ആഗോളതാപനത്തിന്റെ കാഠിന്യമേറുന്നു; സൂചനയുമായി കാലാവസ്ഥാ ക്ലോക്ക്

കൊവിഡ് നിയന്ത്രണങ്ങള്‍ മാറുന്നതോടെ അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവും ഉയര്‍ന്ന് വരികയാണ്. 2019 ല്‍ ഉണ്ടായിരുന്ന അളവിലേക്ക് കാര്‍ബണ്‍ ബഹിര്‍ഗമന തോത് ഈ വര്‍ഷം അവസാനത്തോടെ വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ 1.5ഡിഗ്രി സെല്‍ഷ്യസ് എന്ന നിര്‍ണായക ഘട്ടത്തിലേക്ക് ആഗോളതാപന നിരക്ക് എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് 19 എന്ന മഹാമാരി വരുത്തിയ വിപത്തുകള്‍ക്കിടയിലും അത് ഭൂമിയിലുണ്ടാക്കിയ ചില മാറ്റങ്ങള്‍ ആഗോള താപനത്തിന്റെ വേഗത കുറച്ചിരുന്നു.

എത്ര വേഗത്തിലാണ് ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തുകയെന്ന് സൂചിപ്പിക്കുകയായിരുന്നു 2015 ല്‍ ഗവേഷകര്‍ കാലാവസ്ഥാ ക്ലോക്കിന് രൂപം നല്‍കിയത്. ആഗോളതലത്തിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമന തോതും നിലവിലെ കാലാവസ്ഥയും അടിസ്ഥാനമാക്കിയാണ് ഈ ക്ലോക്ക് പ്രവര്‍ത്തിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടയിലെ കാര്‍ബണ്‍ ബഹിര്‍ഗമന തോതാണ് പ്രവചനത്തിനായി കാലാവസ്ഥാ ക്ലോക്ക് പരിഗണിക്കുക. കാര്‍ബണ്‍ ബഹിര്‍ഗമന തോതിലും താപനിലയിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലേയ്ക്ക് എത്തുന്നതിനുള്ള സമയം ക്ലോക്ക് പ്രദര്‍ശിപ്പിക്കും. ആഗോളതാപന നിരക്കിന്റെ തല്‍സമയ തോതാണ് ഈ ക്ലോക്ക് പ്രദര്‍ശിപ്പിക്കുക. കാര്‍ബണ്‍ ബഹിര്‍ഗമന തോതിലുണ്ടാകുന്ന മാറ്റവും താപനിലയിലെ മാറ്റവും ഇതോടൊപ്പം 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് ആഗോളതാപനം എത്തുന്നതിനുള്ള സമയവുമാണ് ക്ലോക്കിലുള്ളത്. കാര്‍ബണ്‍ ബഹിര്‍ഗമന തോതും താപനിലയും വര്‍ധിക്കുന്നതിന് അനുസൃതമായി ക്ലോക്കിലെ ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്താനുള്ള സമയവും കുറയുന്നതായി കാണാം.

ഈ വര്‍ഷം കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്ത് ക്ലോക്ക് പുതുക്കിയിരുന്നു. ആഗോളതാപന നിലയിലെ വര്‍ധനവ്, ഹരിതഗൃഹ വാതകങ്ങളുടെ ആകെ ബഹിര്‍ഗമന തോത് ഇവയുടെ കണക്കുകള്‍ ചേര്‍ത്താണ് കാലാവസ്ഥാ ക്ലോക്ക് പുതുക്കിയത്. ഈ കണക്കുകള്‍ പ്രകാരം വ്യവസായവിപ്ലവത്തിന് ശേഷമുള്ള താപനിലയിലെ വര്‍ധനവ് നവംബര്‍ 2021 ന് 1.24 ഡിഗ്രി സെല്‍ഷ്യസാണ്. അതായാത് 1.30 ഡിഗ്രി സെല്‍ഷ്യസിലേയ്‌ക്കെത്താന്‍ വെറും 0.6 ഡിഗ്രി സെല്‍ഷ്യസിന്റെ വര്‍ധവ് കൂടി മാത്രം മതിയാകും. എന്നാല്‍ 10 വര്‍ഷത്തിനുള്ളില്‍ 0.6 ഡിഗ്രി സെല്‍ഷ്യസ് വര്‍ധനവെന്നത് ഇതുവരെയുള്ള ആഗോളതാപന വര്‍ധനവ് നിരക്കിനെ അപേക്ഷിച്ച് നോക്കിയാല്‍ അതിവേഗത്തിലാണെന്ന് കാണാം.കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് മുന്‍പുള്ള സ്ഥിതിയിലേക്ക് കാര്‍ബണ്‍ ബഹിര്‍ഗമനം തിരികെ പോകുന്നു എന്നതാണ് പുതിയ കണക്കുകള്‍ തെളിയിക്കുന്നത്. 2019 ലെ കാര്‍ബണ്‍ ബഹിര്‍ഗമനത്തേക്കാള്‍ കണക്കുകള്‍ പ്രകാരം ഏതാണ്ട് 5.4 ശതമാനം കുറവാണ് കോവിഡ നിയന്ത്രണങ്ങള്‍ മൂലം 2020 ല്‍ ഉണ്ടായത്. എന്നാല്‍ 2020 ല്‍ നിന്ന് 2021ലേക്കെത്തുമ്പോള്‍ ഇതിനകം തന്നെ ഏകദേശം 4.9 ശതമാനം വര്‍ധനവുണ്ടായതായി കണക്കാക്കുന്നു.

2016 പാരിസ് ഉച്ചകോടിയിലാണ് ആഗോളതാപന നിരക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിന് താഴെ നിലനിര്‍ത്താനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയത്. എന്നാല്‍ അംഗരാജ്യങ്ങള്‍ക്കിടയിലെ ഭിന്നത മൂലം ഇതില്‍ അന്തിമ തീരുമാനം ഉണ്ടായത് 2019 ലാണ്. കഴിഞ്ഞ ആഴ്ച അവസാനിച്ച ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിലും സമാനമായ ലക്ഷ്യമാണ് മുന്നോട്ടു വച്ചിട്ടുള്ളത്.