ജീകരണങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ തദ്ദേശീയ മിസൈലുകളായ ബി ഇ എല്‍ മിസൈല്‍, ബ്രഹ്മോസ് മിസൈല്‍, ടോര്‍പെഡോ ട്യൂബ്‌സ് എന്നീ പടക്കോപ്പുകളും കപ്പലിലുണ്ട്. കപ്പലിലെ സൗകര്യങ്ങളുടെ 75 ശതമാനവും തദ്ദേശീയമായി തന്നെ വികസിപ്പിച്ചവയാണ്.

പ്രൊജക്ട് 15 ബിയുടെ ഭാഗമായി ആദ്യമായി കമ്മിഷന്‍ ചെയ്യപ്പെടുന്ന പടക്കപ്പലാണ് ഐ എന്‍ എസ് വിശാഖപട്ടണം. വിശാഖപട്ടണം ക്ലാസിലെ മിസൈല്‍ വാഹിനി കപ്പലുകളുടെ നേതൃസ്ഥാനത്തായിരിക്കും ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ സ്ഥാനം. മുംബയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ വച്ചാണ് കപ്പലിന്റെ കമ്മിഷന്‍ ചടങ്ങുകള്‍ നടക്കുക. ഇതിനു പുറമേ നവംബര്‍ 28ന് നടക്കുന്ന ചടങ്ങില്‍ കല്‍വരി ക്ലാസിലെ നാലാമത്തെ അന്തര്‍വാഹിനിയായ വേലയുടെ കമ്മിഷന്‍ ചടങ്ങുകളും നടക്കും. നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ചീഫ് കരംബീര്‍ സിംഗ് ആയിരിക്കും മുഖ്യാതിഥി. ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ കമ്മിഷന്‍ നടത്താന്‍ നാവിക സേന തയ്യാറായെന്നും തദ്ദേശീയമായി നിര്‍മിച്ച പടക്കപ്പലുകളുടെ എണ്ണത്തില്‍ ഇന്ന് രാജ്യം മുന്‍പന്തിയിലാണെന്നും ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്ടന്‍ ബിരേന്ദ്ര സിംഗ് ബെയ്ന്‍സ് പറഞ്ഞു.

തിരുവനന്തപുരം: ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചുകൊണ്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മീഷൻ നടത്തുന്ന സാമൂഹ്യ സാമ്പത്തിക സർവേ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തു ശതമാനം സംവരണം പുതിയതായി ഏർപ്പെടുത്തുമ്പോൾ നേരത്തെ ഉണ്ടായിരുന്ന സംവരണം ആർക്കും നഷ്ടമാവില്ല. എന്നാൽ പത്തു ശതമാനം സംവരണം മുൻനിർത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം. നിലവിലെ സംവരണത്തെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണം സർക്കാർ നടപ്പാക്കിയതെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഇതിൽ ഒരു അട്ടിമറിയും ഉണ്ടായിട്ടില്ല. സംവരണത്തെ വൈകാരിക പ്രശ്നമാക്കി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നവർ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പട്ടികജാതി പട്ടികവർഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ജോലിയിൽ സംവരണമുണ്ട്. അത് തുടരുക തന്നെ ചെയ്യും. അതിൽ ആർക്കും സംശയം വേണ്ട. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കു തന്നെ കിട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ജാതി ഘടകങ്ങൾ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂ എന്നാണ് ഒരു വാദം. സാമ്പത്തിക ഘടകം മാത്രമേ അടിസ്ഥാമാക്കാവൂ എന്നാണ് മറ്റൊരു വാദം. സാമൂഹ്യ യാഥാർത്ഥ്യം ഗൗരവമായി കണക്കിലെടുത്തുള്ള സമീപനമാണ് ഇത്തരം ഒരു നടപടിയിലേക്ക് എത്തിച്ചത്. ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നതുകൊണ്ടാണ് തങ്ങൾക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടിൽ വാദിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് ശരിയല്ല. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. അടിസ്ഥാനപരമായി ഇത്തരം ഒരു അവസ്ഥയ്ക്ക് അറുതി വരുത്താൻ കൂട്ടായ പോരാട്ടമാണ് നടത്തേണ്ടത്. ആ പോരാട്ടത്തിൽ അണിനിരക്കേണ്ട വിഭാഗത്തെ ഭിന്നിപ്പിച്ച് അതിനെ ക്ഷീണിപ്പിക്കുന്ന അവസ്ഥയാണ് പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഉണ്ടാവുകയെന്ന് നാം തിരിച്ചറിയണം. സംവരണ വിഭാഗങ്ങളും സംവരണേതരവിഭാഗങ്ങളും തമ്മിലെ സംഘർഷമല്ല, അവരെ പരസ്പരം യോജിപ്പിച്ച് സാമൂഹ്യവും സാമ്പത്തികവുമായ അവശതയ്ക്ക് എതിരായ പൊതു സമരനിരയാണ് രാജ്യത്ത് ഉയർന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംവരണേതര വിഭാഗത്തിലെ ഒരു കൂട്ടർ പരമദരിദ്രരാണ്. ഇതാണ് പത്തു ശതമാനം സംവരണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. ഇതൊരു കൈത്താങ്ങാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നൽകുന്നത് സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ല. എല്ലാ വിഭാഗങ്ങളിലും പിന്നാക്കം നിൽക്കുന്ന ജനങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോവുക എന്ന നിലപാടാണ് സംവരണ കാര്യത്തിലും സ്വീകരിക്കുന്നത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് അതത് ഇടങ്ങളിലെ സാഹചര്യങ്ങളനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അതനുസരിച്ച് റിട്ടയർഡ് ജഡ്ജ് ശശിധരൻ നായർ അദ്ധ്യക്ഷനായ കമ്മിറ്റി, കേരളത്തിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, എന്നാൽ കേന്ദ്ര മാനദണ്ഡങ്ങൾക്കു വ്യതിയാനം സംഭവിക്കാത്ത വിധത്തിൽ ശുപാർശകൾ മുന്നോട്ടുവെച്ചിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

സംവരണേതര വിഭാഗങ്ങളായി അംഗീകരിക്കപ്പെട്ട 164 വിഭാഗക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ പഠിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ അവർക്കു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച ശിപാർശകൾ പരിഗണിക്കാനും വേണ്ടി മാത്രമാണ് സർവ്വേ. ഇവർ നിലവിൽ അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇല്ലാതാക്കുവാനോ കുറയ്ക്കുവാനോ ഉദ്ദേശിക്കുന്നില്ല. ഇവരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ഒന്നും സർവ്വേയിൽ അടങ്ങിയിട്ടില്ല. സർവ്വേയിൽ പങ്കെടുക്കുന്ന കാര്യത്തിലോ, ചോദ്യങ്ങളുടെ ഉത്തരം പറയുന്ന കാര്യത്തിലോ യാതൊരു വിധ സമ്മർദ്ദവും സർവ്വേയിൽ പങ്കെടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളുടെ മേൽ ചെലുത്തുകയുമില്ല. പരിപൂർണ്ണ സമ്മതത്തോടെ മാത്രമേ ആളുകൾ സർവ്വേയിൽ പങ്കെടുക്കേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

വിദഗ്ദ്ധരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് കമ്മീഷൻ സർവ്വേ ചോദ്യാവലി തയ്യാറാക്കിയത്. വിവിധ സംഘടനകളുമായി സംസ്ഥാന ജില്ലാ തലങ്ങളിൽ ചർച്ച നടത്തി സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവയിൽ ഉൾപ്പെടുന്ന എല്ലാ വാർഡുകളിലേയും, സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്തി അവരിൽ നിന്നും വിവരശേഖരണം നടത്തുന്ന തരത്തിലാണ് സർവ്വേ വിഭാവനം ചെയ്തിട്ടുള്ളത്. ഈ സർവ്വേയിലൂടെ ഏതാണ്ട് ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരശേഖരണം നടത്തും. അങ്ങനെ സംവരണേതര വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച പഠനം നടത്തുന്നതിനാവശ്യമായ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി.

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെട്ട ആഢംബര കപ്പലിലെ ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ബോംബെ ഹൈക്കോടതി. കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഒരേ കപ്പലിൽ യാത്ര ചെയ്തു എന്നതിനാൽ ഗൂഢാലോചനാക്കുറ്റം ചുമത്താൻ കഴിയില്ല. ഇവർക്ക് ജാമ്യം നൽകിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എൻ.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികൾ വിശ്വസിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

പ്രതികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം ബോധ്യപ്പെടുത്താനും കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബർ 28-നാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചികിത്സക്ക് വിധേയനാകുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക പ്രസിഡന്റായി കമലാ ഹാരിസ്. അങ്ങനെ അല്‍പ്പ നേരമാണെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാവുകയാണ് ഈ ഇന്ത്യന്‍ വംശജ.

പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന് അനസ്‌തേഷ്യയിലുള്ള സമയത്താണ് കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുക. 57കാരിയായ കമലാ ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ്. നേരത്തെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്തും ഇങ്ങനെ താല്‍ക്കാലിക അധികാര കൈമാറ്റം ഉണ്ടായിരുന്നു.