Highlights (Page 106)

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് എംഎ ബേബി. തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിനെക്കുറിച്ച് പ്രതികരിക്കാത്തതിലാണ് അദ്ദേഹം രാഹുൽ ഗാന്ധിക്കെതിരെ വിമർശനം ഉന്നയിച്ചത്.

അചഞ്ചലയായ മനുഷ്യാവകാശപ്പോരാളിയായ തീസ്ത സെതൽവാദിനെയും ഗുജറാത്തിലെ മുൻ എഡിജിപി ആയിരുന്ന ആർ ബി ശ്രീകുമാർ ഐപിഎസിനെയും ഗുജറാത്ത് പോലീസ് അറസ്റ്റുചെയ്തകാര്യം താങ്കൾ അറിഞ്ഞുകാണുമല്ലോ. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയിൽ അഹമ്മദാബാദിലെ ഗുൽബർഗ ഹൗസിങ് സൊസൈറ്റിയിൽ തീവെച്ചു കൊല്ലപ്പെട്ടത് താങ്കളുടെ പാർടിയുടെ പാർലമെന്റ് അംഗം ആയിരുന്ന ഇഹ്‌സാൻ ജാഫ്രി അടക്കമുള്ള ആളുകളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ് എഫ് ഐ ക്കാരോട് കണക്കുചോദിക്കാൻ മുന്നുദിവസത്തേക്ക് വയനാട്ടിലേക്കുവരുന്ന കോൺഗ്രസിൻറെ ഹൈക്കമാൻഡ്, രാഹുൽ ഗാന്ധിയോട് ഒരു ചോദ്യം എന്ന വരിയോടെയാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.

മുസ്ലിങ്ങളെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുന്നത് കണ്ട് മുൻ എംപി ആയ ഇഹ്‌സാൻ ജാഫ്രിയുടെ വീട്ടിൽ അഭയം പ്രാപിച്ച 69 പേരെയാണ് തീവെച്ചും വെട്ടിയും കൊന്നത്. സഹായത്തിനു വേണ്ടി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ ഇഹ്‌സാൻ ജാഫ്രി വിളിച്ചു. ആരും സഹായിച്ചില്ല. ഭരണകൂടം അക്രമികളെ സഹായിച്ചു എന്ന് അന്ന് ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന ശ്രീ കെ ആർ നാരായണൻ നാനാവതി കമ്മീഷന് കത്തെഴുതി. ഇക്കാര്യത്തിൽ നീതിക്കായി താങ്കളുടെ പാർടി ഒന്നും ചെയ്തില്ല. യുപിഎ 2 സർക്കാരിന് ഇക്കാര്യത്തിൽ നിയമനടപടി എടുക്കാമായിരുന്നു. ചെയ്തില്ല. കോൺഗ്രസുകാരനായ ഇഹ്‌സാൻ ജാഫ്രിയുടെ ഭാര്യ സാക്കിയ ജാഫ്രി ഇക്കാര്യത്തിൽ സുപ്രീം കോടതി വരെ കേസ് നടത്തി. ഈ കേസിലെ വിവാദപരമായ വിധി കാണിച്ച്, തീസ്ത സെതൽവാദിനെയും ആർ ബി ശ്രീകുമാറിനെയും സഞ്ജീവ് ഭട്ടിനെയും പ്രതിയാക്കി കേസ് എടുത്തു. തീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവായിരുന്ന ഇഹ്‌സാൻ ജാഫ്രിയുടെ കൊലയ്ക്ക് നീതി തേടി കോടതിയിൽ പോരാടിയവരെ അറസ്റ്റ് ചെയ്തപ്പോൾ അവരെ അപമാനിച്ചു കൊണ്ട്, താങ്കളുടെ പാർടിയുടെ വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞത് ഇങ്ങനെയാണ്, ‘ടീസ്റ്റ സെതൽവാദിന്റെ അറസ്റ്റിനെക്കുറിച്ച് അറിയുകയുണ്ടായി. 2002ന് തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ നടന്ന വ്യാജരേഖ ചമയ്ക്കൽ, കെട്ടിച്ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ആരോപിച്ചാണ് അറസ്റ്റ് ഉണ്ടായതെന്ന് മനസ്സിലാക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഇതുമായി യാതൊരു ബന്ധവുമില്ലാത്തതിനാൽ ഇക്കാര്യത്തിൽ കേസിന്റെ മെറിറ്റിനെക്കുറിച്ച് അഭിപ്രായം പറയാൻ കോൺഗ്രസിനു സാധിക്കില്ല.’

ഇഹ്‌സാൻ ജാഫ്രിയുടെ കേസിൽ നീതിക്കായി പോരാടിയ തീസ്തയെ സംഘപരിവാറിനൊപ്പം ചേർന്നുനിന്ന് അപമാനിക്കുകയാണ് കോൺഗ്രസ്. താങ്കളാണെങ്കിൽ ഇക്കാര്യത്തിൽ മിണ്ടുകയില്ല എന്ന വാശിയിലും. കോൺഗ്രസ് പാർലമെന്റ് അംഗം ആയിരുന്ന ആളാണെങ്കിലും മുസ്ലിം ആയതിനാൽ ഇഹ്‌സാൻ ജാഫ്രിയുടെ ജീവന് നീതി ചോദിക്കില്ല എന്നുവാശിയുള്ള താങ്കളുടെ ഹിന്ദുത്വ പ്രീണനം കഴിഞ്ഞ് എന്ത് മതേതരത്വത്തെക്കുറിച്ചാണ് താങ്കൾ സംസാരിക്കുന്നതെന്ന് എംഎ ബേബി ചോദിച്ചു. ആർഎസ്എസിന്റെയും മോദിയുടെയും ഹിന്ദു രാഷ്ട്രത്തിനുപകരം ഹിന്ദു രാജ്യം വരണം എന്നാണല്ലോ താങ്കളുടെ ആഗ്രഹം. അപ്പോൾ ഈ കാലത്ത് എസ്എഫ്‌ഐക്കാരോട് കണക്ക് ചോദിക്കുക മുൻഗണനയിൽ വരിക സ്വാഭാവികമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മാധ്യമങ്ങളെ നിയമസഭയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് സ്പീക്കര്‍ എം.ബി. രാജേഷ് വ്യക്തമാക്കി.

‘ജീവനക്കാരുടെ ഉള്‍പ്പെടെ പാസ് പരിശോധിക്കാന്‍ വാച്ച് ആന്‍ഡ് വാര്‍ഡിന് നിര്‍ദേശം നല്‍കിയിരുന്നു. അവര്‍ പരിശോധന കര്‍ക്കശമാക്കിയതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ചില ബുദ്ധിമുട്ടുകളുണ്ടാക്കിയത്. ആ ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പരിഹരിക്കാന്‍ ഇടപെട്ടു. രാവിലെ താത്കാലത്തേക്ക് ഉണ്ടായ ആ ബുദ്ധിമുട്ടിനെ മാധ്യമവിലക്കെന്ന് ചിത്രീകരിച്ചത് കടന്നുപോയി. മന്ത്രിമാരുടെയും സ്പീക്കറുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളില്‍ പോകാന്‍ പാസുള്ള ഒരു മാധ്യമപ്രവര്‍ത്തകനും തടസമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാസുള്ള എല്ലാ മാധ്യമപ്രവര്‍ത്തകരെയും നിയമസഭയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ എവിടെയെല്ലാം പോകാന്‍ സ്വാതന്ത്ര്യമുണ്ടോ അതുണ്ടായിരിക്കും. ക്യാമറ ക്രൂവിന് മീഡിയ റൂം വരെ പ്രവേശിപ്പിക്കൂ. അത് ഇന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണമല്ല. പാസ് ഇന്ന് കര്‍ശനമായി ചോദിച്ചുട്ടുണ്ടാകും. മുഖപരിചയം ഉണ്ടെങ്കില്‍ പാസ് ചോദിക്കാതെ വിടുന്ന പതിവുണ്ട്. കര്‍ശനമായി ചോദിച്ചതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായി കാണും. പാസ് ചോദിക്കാന്‍ പാടില്ലെന്ന ശാഠ്യം വേണ്ട, പാസ് ചോദിക്കും. മാധ്യമ വിലക്ക് എന്ന് പറഞ്ഞ് ആര്‍ക്കെങ്കിലും പാസ് അനുവാദിക്കാതിരുന്നിട്ടുണ്ടോ? മാധ്യമപ്രവര്‍ത്തകരുടെ പാസ് പുതുക്കാനുള്ള എല്ലാ അപേക്ഷയും പുതുക്കി നല്‍കിയിട്ടുണ്ട്. ചിലര്‍ പുതുക്കാന്‍ അപേക്ഷിച്ചിട്ടില്ല. തത്കാലം പഴയ പാസാണെങ്കിലും പ്രവേശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നിട്ടാണ് മാധ്യമവിലക്കെന്ന് വാര്‍ത്ത നല്‍കിയത്’- അദ്ദേഹം ചൂണ്ടിക്കാട്ടി.

അഹമ്മദാബാദ്: ഗുജറാത്ത് മുൻ എ.ഡി.ജി.പി. ആർ.ബി. ശ്രീകുമാറിനെയും സാമൂഹികപ്രവർത്തക തീസ്ത സെതൽവാദിനെയും ഗുജറാത്ത് പോലീസ് കസ്റ്റഡിയിൽ വിട്ടു. അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയാണ് ഇരുവരേയും റിമാൻഡ് ചെയ്തത്. ഗുജറാത്ത് കലാപത്തിൽ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ സുപ്രീംകോടതി വിധിയിൽ ഇവർക്കെതിരായ പരാമർശങ്ങളെത്തുടർന്നായിരുന്നു പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഉച്ചയോടെ മുംബൈയിലെ വീട്ടിൽ നിന്നാണ് തീസ്തയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ടീസ്റ്റ സെതൽവാദിനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിയിരുന്നു.

വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് തീസ്തയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. തീസ്തയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തീസ്തയുടെ എൻ.ജി.ഒ അടിസ്ഥാന രഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്കകമാണ് ടീസ്തയെ കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ ആക്രമിച്ചതിനെതിരെ പരിഹാസവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബാങ്ക് കൊള്ളയടിച്ചതായി കേട്ടിട്ടുണ്ടെന്നും പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സിപിഎം സംഘർഷങ്ങൾ ആഗ്രഹിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാജ്യത്ത് ബി.ജെ.പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുലിന് അക്രമം നേരിടേണ്ടി വന്നിട്ടില്ല. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും ജനശേദ്ധ്ര തിരിച്ചുവിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു അക്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള തെരുവ് സംഘർഷങ്ങൾ മുഖ്യമന്ത്രി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്കിലെ വര്‍ധനവ് പ്രഖ്യാപിച്ചു. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ധനവാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടതെങ്കിലും 6.6 ശതമാനം വര്‍ധനയാണ് വരുത്തിയതെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തെ പുതിയ നിരക്കാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

അതേസമയം, യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധന വേണമെന്നായിരുന്നു കെഎസ്ഈബിയുടെ ആവശ്യം. വ്യാവസായിക നിരക്കും, കാര്‍ഷിക ഉപഭോക്താക്കള്‍ക്കുള്ള നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജ്ജിംഗിന് യൂണിറ്റിന് 50 പൈസ അധികം ഈടാക്കും. സിനിമ തീയേറ്ററുകള്‍ക്കുള്ള വൈദ്യുതി നിരക്കിലും മാറ്റമുണ്ട്. ഫിക്‌സ്ഡ് ചാര്‍ജ്ജ് 15 രൂപ കൂട്ടി. യൂണിറ്റിന് 30 പൈസയുടെ വര്‍ധനവ് വരും. എന്നാല്‍, പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകള്‍ക്ക് നിരക്ക് വര്‍ധന ബാധിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവര്‍ക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വര്‍ധനയുണ്ടാവും. 150 യൂണിറ്റ് വരെ 25 പൈസ വര്‍ധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവര്‍ മാസം 47.50 രൂപ അധികം നല്‍കേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കില്‍ 70 രൂപ എന്നത് 100 ആക്കി ഫിക്‌സഡ് ചാര്‍ജ്. 250 യൂണിറ്റ് മറികടന്നാല്‍ ഫിക്‌സഡ് ചാര്‍ജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാല്‍ ഫിക്‌സഡ് ചാര്‍ജ് 150ല്‍ നിന്ന് 225 ആകും.

അനാവശ്യമായി ഒരു വിഭാഗത്തിന് മുകളിലും ഭാരം വരില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ അവകാശപ്പെട്ടു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അനുകൂല താരിഫാണെന്ന അവകാശവാദം. പുതുക്കിയ നിരക്ക് പ്രകാരം 40 യൂണിറ്റ് വരെ ബിപിഎല്‍ വിഭാഗത്തിന് പഴയ നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാം. താരിഫില്‍ മാറ്റമില്ല. ഗാര്‍ഹിക ഉപഭോക്താകള്‍ക്ക് 50 യൂണിറ്റ് വരേയും താരിഫില്‍ മാറ്റമില്ല. അനാഥാലയം, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ എന്നീ സ്ഥാപനങ്ങള്‍ക്കും നിരക്ക് വര്‍ധന ബാധകമായിരിക്കില്ല. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജ്ജില്‍ മാറ്റമില്ല. ചെറിയ പെട്ടികള്‍ക്കള്‍ക്ക് കണക്ട് ലോഡ് ആയിരം വാട്ട് എന്നത് രണ്ടായിരം വാട്ടാക്കി മാറ്റിയിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് 10 കിലോവാട്ട് വരെ ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 15 പൈസ കൂടും. മില്ലുകള്‍, തയ്യല്‍ പോലുള്ളവര്‍ക്ക്, ചെറുകിട സംരംഭങ്ങള്‍ക്ക് 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 പൈസ വരെയാവും. കൊച്ചി മെട്രോയ്ക്ക് എനര്‍ജി ചാര്‍ജ് 4.80ല്‍ നിന്നും 5.10 രൂപ ആക്കി ഉയര്‍ത്തി. ഗുരുതര രോഗികളുള്ള വീടുകള്‍ക്ക് നല്‍കിവരുന്ന ഇളവുകള്‍ തുടരുമെന്നും കമ്മീഷന്‍ അറിയിച്ചു.

കൊളംബോ: കാറ്റിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിയുമായി അദാനിയുടെ കമ്പനി ശ്രീലങ്കയിലേക്ക് വരുന്നതിൽ നിലപാട് അറിയിച്ച് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. ഇക്കാര്യത്തിൽ ഏതിർപ്പൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അദാനിയുടെ 50 കോടി ഡോളർ പദ്ധതിയിൽ താത്പര്യം കാട്ടി മോദിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇതുവരെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

എല്ലാ വലിയ കമ്പനികൾക്കും ഇത്തരം പുനരുപയോഗ ഊർജ്ജ പദ്ധതികൾ വിജയകരമായി നിർവ്വഹിക്കാൻ സാധിക്കില്ല. ഇക്കാര്യത്തിൽ അദാനിയുടെ കടുന്നുവരുന്നതിൽ ഇവിടെ ആർക്കും എതിർപ്പൊന്നുമില്ല. ശ്രീലങ്കയിലെ പുനരുപയോഗ ഊർജ്ജ പദ്ധതി അദാനിയ്ക്ക് നൽകാൻ മോദി സർക്കാർ മഹിന്ദ രാജപക്‌സെയുടെ മേൽ നിർബന്ധം ചെലുത്തിയെന്ന് ഒരു ശ്രീലങ്കൻ ഉദ്യോഗസ്ഥൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അദാനി 50 കോടി ഡോളർ പദ്ധതിയിൽ മുടക്കാനാണ് വന്നത്. ഈയവസരത്തിൽ തങ്ങൾക്ക് അത് അത്യാവശ്യമാണ്. വലിയ നിക്ഷേപകർ ശ്രീലങ്കയുടെ പുനരുപയോഗ ഊർജ്ജ പദ്ധതിയുടെ സാധ്യത ഉപയോഗിക്കാൻ കടന്നുവരുന്നത് ശ്രീലങ്കയ്ക്ക് കാറ്റിൽ നിന്നും വൈദ്യുതി നിർമ്മിക്കാനുള്ള സാധ്യത കൂടുതലാണെന്നതിനുള്ള തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സർക്കാരിന് ഈ പദ്ധതിൽ പ്രത്യേക താൽപര്യമുണ്ടെങ്കിൽ പദ്ധതിക്ക് വേഗം കൂട്ടാൻ പ്രധാനമന്ത്രി മോദിയോ അദ്ദേഹത്തിന്റെ ഓഫീസോ ആവശ്യപ്പെട്ടാനെ. അത് ഇതുവരെയും ഉണ്ടായിട്ടില്ല. അദാനിയുടെ പദ്ധതി വേഗത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഒരു കാൾ പോലും വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനുപിന്നിൽ നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന ആരോപണമുന്നയിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നീതിക്കായി ദാഹിക്കുന്ന നായക കഥാപാത്രങ്ങൾ എ.സി. മുറിയിലിരുന്ന് യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ് ഭരണകൂടത്തിനുനേരെ ആരോപണങ്ങളുന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ അഡീഷണൽ ഡി.ജി.പി.യായിരുന്ന മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ നാനാവതി-ഷാ കമ്മിഷന് മുമ്പാകെ നൽകിയ സത്യവാങ്മൂലങ്ങളാണ് ഹർജിയിൽ പലതിന്റെയും അടിസ്ഥാനം. വിധിയിൽ 212 ഇടത്താണ് ശ്രീകുമാറിന്റെ പേരുപറയുന്നത്.

നീതിയുടെ കാവൽക്കാരെന്ന് അവകാശപ്പെടുന്ന ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട്, രാഹുൽ ശർമ എന്നിവർപോലും എസ്.ഐ.ടി.ക്കുമുമ്പാകെ മൊഴിനൽകാനെത്തിയില്ലെന്ന് ഗുജറാത്ത് സർക്കാർ വാദിച്ചകാര്യം ഹർജിയിൽ പറയുന്നുണ്ട്. തുടർന്നാണ് എസി മുറിയിലിരുന്ന് ആരോപണമുന്നയിക്കുന്നതിനെക്കുറിച്ചുള്ള പരാമർശം സുപ്രീം കോടതി പറഞ്ഞത്.

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് അയച്ച കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തല്ലിത്തകർത്തതിന് പിന്നാലെയാണ് രാഹുൽഗാന്ധി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്ത് പോസ്റ്റ് ചെയ്തത്. ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുർസ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കത്തയച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്നാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്.

കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സഹായിക്കാനാകും. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

മുംബൈ: വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തീരുമാനിച്ച് മഹാ വികാസ് അഘാഡി സഖ്യം. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

നിലവിൽ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ 144 ലാണ്. എന്നാൽ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ്പവാറും ശ്രമിക്കുന്നത്. എന്നാൽ, അയോഗ്യരാക്കിയാൽ ഉടൻ കോടതിയിലെത്താനുള്ള നിയമ നടപടികളിലേക്ക് കടക്കാനാണ് ബിജെപിയുടെ തീരുമാനം. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നീക്കം.

വിമതർ മറ്റൊരു പാർട്ടിയിൽ ചേരുകയോ വിപ്പ് ലംഘിച്ച് വോട്ടു ചെയ്യുകയോ ചെയ്തിട്ടില്ല. മൂന്നിൽ രണ്ട് പേർ ഷിൻഡെയുടെ പക്ഷത്തുണ്ട്. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയാലും ഇത് കോടതിയിൽ നിൽക്കില്ല എന്നാണ് നിയമവിദഗ്ധർ ഷിൻഡെയെ അറിയിച്ചിരിക്കുന്നത്. എന്നാൽ കോടതിയിൽ കേസ് നീളുമ്പോർ എംഎൽഎമാരെ തിരികെ അടർത്താനുള്ള സാവകാശം ലഭിക്കുന്ന കണക്കുകൂട്ടലിലാണ് ശരത് പവാർ.

കൊച്ചി: ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. നീണ്ടകര താലൂക്കാശുപത്രിയിൽ ഡോക്ടർക്കും നഴ്‌സിനും എതിരെ ആക്രമണമുണ്ടായത് കണക്കിലെടുത്താണ് കോടതി സർക്കാരിന് ഉത്തരമൊരു നിർദ്ദേശം നൽകിയത്.

പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആക്രമണം ഉണ്ടാകുമെന്ന ആശങ്കമൂലം ഡോക്ടർമാരും നഴ്‌സുമാരും സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്ന് മെഡിക്കൽ അസോസിയേഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ആക്രമണം ഉണ്ടായപ്പോൾ സുരക്ഷ ഉറപ്പാക്കാൻ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായി സർക്കാർ അറിയിച്ചെങ്കിലും അവർക്ക് നേരെയും ആക്രമണമുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി.

ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ആശുപത്രികൾക്ക് സംരക്ഷണം നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇതിന് കർമപദ്ധതി വേണം. ആശുപത്രികളിൽ പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണം വേണമെന്നും ഇക്കാര്യത്തിൽ ഐഎംഎ അടക്കമുള്ള സംഘടനകൾ ഒരു മാസത്തിനകം നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.