Highlights (Page 161)

മുംബൈ: ഇന്ത്യന്‍ മഹാസമുദ്രത്തിലെ തങ്ങളുടെ നാവിക ശക്തി കൂടുതല്‍ ദൃഢപ്പെടുത്താന്‍ തയ്യാറായി ഇന്ത്യ., ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ശ്രമിക്കുന്ന ചൈനക്കുള്ള ശക്തമായ മുന്നറിയിപ്പാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യാതിഥിയായ ചടങ്ങില്‍ വച്ച് ഐ എന്‍ എസ് വിശാഖപട്ടണം കമ്മിഷന്‍ ചെയ്തത്..

നാല് ഡിസ്‌ട്രോയര്‍ കപ്പലുകളാണ് വിശാഖപട്ടണം ക്ലാസില്‍ നിര്‍മിക്കുന്നത്. കപ്പലുകള്‍ക്കെല്ലാം ഇന്ത്യയിലെ പ്രധാന നഗരങ്ങളുടെ പേരുകളാണ് നല്‍കിയിട്ടുള്ളത്. വിശാഖപ്പട്ടണം, മൊര്‍മുഗാവോ, ഇംഫാല്‍, സൂറത്ത് എന്നിങ്ങനെയാണ് കപ്പലുകളുടെ പേരുകള്‍. നിരവധി അത്യാധുനിക സജ്ജീകരണങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ തദ്ദേശീയ മിസൈലുകളായ ബി ഇ എല്‍ മിസൈല്‍, ബ്രഹ്മോസ് മിസൈല്‍, ടോര്‍പെഡോ ട്യൂബ്‌സ് എന്നീ പടക്കോപ്പുകളും കപ്പലിലുണ്ട്. കപ്പലിലെ സൗകര്യങ്ങളുടെ 75 ശതമാനവും തദ്ദേശീയമായി തന്നെ വികസിപ്പിച്ചവയാണ്.

പ്രൊജക്ട് 15 ബിയുടെ ഭാഗമായി ആദ്യമായി കമ്മിഷന്‍ ചെയ്യപ്പെടുന്ന പടക്കപ്പലാണ് ഐ എന്‍ എസ് വിശാഖപട്ടണം. വിശാഖപട്ടണം ക്ലാസിലെ മിസൈല്‍ വാഹിനി കപ്പലുകളുടെ നേതൃസ്ഥാനത്തായിരിക്കും ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ സ്ഥാനം. മുംബയിലെ നേവല്‍ ഡോക്ക് യാര്‍ഡില്‍ വച്ചാണ് കപ്പലിന്റെ കമ്മിഷന്‍ ചടങ്ങുകള്‍ നടക്കുക. ഇതിനു പുറമേ നവംബര്‍ 28ന് നടക്കുന്ന ചടങ്ങില്‍ കല്‍വരി ക്ലാസിലെ നാലാമത്തെ അന്തര്‍വാഹിനിയായ വേലയുടെ കമ്മിഷന്‍ ചടങ്ങുകളും നടക്കും. നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ചീഫ് കരംബീര്‍ സിംഗ് ആയിരിക്കും മുഖ്യാതിഥി. ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ കമ്മിഷന്‍ നടത്താന്‍ നാവിക സേന തയ്യാറായെന്നും തദ്ദേശീയമായി നിര്‍മിച്ച പടക്കപ്പലുകളുടെ എണ്ണത്തില്‍ ഇന്ന് രാജ്യം മുന്‍പന്തിയിലാണെന്നും ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ കമാന്‍ഡിംഗ് ഓഫീസര്‍ ക്യാപ്ടന്‍ ബിരേന്ദ്ര സിംഗ് ബെയ്ന്‍സ് പറഞ്ഞു.

തിരുവനന്തപുരം: ഒരു വിഭാഗത്തിന്റേയും സംവരണം അട്ടിമറിച്ചുകൊണ്ടല്ല മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള പത്തു ശതമാനം സംവരണം നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ കമ്മീഷൻ നടത്തുന്ന സാമൂഹ്യ സാമ്പത്തിക സർവേ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പത്തു ശതമാനം സംവരണം പുതിയതായി ഏർപ്പെടുത്തുമ്പോൾ നേരത്തെ ഉണ്ടായിരുന്ന സംവരണം ആർക്കും നഷ്ടമാവില്ല. എന്നാൽ പത്തു ശതമാനം സംവരണം മുൻനിർത്തി വലിയ വിവാദത്തിനാണ് ചിലരുടെ ശ്രമം. നിലവിലെ സംവരണത്തെ അട്ടിമറിച്ചാണ് സാമ്പത്തിക സംവരണം സർക്കാർ നടപ്പാക്കിയതെന്ന് ചിലർ വാദിക്കുന്നു. എന്നാൽ ഇതിൽ ഒരു അട്ടിമറിയും ഉണ്ടായിട്ടില്ല. സംവരണത്തെ വൈകാരിക പ്രശ്നമാക്കി വളർത്തിയെടുത്ത് ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നവർ യഥാർത്ഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

പട്ടികജാതി പട്ടികവർഗക്കാർക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നാക്കം നിൽക്കുന്നവർക്കും സർക്കാർ ജോലിയിൽ സംവരണമുണ്ട്. അത് തുടരുക തന്നെ ചെയ്യും. അതിൽ ആർക്കും സംശയം വേണ്ട. ഓരോ സമുദായത്തിനും അർഹതപ്പെട്ട സംവരണാനുകൂല്യം മുഴുവൻ അവർക്കു തന്നെ കിട്ടുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ജാതി ഘടകങ്ങൾ മാത്രമേ സംവരണത്തിന് അടിസ്ഥാനമാകാവൂ എന്നാണ് ഒരു വാദം. സാമ്പത്തിക ഘടകം മാത്രമേ അടിസ്ഥാമാക്കാവൂ എന്നാണ് മറ്റൊരു വാദം. സാമൂഹ്യ യാഥാർത്ഥ്യം ഗൗരവമായി കണക്കിലെടുത്തുള്ള സമീപനമാണ് ഇത്തരം ഒരു നടപടിയിലേക്ക് എത്തിച്ചത്. ഏതെങ്കിലും ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ ലഭിക്കുന്നതുകൊണ്ടാണ് തങ്ങൾക്ക് ആനുകൂല്യം കിട്ടാത്തതെന്ന മട്ടിൽ വാദിക്കുന്ന ഒരു പ്രവണതയുണ്ട്. ഇത് ശരിയല്ല. എല്ലാവർക്കും ജീവിതയോഗ്യമായ സാഹചര്യം ഉണ്ടാവുക എന്നതാണ് പ്രധാനം. അടിസ്ഥാനപരമായി ഇത്തരം ഒരു അവസ്ഥയ്ക്ക് അറുതി വരുത്താൻ കൂട്ടായ പോരാട്ടമാണ് നടത്തേണ്ടത്. ആ പോരാട്ടത്തിൽ അണിനിരക്കേണ്ട വിഭാഗത്തെ ഭിന്നിപ്പിച്ച് അതിനെ ക്ഷീണിപ്പിക്കുന്ന അവസ്ഥയാണ് പരസ്പരം ആരോപണം ഉന്നയിക്കുന്നതിലൂടെ ഉണ്ടാവുകയെന്ന് നാം തിരിച്ചറിയണം. സംവരണ വിഭാഗങ്ങളും സംവരണേതരവിഭാഗങ്ങളും തമ്മിലെ സംഘർഷമല്ല, അവരെ പരസ്പരം യോജിപ്പിച്ച് സാമൂഹ്യവും സാമ്പത്തികവുമായ അവശതയ്ക്ക് എതിരായ പൊതു സമരനിരയാണ് രാജ്യത്ത് ഉയർന്നു വരേണ്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംവരണേതര വിഭാഗത്തിലെ ഒരു കൂട്ടർ പരമദരിദ്രരാണ്. ഇതാണ് പത്തു ശതമാനം സംവരണമെന്ന ആവശ്യത്തിലേക്ക് എത്തുന്നതിന് ഇടയാക്കിയത്. ഇതൊരു കൈത്താങ്ങാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തു ശതമാനം സംവരണം നൽകുന്നത് സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ല. എല്ലാ വിഭാഗങ്ങളിലും പിന്നാക്കം നിൽക്കുന്ന ജനങ്ങളെ കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോവുക എന്ന നിലപാടാണ് സംവരണ കാര്യത്തിലും സ്വീകരിക്കുന്നത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിൽ സംസ്ഥാനങ്ങൾക്ക് അതത് ഇടങ്ങളിലെ സാഹചര്യങ്ങളനുസരിച്ച് മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. അതനുസരിച്ച് റിട്ടയർഡ് ജഡ്ജ് ശശിധരൻ നായർ അദ്ധ്യക്ഷനായ കമ്മിറ്റി, കേരളത്തിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ, എന്നാൽ കേന്ദ്ര മാനദണ്ഡങ്ങൾക്കു വ്യതിയാനം സംഭവിക്കാത്ത വിധത്തിൽ ശുപാർശകൾ മുന്നോട്ടുവെച്ചിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.

സംവരണേതര വിഭാഗങ്ങളായി അംഗീകരിക്കപ്പെട്ട 164 വിഭാഗക്കാർ അഭിമുഖീകരിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങൾ പഠിക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ അവർക്കു ലഭ്യമാക്കേണ്ട ആനുകൂല്യങ്ങൾ സംബന്ധിച്ച ശിപാർശകൾ പരിഗണിക്കാനും വേണ്ടി മാത്രമാണ് സർവ്വേ. ഇവർ നിലവിൽ അനുഭവിക്കുന്ന ആനുകൂല്യങ്ങളൊന്നും ഇല്ലാതാക്കുവാനോ കുറയ്ക്കുവാനോ ഉദ്ദേശിക്കുന്നില്ല. ഇവരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ള ഒന്നും സർവ്വേയിൽ അടങ്ങിയിട്ടില്ല. സർവ്വേയിൽ പങ്കെടുക്കുന്ന കാര്യത്തിലോ, ചോദ്യങ്ങളുടെ ഉത്തരം പറയുന്ന കാര്യത്തിലോ യാതൊരു വിധ സമ്മർദ്ദവും സർവ്വേയിൽ പങ്കെടുക്കുന്ന കുടുംബങ്ങളിലെ അംഗങ്ങളുടെ മേൽ ചെലുത്തുകയുമില്ല. പരിപൂർണ്ണ സമ്മതത്തോടെ മാത്രമേ ആളുകൾ സർവ്വേയിൽ പങ്കെടുക്കേണ്ടതുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

വിദഗ്ദ്ധരുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് കമ്മീഷൻ സർവ്വേ ചോദ്യാവലി തയ്യാറാക്കിയത്. വിവിധ സംഘടനകളുമായി സംസ്ഥാന ജില്ലാ തലങ്ങളിൽ ചർച്ച നടത്തി സഹകരണം ഉറപ്പുവരുത്തിയിട്ടുണ്ട്. കേരളത്തിലെ ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്നിവയിൽ ഉൾപ്പെടുന്ന എല്ലാ വാർഡുകളിലേയും, സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചു വീതം കുടുംബങ്ങളെ കണ്ടെത്തി അവരിൽ നിന്നും വിവരശേഖരണം നടത്തുന്ന തരത്തിലാണ് സർവ്വേ വിഭാവനം ചെയ്തിട്ടുള്ളത്. ഈ സർവ്വേയിലൂടെ ഏതാണ്ട് ഒരു ലക്ഷത്തോളം കുടുംബങ്ങളുടെ വിവരശേഖരണം നടത്തും. അങ്ങനെ സംവരണേതര വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ സംബന്ധിച്ച പഠനം നടത്തുന്നതിനാവശ്യമായ വിവരങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്ററാണ് ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചത്. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി.

മുംബൈ: ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ഉൾപ്പെട്ട ആഢംബര കപ്പലിലെ ലഹരിപാർട്ടി കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുമായി ബോംബെ ഹൈക്കോടതി. കേസിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർക്കെതിരേ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു. ഇവർ തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളിൽ കുറ്റകരമായ ഒന്നും കണ്ടെത്താനായില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൻമുൻ ധമേച്ച എന്നിവർ ഒരേ കപ്പലിൽ യാത്ര ചെയ്തു എന്നതിനാൽ ഗൂഢാലോചനാക്കുറ്റം ചുമത്താൻ കഴിയില്ല. ഇവർക്ക് ജാമ്യം നൽകിയതിന്റെ കാരണം വിശദീകരിച്ചുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എൻ.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികൾ വിശ്വസിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

പ്രതികൾ നിയമവിരുദ്ധമായ പ്രവൃത്തികൾ ചെയ്തെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളൊന്നും ഹാജരാക്കാനായിട്ടില്ല. പ്രോസിക്യൂഷന് ഇക്കാര്യം ബോധ്യപ്പെടുത്താനും കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒക്ടോബർ 28-നാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കർശനമായ ഉപാധികളോടെയായിരുന്നു ജാമ്യം. ഷാരൂഖ് ഖാന്റെ സുഹൃത്തും നടിയുമായ ജൂഹി ചൗളയാണ് ആര്യന് വേണ്ടി ജാമ്യം നിന്നത്.

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചികിത്സക്ക് വിധേയനാകുന്ന സാഹചര്യത്തില്‍ താല്‍ക്കാലിക പ്രസിഡന്റായി കമലാ ഹാരിസ്. അങ്ങനെ അല്‍പ്പ നേരമാണെങ്കിലും അമേരിക്കയുടെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാവുകയാണ് ഈ ഇന്ത്യന്‍ വംശജ.

പ്രസിഡന്റിന് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്നും സ്ഥിരം പരിശോധനകളുടെ ഭാഗമായാണ് ആശുപത്രിയില്‍ അഡ്മിറ്റാവുന്നതെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈഡന് അനസ്‌തേഷ്യയിലുള്ള സമയത്താണ് കമലാ ഹാരിസ് പ്രസിഡന്റ് സ്ഥാനത്തിരിക്കുക. 57കാരിയായ കമലാ ഹാരിസാണ് അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രസിഡന്റ്. നേരത്തെ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ കാലത്തും ഇങ്ങനെ താല്‍ക്കാലിക അധികാര കൈമാറ്റം ഉണ്ടായിരുന്നു.

ന്യൂഡൽഹി: രാജ്യത്തെ ബാങ്കിംഗ് മേഖല വളരെ ശക്തമായ നിലയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കിംഗ് മേഖലയിൽ ഗവൺമെന്റ് തുടക്കം കുറിച്ച പരിഷ്‌കാരങ്ങൾ ബാങ്കിംഗ് മേഖലയെ എല്ലാ വിധത്തിലും പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു. തടസ്സമില്ലാത്ത വായ്പാ പ്രവാഹത്തിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയുള്ള സമന്വയം സൃഷ്ടിക്കുക’ എന്ന വിഷയത്തിലെ സമ്മേളനത്തിന്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങൾ അനുമതി നൽകുന്നവരാണെന്നും ഉപഭോക്താവ് അപേക്ഷകനാണെന്നും അല്ലെങ്കിൽ തങ്ങൾ ദാതാവും ഉപഭോക്താവ് സ്വീകർത്താവുമാണെന്ന തോന്നൽ ഉപേക്ഷിച്ച്, ബാങ്കുകൾ പങ്കാളിത്തത്തിന്റെ മാതൃക സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2014 ന് മുൻപുള്ള പ്രശ്നങ്ങളും വെല്ലുവിളികളും ഒന്നൊന്നായി പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തിയിട്ടുണ്ട്. നിഷ്‌ക്രീയാസ്ഥികളുടെ (എൻ.പി.എ) പ്രശ്നത്തെ അഭിസംബോധന ചെയ്യുകയും, ബാങ്കുകളിൽ പുനർമൂലധനവൽക്കരണം നടത്തുകയും അവയുടെ ശക്തി വർദ്ധിപ്പിക്കുകയും ചെയ്തു. ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്റ്റൻസി കോഡു (ഐ.ബി.സി)പോലുള്ള പരിഷ്‌കാരങ്ങൾ കൊണ്ടുവന്നു, നിരവധി നിയമങ്ങൾ പരിഷ്‌കരിച്ചു, കടം വീണ്ടെടുക്കൽ (ഡെറ്റ് റിക്കവറി) ട്രിബ്യൂണലിനെ ശക്തിപ്പെടുത്തി. കോവിഡ് വൈറസ് വ്യാപനത്തിന്റെ കാലഘട്ടത്തിൽ രാജ്യത്ത് ഒരു സമർപ്പിത സ്ട്രെസ്ഡ് അസറ്റ് മാനേജ്മെന്റ് വെർട്ടിക്കൽ (സമ്മർദ്ദ ആസ്തി പരിപാലന ലംബരൂപം ) രൂപീകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ മുന്നേറ്റം നൽകുന്നതിനും രാജ്യത്തെ സ്വാശ്രയമാക്കുന്നതിനും പുതിയ ഊർജ്ജം പകർന്നുനൽകുന്നതിനായി സുപ്രധാനമായ പങ്ക് വഹിക്കാൻ ഇന്ന് ഇന്ത്യയിലെ ബാങ്കുകൾ ശക്തമാണ്. കേന്ദ്രസർക്കാർ സമീപ വർഷങ്ങളിൽ സ്വീകരിച്ച നടപടികൾ ബാങ്കുകൾക്ക് ശക്തമായ മൂലധന അടിത്തറ സൃഷ്ടിച്ചു. പൊതുമേഖലാ ബാങ്കുകളിലെ എൻ.പി.എ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലായതിനാൽ ബാങ്കുകൾക്ക് മതിയായ പണലഭ്യതയും എൻ.പി.എയുടെ കരുതലിന് വേണ്ടിയുള്ള വ്യവസ്ഥയും വേണ്ട. ഇത് അന്താരാഷ്ട്ര ഏജൻസികൾക്ക് ഇന്ത്യൻ ബാങ്കുകളോടുള്ള വീക്ഷണം നവീകരിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൻധൻ പദ്ധതി നടപ്പാക്കുന്നതിൽ ബാങ്കിംഗ് മേഖല കാണിക്കുന്ന ആവേശത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കിടയിലും ഓൺലൈൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിദ്യാഭ്യാസം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കേരളത്തിന് കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഒത്തൊരുമിച്ച് ആവേശപൂർവ്വം ആ ലക്ഷ്യത്തിനായി കഠിന പരിശ്രമം ചെയ്തുവെന്നും ആ പ്രവർത്തനങ്ങൾക്ക് വിട്ടു വീഴ്ചയില്ലാത്ത നേതൃത്വം നൽകാനും നൂതനമായ പദ്ധതികളിലൂടെ വെല്ലുവിളികൾ മറികടക്കാനും സർക്കാരിനു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഡിവൈഡ് എന്ന പ്രധാന പ്രശ്‌നത്തെ മറികടക്കുന്നതിനായി വിദ്യാകിരണം പദ്ധതിയ്ക്ക് ജനകീയമായി തുടക്കം കുറിക്കാനായി. എല്ലാ ഘട്ടങ്ങളിലും പൂർണ പിന്തുണയുമായി പൊതുജനങ്ങളും സർക്കാരിനൊപ്പം നിലയുറപ്പിച്ചു. ആ ഇച്ഛാശക്തിയുടേയും ഐക്യത്തിന്റേയും ഫലമായി രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. Annual Status of Education Report (ASER) 2021 ആ നേട്ടത്തിനു അടിവരയിടുകയാണ്. ഈ സർവേ പ്രകാരം കോവിഡ് കാലത്ത് കേരളത്തിൽ ഗ്രാമീണ മേഖലയിലെ 91 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം നൽകാൻ സാധിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ 24.2 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ മാർഗം പഠനം സാധ്യമായത്. മിക്ക സംസ്ഥാനങ്ങളേക്കാളും ബഹുദൂരം മുന്നിലാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

100 ശതമാനം കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകുന്ന കാലം യാഥാർത്ഥ്യമാക്കണം. ആ ലക്ഷ്യത്തിനായി ഇതുവരെയുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികവോടെ മുന്നോട്ടു കൊണ്ടുപോകാൻ എല്ലാവർക്കും ഒരുമിച്ച് നിൽക്കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആരോഗ്യസംരക്ഷണത്തിന്റെ എല്ലാ മേഖലകളും കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ ആഗോള ശ്രദ്ധ നേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ആരോഗ്യ സംരക്ഷണ മേഖല നേടിയ ആഗോള വിശ്വാസം സമീപകാലത്ത് ഇന്ത്യയെ ‘ലോകത്തിന്റെ ഫാർമസി’ എന്ന് വിളിക്കുന്നതിലേക്ക് നയിച്ചതായി അദ്ദേഹം പറഞ്ഞു. ഫാർമസ്യൂട്ടിക്കൽ മേഖലയിലെ ആദ്യ ആഗോള ഇന്നൊവേഷൻ ഉച്ചകോടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് വൈറസ് വ്യാപനം ഫാർമസ്യൂട്ടിക്കൽ മേഖലയെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജീവിതശൈലിയോ, മരുന്നുകളോ, മെഡിക്കൽ സാങ്കേതികവിദ്യയോ, വാക്സിനുകളോ ആകട്ടെ, രണ്ട് വർഷത്തിനിടെ എല്ലാ മേഖലകളിലും ആഗോള ശ്രദ്ധ നേടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ആരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ നിർവചനം ഭൗതികമായ അതിരുകളാൽ പരിമിതപ്പെടുത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.

മുഴുവൻ മനുഷ്യരാശിയുടെയും ക്ഷേമത്തിൽ ഇന്ത്യ വിശ്വസിക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് തങ്ങൾ ഈ ആത്മാവിനെ ലോകമെമ്പാടും കാണിച്ചു. മഹാമാരിയുടെ പ്രാരംഭ ഘട്ടത്തിൽ ഞങ്ങൾ 150 ലധികം രാജ്യങ്ങളിലേക്ക് ജീവൻരക്ഷാ മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും കയറ്റുമതി ചെയ്തു. ഈ വർഷം 100 രാജ്യങ്ങളിലേക്ക് 65 ദശലക്ഷത്തിലധികം കോവിഡ് വാക്സിനുകൾ ഞങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ട്. മരുന്ന് കണ്ടുപിടിത്തത്തിലും നൂതന മെഡിക്കൽ ഉപകരണങ്ങളിലും ഇന്ത്യയെ മുൻനിരയിലാക്കാൻ നൂതനമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം വിശദമാക്കി.

എല്ലാ പങ്കാളികളുമായും വിപുലമായ കൂടിയാലോചനയുടെ അടിസ്ഥാനത്തിലാണ് നയപരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. വ്യവസായത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ കഴിവുള്ള ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും വലിയൊരു സംഘം ഇന്ത്യയിലുണ്ട്. ഇന്ന് ഇന്ത്യയിലെ 1.3 ബില്യൺ ആളുകൾ ഇന്ത്യയെ ആത്മനിർഭർ ആക്കുന്നതിന് സ്വയം ഏറ്റെടുത്തിരിക്കുമ്പോൾ, വാക്സിനുകൾക്കും മരുന്നുകൾക്കുമുള്ള പ്രധാന ചേരുവകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് നാം ചിന്തിക്കണം. ഇന്ത്യ കീഴടക്കേണ്ട ഒരു മേഖലയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍/സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക്സി .എച്ച്.മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്/ഹോസ്റ്റല്‍ സ്‌റ്റൈപന്റ് (റിന്യൂവല്‍) പുതുക്കുന്നതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 2020-21 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ്പ് ലഭിച്ചവര്‍ക്കാണ് പുതുക്കലിന് അവസരം.

ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്ക് 5,000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 6,000 രൂപ വീതവും, പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് 7,000 രൂപ വീതവും ഹോസ്റ്റല്‍ സ്‌റ്റൈപന്റ് ഇനത്തില്‍ 13,000 രൂപ വീതവുമാണ് പ്രതിവര്‍ഷം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. www.minoritywelfare.kerala.gov മുഖേന ഓണ്‍ലൈനായി അപേക്ഷിക്കണം. അപേക്ഷ 20 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2300524.

സംസ്ഥാനത്തിന് പുറത്ത് പഠിക്കുന്ന ഒ.ബി.സി വിഭാഗങ്ങള്‍ക്കുള്ള് സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/ റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച് ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

കുടുംബ വാര്‍ഷിക വരുമാനം രണ്ടര ലക്ഷം രൂപയില്‍ അധികമാകരുത്. www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in ല്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളില്‍ ബന്ധപ്പെടുക. കൊല്ലം മേഖലാ ഓഫീസ്: 0474-2914417, എറണാകുളം മേഖലാ ഓഫീസ്: 0484-2429130, കോഴിക്കോട് മേഖലാ ഓഫീസ്: 0495-2377786.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ എന്ന ചിത്രത്തില്‍ അമ്മായിയച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ടി.സുരേഷ് ബാബുവും ട്രാന്‍സ് ജെന്റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാമും തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഹസ്വചിത്രം ‘ചിലര്‍’ മികച്ച പ്രതികരണം നേടി മുന്നേറുന്നു.

അമല്‍ ജോസ്, ടൈറ്റസ് കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം കഥാപാത്രങ്ങളുടെ മികവിലൂടെയാണ് ചര്‍ച്ചയാകുന്നത്. സംവിധായകരായ ദീലീഷ് പോത്തന്‍, ഡോമിന്‍ ഡിസില്‍വ, ഡിന്‍ജിത്ത് അയ്യത്താന്‍, നടന്‍മാരായ രാജേഷ് ശര്‍മ്മ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രം റിലീസ് ചെയ്തത്. മൂവിലക്‌സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

ജോളി ചിറയത്ത് ,നയന, ജിതിന്‍ പി. വി, ടൈറ്റസ് കണ്ടത്തില്‍, കുമാരി അല്‍മിത്ര സുഭാഷ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനീഷ് അര്‍ജുനന്‍, തരുണ്‍ ഭാസ്‌കരന്‍ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

കൊച്ചി : ശബരിമലയിൽ അപ്പം, അരവണ നിർമ്മാണത്തിന് എത്തിച്ച ശർക്കരയിൽ ഹലാൽ മുദ്ര പതിപ്പിച്ചെന്ന ആരോപണത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട് തേടി ഹൈക്കോടതി. ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്. ജെ. ആർ കുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. വിഷയത്തിൽ നാളെ നിലപാട് അറിയിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ടും സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.

അപ്പം, അരവണ പ്രസാദത്തിനുപയോഗിച്ച ഏതാനും ശർക്കര പാക്കറ്റുകളിൽ മാത്രമാണ് മുദ്രയുണ്ടായിരുന്നതെന്നാണ് ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചിരിക്കുന്നത്. കയറ്റുമതി നിലവാരമുള്ള ശർക്കരയാണിതെന്നും അറബ് രാജ്യങ്ങളിലേക്കടക്കം കയറ്റുമതി ചെയ്യുന്നതുകൊണ്ടാണ് ശർക്കര ചാക്കുകളിൽ ഹലാൽ മുദ്ര ഉണ്ടായതെന്നും ദേവസ്വം ബോർഡ് വാക്കാൽ കോടതിയോട് വിശദമാക്കി. മറ്റ് മതസ്ഥരുടെ മുദ്രവെച്ച ആഹാര സാധനങ്ങൾ ശബരിമലയിൽ ഉപയോഗിയ്ക്കാൻ പാടില്ലെന്ന കീഴ് വഴക്കം ദേവസ്വം ബോർഡ് ലംഘിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ജെ ആർ കുമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. കയറ്റുതി യോഗ്യതകളുണ്ടായിട്ടും ഭക്ഷ്യയോഗ്യമല്ലാത്തതിനാലാണ് ഹലാൽ മുദ്രപതിച്ച ശർക്കര കുറഞ്ഞ വിലയ്ക്ക് ബോർഡിന് ലഭിച്ചതെന്നും ഇത്തരത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര ഉപയോഗിച്ച് പ്രസാദം നിർമ്മിച്ചത് ഗുരുതരമായ കുറ്റമാണെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. ലേലത്തിൽ പോയ ഭക്ഷ്യയോഗ്യമല്ലാത്ത ശർക്കര പിടിച്ചെടുത്ത് നശിപ്പിയ്ക്കണമെന്ന ആവശ്യവും ഹർജിയിൽ ജെ ആർ കുമാർ ഉന്നയിക്കുന്നുണ്ട്.

അതേസമയം ശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തിയതായാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. പത്ത് ഇടത്താവളങ്ങളിലാണ് ക്രമീകരണമൊരുക്കിയിരിക്കുന്നതെന്നും മുൻകൂർബുക്ക് ചെയ്യാത്ത തീർഥാടകർക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്തി ദർശനം നടത്താമെന്നും സർക്കാർ വ്യക്തമാക്കി. വെർച്വൽക്യൂവിന് പുറമെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഇടത്താവളങ്ങളിലടക്കം സ്‌പോട്ട് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തുന്ന കാര്യത്തിൽ ദേവസ്വവും സർക്കാരും ആലോചിച്ച് തീരുമാനമെടുക്കണമെന്ന നിർദ്ദേശം ഹൈക്കോടതി നേരത്തെ നൽകിയിരുന്നു.ആധാർകാർഡ്, വോട്ടർ ഐ.ഡി, പാസ്‌പോർട്ട് തുടങ്ങിയ രേഖകൾ സ്‌പോട്ട് ബുക്കിംഗിനായി ഉപയോഗിക്കാം. 72 മണിക്കൂർ മുമ്പ് എടുത്ത പാർട്ടി പിസിആർ ഫലം അല്ലെങ്കിൽ രണ്ട് വാക്‌സിനേഷൻ രേഖകൾ ഹാജരാക്കണമെന്നും വെർച്വൽക്യൂ വഴിയുള്ള ബുക്കിങ്ങിനും പാസ്‌പോർട്ട് ഉപയോഗിക്കാൻ കഴിയുന്നവിധം സോഫ്റ്റ് വെയറിൽ മാറ്റംവരുത്തുമെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദമാക്കി.