കെപിഎസി ലളിതയ്ക്ക് കരൾ നൽകാൻ സന്നദ്ധത അറിയിച്ച് കലാഭവൻ സോബി

കവളങ്ങാട്: നടി കെപിഎസി ലളിതയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി കരൾ നൽകാൻ തയ്യാറാണെന്ന് അറിയിച്ച് കലാഭവൻ സോബി. കെപിഎസി ലളിത ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സോബി ഇക്കാര്യം അറിയിച്ചു. ഒ പോസിറ്റീവാണ് സോബിയുടെ രക്തഗ്രൂപ്പ്. കരൾ ദാതാവിനെ തേടി കെപിഎസി ലളിതയുടെ മകൾ ശ്രീക്കുട്ടി സമൂഹമാദ്ധ്യമങ്ങളിൽ കുറിപ്പിട്ടിരുന്നു. ഇതിന് പിന്നാലെയാണ് 54 വയസുകാരനായ സോബി കരൾ നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്.

കെപിഎസി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണെന്നായിരുന്നു മകൾ ശ്രീക്കുട്ടി പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നത്. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരൾ മാറ്റിവയ്ക്കൽ ആവശ്യമാണ്. രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാമെന്ന് കുറിപ്പിൽ വ്യക്തമാക്കുന്നു.

പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങൾ ഇല്ലാത്തവരും ആയിരിക്കണം ദാതാവ് . ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാൻ എടുക്കൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങൾക്കായി സംഭാവന നൽകാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ എന്നും ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചിരുന്നു.