ചുരുളി സിനിമ വീണ്ടും വിവാദത്തിൽ; ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടിയിൽ എത്തിയതെന്ന് സെൻസർ ബോർഡ്

തിരുവനന്തപുരം: ചുരുളി സിനിമ വീണ്ടും വിവാദത്തിൽ. സിനിമ റിലീസായതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നു വന്നത്. ഇതിന് പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സെൻസർ ബോർഡ്. ചിത്രത്തിന്റെ സെൻസർ ചെയ്ത പതിപ്പല്ല ഒടിടിയിൽ എത്തിയതെന്നാണ് സെൻസർ ബോർഡ് വ്യക്തമാക്കുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെൻസർ ബോർഡിനെതിരെ ഇപ്പോൾ പ്രചരിക്കുന്നതെന്ന്‌സ റീജിയണൽ ഓഫിസർ വി. പാർവതി പുറത്തിറക്കിയ കുറിപ്പിൽ അറിയിക്കുന്നു.

സിനിമാറ്റോഗ്രാഫ് ആക്ട് 1952, സർട്ടിഫിക്കേഷൻ റൂൾസ് 1983 കേന്ദ്ര സർക്കാർ മാർഗ നിർദേശങ്ങൾ ഇവ പ്രകാരം സിനിമയിൽ അവശ്യമായ മാറ്റങ്ങൾ നിർദ്ദേശിച്ച് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് ‘ചുരുളി’ക്കു നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ ഇല്ലാതെയാണ് സിനിമ ഒടിടിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.