സ്വയം സഹായ സംഘങ്ങളിലെ വനിതകള്‍ക്ക് പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ സ്വയം സഹായ സംഘങ്ങളിലെ വനിതകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം രൂപ സമ്പാദിക്കുന്നതിനുള്ള ഉപജീവന പദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ കേന്ദ്ര-ഗ്രാമ വികസന മന്ത്രാലയമാണ് മഹിളാ കിസാന്‍ ശക്തീകര പരിയോജന്‍ എന്ന പദ്ധതി നടപ്പാക്കുന്നത്. 6,768 ബ്ലോക്കുകളിലാണ് പദ്ധതി നടപ്പിലാക്കും.

ഇതിനായി, വിവിധ സംഘടനകള്‍, കൃഷിവിജ്ഞാനകേന്ദ്രങ്ങള്‍, സ്വകാര്യ വിപണി എന്നിവയുടെ പിന്തുണയോടെ ആവശ്യമായ പരിഷ്‌കാരങ്ങള്‍ സ്വയംസഹായ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നടപ്പാക്കണമെന്ന് സംസ്ഥാന ഗ്രാമ വികസന, തദ്ദേശ വകുപ്പുകളോട് കേന്ദ്ര മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദീന്‍ദയാല്‍ അന്ത്യോദയ യോജന, മഹിള കിസാന്‍ ശക്തീകര പരിയോജന്‍ തുടങ്ങിയവയും സ്വാശ്രയ സംഘങ്ങളുടെ വരുമാന വര്‍ധനക്കായി നിലകൊള്ളും.

കൃഷി,വാണിജ്യ സംരംഭങ്ങളിലൂടെ രണ്ടുവര്‍ഷത്തിനുള്ളില്‍ രണ്ടരകോടി വനിതകള്‍ക്ക് ഒരുലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വഴി ഒരുക്കുന്നത്. രാജ്യത്ത് നിലവില്‍ 70 ലക്ഷം സ്വയംസഹായ സംഘങ്ങളിലായി 7.7 കോടി വനിതകളുണ്ട്. ബാങ്ക് ലിങ്കേജ് വായ്പകളുടെ പിന്തുണയോടെയാണ് തൊഴില്‍ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുത്.