ആര്യൻ ഖാനെതിരെ ഗൂഢാലോചനയ്ക്ക് തെളിവില്ല; ബോംബെ ഹൈക്കോടതി

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെട്ട ആഢംബര കപ്പലിലെ ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ബോംബെ ഹൈക്കോടതി. കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഒരേ കപ്പലിൽ യാത്ര ചെയ്തു എന്നതിനാൽ ഗൂഢാലോചനാക്കുറ്റം ചുമത്താൻ കഴിയില്ല. ഇവർക്ക് ജാമ്യം നൽകിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എൻ.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികൾ വിശ്വസിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

പ്രതികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം ബോധ്യപ്പെടുത്താനും കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബർ 28-നാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.