ബൈഡന്‍ ചികിത്സക്ക് പോകുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക അമേരിക്കന്‍ പ്രസിഡന്റാവാന്‍ കമലാ ഹാരിസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചികിത്സക്ക് വിധേയനാകുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക പ്രസിഡന്റായി കമലാ ഹാരിസ്. അങ്ങനെ അല്‍പ്പ നേരമാണെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാവുകയാണ് ഈ ഇന്ത്യന്‍ വംശജ.

പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന് അനസ്‌തേഷ്യയിലുള്ള സമയത്താണ് കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുക. 57കാരിയായ കമലാ ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ്. നേരത്തെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്തും ഇങ്ങനെ താല്‍ക്കാലിക അധികാര കൈമാറ്റം ഉണ്ടായിരുന്നു.