Highlights (Page 159)

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഒമിക്രോണ്‍ അതീവ അപകടകാരിയെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഒമിക്രോണിന്റെ വരവ് വീണ്ടും ലോകത്തെ സാമ്പത്തിക അവസ്ഥയെ തകിടം മറിക്കുമെന്നാണ് വിലയിരുത്തല്‍.

യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് വളരെയേറെ ജനിതക മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെല്‍ജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഈജിപ്റ്റില്‍ നിന്ന് വന്ന യാത്രക്കാരിയിയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. അമേരിക്ക, യുകെ, ജപ്പാന്‍, സിംഗപ്പൂര്‍ , യുഎഇ , ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്കേര്‍പ്പെടുത്തി. സ്ഥിതി വിലയിരുത്താന്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

നിലവില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോങ് , ഇസ്രായേല്‍, ബോറ്റ്സ്വാന, ബെല്‍ജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരില്‍ ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം അനിശ്ചിതത്വത്തിലായി. നിലവില്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവ് ഷൂട്ടിംഗ് റെയ്ഞ്ച് അറ്റകുറ്റപ്പണികള്‍ നടത്തി ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. കൊവിഡ് കാരണം അടച്ചിട്ടിരുന്ന ഷൂട്ടിംഗ് റെയ്ഞ്ച് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അന്താരാഷ്ട്രതലത്തില്‍ തന്നെ കൂടുതല്‍ കുട്ടികളെ പരിശീലിപ്പിക്കുന്ന മികച്ച ഷൂട്ടിംഗ് റെയ്ഞ്ചായി ഇതിനെ ഉയര്‍ത്തുമെന്നും കേരളത്തില്‍ മികച്ച ഷൂട്ടിംഗ് താരങ്ങളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് സെന്ററായി മാറ്റിയിരുന്ന ഷൂട്ടിംഗ് റെയ്ഞ്ച് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. നാളുകളായി അടച്ചിട്ടിരുന്നതുകൊണ്ടു തന്നെ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നവീകരണം പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വി കെ പ്രശാന്ത് എം എല്‍ എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് മേഴ്സികുട്ടന്‍ എന്നിവരും മന്ത്രിയോടൊപ്പം സന്ദര്‍ശനവേളയില്‍ ഉണ്ടായിരുന്നു.

ഇന്ന് നവംബര്‍26, ഭരണഘടനാ ദിനം. ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം ലഭിച്ച ദിവസമാണ് ഭരണഘടനാ ദിനമായി ആചരിക്കുന്നത്. ഇത് ദേശീയ നിയമദിനം എന്നും അറിയപ്പെടുന്നു. ഭരണഘടനയുടെ മുഴുവന്‍ ആശയങ്ങളും ഉള്‍ക്കൊള്ളുന്ന ആമുഖം വായിച്ചുകൊണ്ടാണ് ഓരോ ഭരണഘടനാ ദിനവും ആഘോഷിക്കാറുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങളെയും ചേര്‍ത്ത് നിര്‍ത്തുന്ന ആമുഖത്തിലെ വരികള്‍ക്ക് അത്രത്തോളം പ്രാധാന്യമുണ്ട്.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം

ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും ആശയങ്ങളുമെല്ലാം രാജ്യത്തെ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്ന ഭരണഘടനയുടെ ഭാഗമാണിത്. അതെ മറ്റു രേഖകളില്‍ നിന്ന് വ്യത്യസ്തമായി ഭരണഘടനയുടെ ആമുഖം ജനങ്ങളുടെ അധികാരത്തെയും ഇന്ത്യന്‍ ഭരണഘടനയുടെ ഫിലോസഫിയേയും വ്യക്തമായി ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഭരണഘടനയുടെ സമഗ്ര ഭാഗങ്ങളെയും ചുരുക്കി വിവരിക്കുന്നതിനോടൊപ്പം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക്കാണെന്ന് ആമുഖം പ്രഖ്യാപിക്കുന്നു.’

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് രാജ്യത്തിന് ഒരു ഭരണഘടന രൂപം കൊണ്ടത്. 1949 നവംബര്‍ 26 നാണ് ഈ ഭരണഘടന അംഗീകരിക്കപ്പെട്ടത്. ‘ഇന്ത്യയിലെ ജനങ്ങളായ നാം’ എന്ന വാചകത്തോടെയാണ് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലിഖിത ഭരണഘടനയായ ഇന്ത്യന്‍ ഭരണഘടന ആരംഭിക്കുന്നത്. 1946 ഡിസംബര്‍ 9 മുതല്‍ 1949 നവംബര്‍ 26 വരെ പ്രവര്‍ത്തിച്ച കാബിനെറ്റ് മിഷന്‍ പദ്ധതിയുടെ കീഴില്‍ രൂപവത്കരിച്ച ഭരണഘടനാ നിര്‍മ്മാണസഭക്കായിരുന്നു ഇന്ത്യന്‍ ഭരണഘടന രൂപവത്കരിക്കുന്നതിനുള്ള ചുമതല. ഇന്ത്യന്‍ ഭരണഘടന എന്ന ദൗത്യം പൂര്‍ത്തിയാക്കാന്‍ സഭക്ക് കൃത്യം രണ്ടു വര്‍ഷം പതിനൊന്ന് മാസം പതിനെട്ട് ദിവസം വേണ്ടി വന്നു. ഒടുവില്‍ 1949 നവംബര്‍ 26 ന് ഘടകസഭ ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപവത്കരിച്ച ഭരണഘടന അംഗീകരിക്കുകയും 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വരികയും ചെയ്തു.

covid

ജോഹന്നസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ കോവിഡിന്റെ ഒന്നിലധികം തവണ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് വകഭേദത്തെ കണ്ടെത്തിയതായി ഗവേഷകർ. പുതിയ സാഹചര്യം കണക്കിലെടുത്ത് രാജ്യാന്തര യാത്രക്കാരുടെ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിരിക്കുന്ന മുന്നറിയിപ്പ്.

പുതിയ വകഭേദത്തെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ പരിമിതമാണെങ്കിലും, ഈ വകഭേദത്തിനെക്കുറിച്ചും ഇത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ തങ്ങളുടെ വിദഗ്ധർ രാവും പകലും കഠിനമായി പ്രയത്നിക്കുകയാണെന്ന് എൻഐസിഡിയിലെ പ്രൊഫസർ അഡ്രിയാൻ പുരെൻ വ്യക്തമാക്കി. ജീനോമിക് സീക്വൻസിങ് നടത്തി ബി.1.1.529 എന്ന കോവിഡ് വകഭേദത്തിന്റെ 22 കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എൻഐസിഡി അറിയിച്ചു. ഈ വകഭേദം കാരണമാണ് ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകൾ കൂടുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ വളരെ കുറച്ചുപേരിൽ മാത്രമാണ് ഈ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയാണെന്നും ഗവേഷകർ വിശദമാക്കി.

കഴിഞ്ഞ വർഷം ബീറ്റ വേരിയന്റ് കണ്ടെത്തിയ ആദ്യ രാജ്യമായിരുന്നു ദക്ഷിണാഫ്രിക്ക. സി.1.2 എന്ന മറ്റൊരു വകഭേദവും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രം കാവല്‍ ഇന്ന് രാവിലെ പത്തരയോടെ തിയേറ്ററുകളിലെത്തി. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകരുടെ പ്രതികരണങ്ങളും പുറത്തു വന്നിട്ടുണ്ട്. തൊണ്ണൂറുകളിലെ സുരേഷ് ഗോപി ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തും വിധമാണ് ‘കാവല്‍’ എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍, ആക്ഷന്‍ സീനുകളേക്കാള്‍ ഇമോഷണല്‍ സീനുകളാണ് ചിത്രത്തില്‍ കൂടുതലെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

കുടുംബ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഇരുന്ന് കാണാവുന്ന സിനിമായാണെന്നും സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന് ആക്ഷന്‍ ക്രൈം ത്രില്ലറാണ് കാവല്‍. സുരേഷ് ഗോപിക്കൊപ്പം തന്നെ രഞ്ജി പണിക്കരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇവര്‍ രണ്ട് പേര്‍ തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി. ദേവ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. കേരളത്തില്‍ 220 തിയേറ്ററുകളിലാണ് കാവല്‍ റിലീസ് ചെയ്തത്.

കാനഡയിലെ ഒന്റാരിയോയില്‍ ആളുകള്‍ക്ക് ഊബര്‍ ഈറ്റ്‌സ് വഴി ഇനി കഞ്ചാവും ഓര്‍ഡര്‍ ചെയ്യാം. കാനഡയില്‍ നിയമവിധേയമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന കമ്പനിയായ ടോക്കിയോ സ്മോക്കുമായി ചേര്‍ന്നാണ് ഊബര്‍ കഞ്ചാവ് എത്തിക്കുന്നത്. ഇതിനായി ഊബര്‍ ഈറ്റ്സ് ആപ്പില്‍ പ്രത്യേക വിഭാഗം തുടങ്ങുമെന്നാണ് റപ്പോര്‍ട്ടുകള്‍. ഓര്‍ഡര്‍ ചെയ്ത് ഒരു മണിക്കൂറിനകം കഞ്ചാവ് എത്തിക്കുമെന്ന് ഊബര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഉപയോക്താക്കളുടെ വയസ്സ് സ്ഥിരീകരിക്കാനുള്ള സംവിധാനവും ഊബര്‍ ഈറ്റ്സ് ആപ്പില്‍ ലഭ്യമാക്കുമെന്ന് വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി.

മൂന്ന് വര്‍ഷം മുമ്പാണ് വിനോദ ആവശ്യത്തിനുള്ള കഞ്ചാവ് വില്‍പ്പന കാനഡയില്‍ നിയമവിധേയമായത്. എന്നാല്‍, ഇത് എത്തിച്ചു കൊടുക്കുന്നത് കനേഡിയന്‍ നിയമപ്രകാരം നിയമവിരുദ്ധമാണ്. അതിനിടെയാണ്, ഊബര്‍ നേരിട്ട് വില്‍പ്പനയിലേക്ക് ഇറങ്ങുന്നത്. കാനഡയിലെ മറ്റിടങ്ങളില്‍ കൂടി ഈ സംവിധാനം ലഭ്യമാക്കി കഞ്ചാവ് വിപണിയിലേക്ക് ഇറങ്ങാനുള്ള ആലോചനയിലാണ് ഊബര്‍. ടോക്കിയോ സ്മോക് കമ്പനിയുമായി ചേര്‍ന്ന് നിയമവിധേയമായ കഞ്ചാവ് സുരക്ഷിതമായി വാങ്ങാന്‍ കഴിയുന്ന സാഹചര്യമാണ് ഒരുക്കുന്നതെന്ന് ഊബര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിയമവിരുദ്ധ കച്ചവടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും വാര്‍ത്താ കുറിപ്പ് വ്യക്തമാക്കി.

കാനഡയിലെ പ്രധാനപ്പെട്ട വാണിജ്യ വസ്തുവാണ് കഞ്ചാവ്. പ്രതിവര്‍ഷം നാല് ബില്യന്‍ യു എസ് ഡോളറിന്റെ (2.7 ലക്ഷം കോടി രൂപ) കഞ്ചാവ് ബിസിനസാണ് ഇവിടെ നടക്കുന്നത്. ലോക്ക്ൗണ്‍ വന്നതിനു ശേഷം കാനഡയില്‍ കഴിഞ്ഞ വര്‍ഷം കഞ്ചാവ് വില്‍പ്പനയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായതായി കണക്കുകളുണ്ടായിരുന്നു. അടുത്ത വര്‍ഷത്തോടെ 6.7 ബില്യന്‍ ഡോളര്‍ ആയി (4.98 ലക്ഷം കോടി രൂപ) ബിസിനസ് വര്‍ദ്ധിപ്പിക്കാനാണ് ആലോചിക്കുന്നത്. കഞ്ചാവ് ബിസിനസ് കൂടുതല്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങളിലാണ് കാനഡയിലെ വാണിജ്യലോകം.

തിരുവനന്തപുരം: ഭക്ഷ്യ കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്ക് ഊർജം പകരാൻ കേന്ദ്ര സർക്കാരിന്റെ PMFME പദ്ധതി (Prime Minister Formalization of Micro Food processing Enterprises) . ഭക്ഷ്യസംസ്‌കരണ സംരംഭങ്ങളുടെ വികസനത്തിനായാണ് കേന്ദ്രസർക്കാർ പദ്ധതി ആവിഷ്‌ക്കരിച്ചത്. നിലവിലുള്ളതും പുതുതായി തുടങ്ങുന്നതുമായ സംരംഭങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. രാജ്യത്താകെ 2 ലക്ഷം സംരംഭങ്ങൾ വളർത്തിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. 5 വർഷത്തേക്ക് 10,000 കോടിയാണ് പദ്ധതിക്കുള്ള നീക്കിയിരിപ്പ്. കേന്ദ്രസംസ്ഥാന സർക്കാരുകൾ 6040 അനുപാത(ശതമാനം)ത്തിൽ ചെലവു പങ്കിടും. ഒരു ജില്ല, ഒരു ഉൽപന്നം എന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്.

ഒരു ജില്ല, ഒരു ഉത്പന്നം എന്ന പ്രകാരം കേരളത്തിലെ 14 ജില്ലകൾക്കും ഭക്ഷ്യവിളകൾ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും പ്രാമുഖ്യമുള്ള ഉത്പന്നങ്ങളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഈ വിളകൾ അടിസ്ഥാനമാക്കി അതതു ജില്ലകളിൽ പ്രവർത്തിക്കുന്നതും ആരംഭിക്കുന്നതുമായ സംരംഭങ്ങൾക്ക് പദ്ധതിയുടെ ഭാഗാകാം. വ്യക്തിഗത സംരംഭങ്ങൾക്കും സംഘങ്ങൾക്കും ആനുകൂല്യം നേടാനാവും. കേന്ദ്ര ഭക്ഷ്യസംസ്‌കരണമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്.

കേരളം: ഒരു ജില്ല, ഒരു ഉത്പന്നം

തിരുവനന്തപുരം: കപ്പ
കൊല്ലം: കപ്പയും മറ്റു കിഴങ്ങുവർഗങ്ങളും
പത്തനംതിട്ട: ചക്ക
ആലപ്പുഴ: അരിയുത്പന്നങ്ങൾ
കോട്ടയം: പൈനാപ്പിൾ
ഇടുക്കി: സുഗന്ധവിളകൾ
എറണാകുളം: പൈനാപ്പിൾ
തൃശൂർ: അരിയുൽപന്നങ്ങൾ
പാലക്കാട്: നേന്ത്രൻ
മലപ്പുറം: നാളികേരോത്പന്നങ്ങൾ
കോഴിക്കോട്: നാളികേരോത്പന്നങ്ങൾ
വയനാട്: പാലും പാലുത്പന്നങ്ങളും
കണ്ണൂർ: വെളിച്ചെണ്ണ
കാസർകോട്: കല്ലുമ്മക്കായ

അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ വിട്ട് നല്‍കാന്‍ വഞ്ചിയൂര്‍ കോടതിയുടെ ഉത്തരവ്. ജഡ്ജിയുടെ ചേംബറില്‍ വച്ചാണ് കുഞ്ഞിനെ അനുപമക്ക് കൈമാറിയത്. കുഞ്ഞിന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയതിനു ശേഷമാണ് അനുപമക്ക് കുഞ്ഞിനെ വിട്ട് നല്‍കിയത്.

കുഞ്ഞ് അനുപമയുടേതാണെന്ന് ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ സിഡബ്‌ള്യുസി കോടതിയില്‍ ഹാജരാക്കിയിരുന്നു . ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ മുഖേനെയാണ് വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചത്. കേസ് ഉടന്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷയും നല്‍കിയിരുന്നു.

ഡിഎന്‍എ പരിശോധന ഫലം പോസിറ്റീവായ സാഹചര്യത്തില്‍ കുഞ്ഞിനെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അനുപമ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു . സിഡബ്ള്യുസി നേരത്തെ നല്‍കിയ ദത്ത് നടപടി റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. അനുപമയും അജിത്തും നേരിട്ടാണ് കോടതിയില്‍ ഹാജരായത്.

ന്യൂഡൽഹി: ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് തിരിച്ചടി. ഉപഭോക്താക്കൾക്കായുള്ള വരിസംഖ്യ കുത്തനെ ഉയർത്തിയിരിക്കുകയാണ് ആമസോൺ പ്രൈം. അടുത്ത മാസം 14 മുതലാണ് വരിസംഖ്യയിൽ വർദ്ധനവ് പ്രാബല്യത്തിൽ വരുന്നത്.

കഴിഞ്ഞ ഒക്ടോബറിൽ തന്നെ വരിസംഖ്യാ വർദ്ധനവിന്റെ സൂചനകൾ ആമസോൺ നൽകിയിരുന്നു. എന്നാൽ എന്ന് മുതലാണെന്ന് പുതുക്കിയ നിരക്ക് നിലവിൽ വരുന്നതെന്ന് ആമംസോൺ പ്രൈം വ്യക്തമാക്കിയിരുന്നില്ല. ഒരു വർഷത്തേക്കുള്ള മെമ്പർഷിപ്പ് പ്ലാനിൽ ഒറ്റയടിക്ക് 500 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ 999 രൂപയാണ് പ്ലാനിന്റെ നിരക്ക്. ഡിസംബർ 14 മുതൽ ഇത് 1499 ആയി ഉയരും.

മറ്റ് മെമ്പർഷിപ്പ് പ്ലാനുകളുടെ നിരക്കിലും വർധനവ് ഉണ്ടായിട്ടുണ്ട്. മൂന്ന് മാസത്തേക്കുള്ള പ്ലാനിന് ഇനി മുതൽ 459 രൂപയും ഒരു മാസത്തെ പ്ലാനിന് 179 രൂപയുമാണ് ഇനി നൽകേണ്ടി വരിക. 130 രൂപയുടെ വർധനവാണ് മൂന്ന് മാസത്തെ പ്ലാനിൽ വരുത്തിയിരിക്കുന്നത്. 50 രൂപയുടെയും വർദ്ധനവാണ് ഒരു മാസത്തെ പ്ലാനിൽ ഉണ്ടായിരിക്കുന്നത്.

അതേസമയം ഡിസംബർ 13 അർദ്ധരാത്രി വരെ നിലവിലെ നിരക്കിൽ മെമ്പർഷിപ്പ് പ്ലാനുകൾ പുതുക്കാം. എന്നാൽ ഒരുതവണ ഇത്തരത്തിൽ പുതുക്കിയ മെമ്പർഷിപ്പ് രണ്ടാമത് പുതുക്കുമ്പോൾ പുതിയ നിരക്ക് അടക്കേണ്ടി വരുന്നതാണ്. ഡിസംബർ 13 വരെയുള്ള കാലയളവിൽ പുതുതായി പ്രൈം മെമ്പർഷിപ്പ് എടുക്കുന്നവർക്കും 999 രൂപയ്ക്ക് പുതിയ പ്രൈം അക്കൗണ്ട് എടുക്കാൻ കഴിയും.

ന്യൂഡല്‍ഹി: രാജ്യത്തെ കരുതല്‍ എണ്ണ ശേഖരം പുറത്തെടുക്കാനൊരുങ്ങി കേന്ദ്രം. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് തന്ത്ര പ്രധാനമായ തീരുമാനമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന, ജപ്പാന്‍, ഇന്ത്യ, ദക്ഷിണ കൊറിയ, യുഎസ് എന്നീ രാജ്യങ്ങള്‍ കരുതല്‍ ശേഖരം ഒന്നിച്ച് തുറന്നു വിടുന്നതിന് തീരുമാനമെടുത്താല്‍ അത് എണ്ണ വിപണിയുടെ ചരിത്രത്തിലെ ആദ്യ സംഭവമായിരിക്കും.

എണ്ണ വിതരണ രാജ്യങ്ങള്‍ കൃത്രിമമായി ഡിമാന്‍ഡ് സൃഷ്ടിക്കുന്നതില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതിന് യുഎസ് നടപ്പാക്കുന്ന പദ്ധതിയില്‍ ഇന്ത്യയും ഭാഗമാകുമെന്നാണ് പുറത്തു വരുന്ന വിവരം. കരുതല്‍ ശേഖരം അടിയന്തരമായി തുറന്നു വിടണമെന്ന ബൈഡന്‍ ഭരണകൂടത്തിന്റെ ആഹ്വാനത്തോട് കേന്ദ്ര പെട്രോളിയം, വിദേശകാര്യ മന്ത്രാലയങ്ങള്‍ അനുകൂല നിലപാടാണ് എടുത്തതെന്നാണ് റിപ്പോര്‍ട്ട്. യു.എസ് നിര്‍ദേശം നടപ്പിലാക്കാനുള്ള അന്തിമ നടപടികളിലാണ് ചൈന എന്നാണ് വിവരം. ജപ്പാനും ഇക്കാര്യം സജീവമായി പരിഗണിക്കുകയാണ് എന്ന സൂചനയുണ്ട്. ഓരോ രാജ്യവും തന്ത്രപ്രധാന കരുതല്‍ ശേഖരത്തില്‍നിന്ന് തുറന്നു നല്‍കുന്ന എണ്ണയുടെ അളവ് വളരെ വലുതായിരിക്കില്ല. ഈ മാസം ആദ്യം എണ്ണ വിതരണം വര്‍ധിപ്പിക്കാനുള്ള ജോ ബൈഡന്റെ ആഹ്വാനത്തെ ഒപെക് പ്ലസ് രാജ്യങ്ങള്‍ അവഗണിച്ചിരുന്നു. പിന്നാലെയാണ് മറ്റു രാജ്യങ്ങളെ ഏകോപിപ്പിച്ച് യു.എസ് നിര്‍ണായക നീക്കത്തിന് ആഹ്വാനം ചെയ്തത്.

ഇന്ത്യയും മറ്റ് രാജ്യങ്ങളും തന്ത്രപ്രധാനമായ കരുതല്‍ ശേഖരം സൃഷ്ടിച്ചിരിക്കുന്നത് പ്രധാനമായും വിതരണ തടസ്സങ്ങള്‍ നേരിടാനാണ്, അല്ലാതെ ഉയര്‍ന്ന വിലയെ നേരിടാനല്ല. അതേ സമയം വിതരണം കുറച്ചതോടെയാണ് വില ഉയര്‍ന്നതെന്നതും വസ്തുതയാണ്.