Highlights (Page 107)

മുംബൈ: വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തീരുമാനിച്ച് മഹാ വികാസ് അഘാഡി സഖ്യം. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

നിലവിൽ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ 144 ലാണ്. എന്നാൽ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ്പവാറും ശ്രമിക്കുന്നത്. എന്നാൽ, അയോഗ്യരാക്കിയാൽ ഉടൻ കോടതിയിലെത്താനുള്ള നിയമ നടപടികളിലേക്ക് കടക്കാനാണ് ബിജെപിയുടെ തീരുമാനം. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നീക്കം.

വിമതർ മറ്റൊരു പാർട്ടിയിൽ ചേരുകയോ വിപ്പ് ലംഘിച്ച് വോട്ടു ചെയ്യുകയോ ചെയ്തിട്ടില്ല. മൂന്നിൽ രണ്ട് പേർ ഷിൻഡെയുടെ പക്ഷത്തുണ്ട്. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയാലും ഇത് കോടതിയിൽ നിൽക്കില്ല എന്നാണ് നിയമവിദഗ്ധർ ഷിൻഡെയെ അറിയിച്ചിരിക്കുന്നത്. എന്നാൽ കോടതിയിൽ കേസ് നീളുമ്പോർ എംഎൽഎമാരെ തിരികെ അടർത്താനുള്ള സാവകാശം ലഭിക്കുന്ന കണക്കുകൂട്ടലിലാണ് ശരത് പവാർ.

കൊച്ചി: ഡോക്ടർമാർക്കും നഴ്സുമാർക്കും നേരെയുള്ള ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. നീണ്ടകര താലൂക്കാശുപത്രിയിൽ ഡോക്ടർക്കും നഴ്‌സിനും എതിരെ ആക്രമണമുണ്ടായത് കണക്കിലെടുത്താണ് കോടതി സർക്കാരിന് ഉത്തരമൊരു നിർദ്ദേശം നൽകിയത്.

പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആക്രമണം ഉണ്ടാകുമെന്ന ആശങ്കമൂലം ഡോക്ടർമാരും നഴ്‌സുമാരും സമ്മർദത്തിലാണ് ജോലി ചെയ്യുന്നതെന്ന് മെഡിക്കൽ അസോസിയേഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ആക്രമണം ഉണ്ടായപ്പോൾ സുരക്ഷ ഉറപ്പാക്കാൻ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചതായി സർക്കാർ അറിയിച്ചെങ്കിലും അവർക്ക് നേരെയും ആക്രമണമുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി.

ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ ആശുപത്രികൾക്ക് സംരക്ഷണം നൽകുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇതിന് കർമപദ്ധതി വേണം. ആശുപത്രികളിൽ പുറത്തുനിന്നുള്ളവർക്ക് നിയന്ത്രണം വേണമെന്നും ഇക്കാര്യത്തിൽ ഐഎംഎ അടക്കമുള്ള സംഘടനകൾ ഒരു മാസത്തിനകം നിലപാട് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ആലപ്പുഴ: ആലപ്പുഴയില്‍ വൈറല്‍ പനിക്കൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി പേര്‍ക്കാണ് ജില്ലയില്‍ വൈറല്‍പനി ബാധിച്ചത്. ഇത്തവണത്തെ വ്യാപനം ഇരട്ടിയോളമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രോഗലക്ഷണം കണ്ടാലുടനെ ചികിത്സ തേടിയാല്‍ ഗുരുതരമാകുന്നത് തടയാന്‍ കഴിയും. പനി, ജലദോഷം, ചുമ, മൂക്കൊലിപ്പ്, തൊണ്ട വേദന തുടങ്ങിയവയാണ് ലക്ഷണം. കാലാവസ്ഥ മാറിയതോടെ കുട്ടികളില്‍ പനിയും വയറിളക്ക രോഗങ്ങളും പടരുന്നുണ്ട്. ചികിത്സ തേടിയെത്തുന്നവരില്‍ പകുതിയിലേറെയും കുട്ടികളാണ്. വൈറല്‍ പനി, തക്കാളിപ്പനി തുടങ്ങിയവ ബാധിച്ചാണ് കൂടുതല്‍ കുട്ടികളും ആശുപത്രിയിലെത്തുന്നത്.

അതേസമയം, ഡെങ്കിപ്പനിയും രൂക്ഷമാകാന്‍ തുടങ്ങിയിട്ടുണ്ട്. ശരീരവേദന, സന്ധിവേദന, വിട്ടുമാറാത്ത ക്ഷീണം, തലവേദനയോടു കൂടിയ ജ്വരം, വിറയല്‍ എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ശക്തമായ വിറയലോടുകൂടിയ പനി, കുളിര്, തളര്‍ച്ച, ശരീരവേദന, തലവേദന, ഛര്‍ദി, വിശപ്പില്ലായ്മ, മനംപുരട്ടല്‍, കണ്ണിനു ചുവപ്പ്, നീര്‍വീഴ്ച, വെളിച്ചത്തേക്കു നോക്കാന്‍ പ്രയാസം എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം. ആഴ്ചയില്‍ വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം. സ്വയം ചികിത്സ പാടില്ലെന്നും ഡിഎംഒ അറിയിച്ചു.

തിരുവനന്തപുരം: പ്രവേശന നടപടികൾ അവസാനിപ്പിച്ച ശേഷം ടി സി വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകാൻ കഴിയില്ലെന്ന കോളേജുകളുടെ നിലപാട് തെറ്റാണെന്ന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഉത്തരവ് നടപ്പാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്. സ്‌പോട്ട് അഡ്മിഷനിൽ പുതിയ കോളേജിൽ പ്രവേശനം നേടിയതിന്റെ പിറ്റേന്ന് തന്നെ വിദ്യാർത്ഥികൾ ആദ്യം പ്രവേശനം നേടിയ കോളേജിൽ ടി സിക്ക് അപേക്ഷിക്കണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

സ്‌പോട്ട് അഡ്മിഷൻ പ്രക്രിയയിൽ പങ്കെടുക്കുന്ന കോളേജുകൾക്കാണ് ഈ ഉത്തരവ് ബാധകം. കീം പരീക്ഷയിൽ ജയിച്ച് സ്‌പോട്ട് അഡ്മിഷൻ വഴി പ്രവേശനത്തിന്റെ അവസാന ദിവസം മറ്റൊരു കോളേജിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക്, അവർ മുമ്പ് പ്രവേശനം നേടിയ കോളേജിൽ അടച്ച ട്യൂഷൻ ഫീസ് ഉൾപ്പെടെയുള്ള മുഴുവൻ ഫീസും മടക്കി നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.

പ്രവേശന നടപടികൾ അവസാനിച്ച ശേഷം ടിസി വാങ്ങുന്നവർക്ക് ട്യൂഷൻ ഫീസ് മടക്കി നൽകേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ നിയമം. തിരുവനന്തപുരം എൽ ബി എസ് കോളേജിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥിനിക്ക് ബാർട്ടൻ ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ വഴി പ്രവേശനം ലഭിച്ചപ്പോൾ ട്യൂഷൻ ഫീസായി അടച്ച 35000 രൂപ മടക്കി നൽകില്ലെന്ന എൽ.ബി.എസ് കോളേജിന്റെ നിലപാട് ചോദ്യം ചെയ്ത് സമർപ്പിച്ച പരാതിയിലാണ് ട്യൂഷൻ ഫീസ് മടക്കി നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടത്.

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻഡിഎ. ഝാർഖണ്ട് മുൻ ഗവർണറും ഒഡീഷ മുൻ മന്ത്രിയുമായിരുന്ന ദ്രൗപതി മുർമു ആണ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി. 20 പേരുകൾ ചർച്ചയായതിൽ നിന്നാണ് ആദിവാസി വിഭാഗത്തിൽ നിന്നുള്ള ദ്രൗപതി മുർമുവിനെ തെരഞ്ഞെടുത്തത്. 1958 ജൂൺ 20ന് ഒഡിഷയിലെ ബൈഡപ്പോസി ഗ്രാമത്തിലായിരുന്നു ദ്രൗപതി മുർമു ജനിച്ചത്.

സന്താൾ വംശജയാണ് ദ്രൗപദി ജാർഖണ്ഡ് ഗവർണറാവുന്ന ആദ്യ വനിതയും ഗവർണർ പദവിയിലെത്തുന്ന ആദ്യത്തെ ഒഡീഷ വനിതയുമാണ്. പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നും ഗവർണർ പദവിയിലേക്ക് എത്തിയ വനിത എന്ന സവിശേഷതയും മുർമുവിനുണ്ട്. ഒഡീഷയിൽ 2000 മുതൽ 2004 വരെയുള്ള കാലയളവിൽ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തു. ഒഡീഷ മുൻ മന്ത്രി കൂടിയാണ് ദ്രൗപതി മുർമു.

മികച്ച എംഎൽഎയ്ക്കുള്ള അവാർഡ് മുർമുവിന് ലഭിച്ചിട്ടുണ്ട്. ഒഡീഷയിൽ പാർട്ടിക്ക് അടിത്തറയിട്ട പ്രമുഖ നേതാക്കളിൽ ഒരാൾ എന്ന നിലയിലാണ് മുർമുവിനെ ബിജെപി വിശേഷിപ്പിക്കുന്നത്. ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച ശേഷമാണ് മുർമു പ്രശസ്തയായത്. 2000 മുതൽ 2004 വരെ ഒഡീഷയിലെ റയ്റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായും മുർമു സേവനമുഷ്ഠിച്ചിട്ടുണ്ട്.

അതേ,സമയം, ദ്രൗപതി മുർമു തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരെയും അധഃസ്ഥിതരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കുന്നതിനും സമർപ്പിച്ച വ്യക്തിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. അവർക്ക് സമ്പന്നമായ ഭരണപരിചയമുണ്ട്. കൂടാതെ ഗവർണർ പദവിയും മികച്ച രീതിയിൽ കൈകാര്യം ചെയ്തു. അവർ നമ്മുടെ രാഷ്ട്രത്തിന്റെ ഒരു മികച്ച രാഷ്ട്രപതിയാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ദാരിദ്ര്യം അനുഭവിക്കുകയും ബുദ്ധിമുട്ടുകൾ അഭിമുഖീകരിക്കുകയും ദശലക്ഷക്കണക്കിന് ആളുകൾ ദ്രൗപതി മുർമുവിന്റെ ജീവിതത്തിൽ നിന്ന് വലിയ ശക്തി നേടുന്നു. ദ്രൗപതി മുർമുവിന്റെ നയപരമായ കാര്യങ്ങളിലെ ധാരണയും അനുകമ്പയുള്ള സ്വഭാവവും നമ്മുടെ രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മുംബൈ: മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം. മഹാവികാസ് അഘാഡി സർക്കാർ ഇപ്പോൾ തുലാസ്സിലാടി നിൽക്കുകയാണ്. കോൺഗ്രസ് – എൻസിപി – ശിവസേന സഖ്യസർക്കാരിലെ അഞ്ച് മന്ത്രിമാരടക്കം 22 പേർ ഗുജറാത്തിലെ സൂറത്തിലുള്ള ലെ മെറിഡിയൻ പഞ്ചനക്ഷത്രഹോട്ടലിലേക്ക് മാറി.

താനെ മേഖലയിലെ മുതിർന്ന ശിവസേന നേതാവും നഗരവികസന, പൊതുമരാമത്ത് മന്ത്രിമായ ഏക് നാഥ് ഷിൻഡെയും മറ്റ് 21 എംഎൽഎമാരുമാണ് ഗുജറാത്തിലേക്ക് പോയത്. പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഏക് നാഥ് ഷിൻഡെയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനാണ് ശിവസേനയുടെ തീരുമാനം. നിയമസഭാ കക്ഷി നേതാവായിരുന്ന ഷിൻഡെയെ ശിവസേന തത്സ്ഥാനത്ത് നിന്നും മാറ്റി. അജയ് ചൗധരിയെയാണ് നിയമസഭാ കക്ഷി നേതാവായി നിയമിച്ചിട്ടുള്ളത്.

പദവിക്കായി തങ്ങൾ കൂറുമാറില്ലെന്നാണ് ഏക് നാഥ് ഷിൻഡെ അറിയിച്ചിട്ടുള്ളത്. തങ്ങൾ ബാലാസാഹെബിന്റെ ശക്തരായ അനുയായികളായ ശിവസൈനികരാണെന്നും ബാലാസാഹെബ് തങ്ങളെ പഠിപ്പിച്ചത് ഹിന്ദുത്വമാണെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന് വേണ്ടി മാത്രം ബാലാസാഹെബിന്റെ തത്വചിന്തകളെ തങ്ങൾ കൈവിടില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

അതേസമയം, ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും മുതിർന്ന ബിജെപി നേതാക്കളുമായി ഷിൻഡെയുടെ നേതൃത്വത്തിൽ എംഎൽഎമാർ ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ശിവസേനയിലും കോൺഗ്രസിലും ചർച്ചകൾ നടക്കുന്നുണ്ട്.

ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിൽ യോഗ ഒരു പ്രധാന ഘടകമാണ്. യോഗ ചെയ്യുന്നതിലൂടെ നിരവധി ഗുണങ്ങൾ ലഭിക്കും. യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന്റെ ബാലൻസും ബലവും വഴക്കവും ശക്തിപ്പെടും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യം മെച്ചപ്പെടാനും യോഗ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും യോഗ സഹായിക്കും. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ശരീരത്തിന് ആവശ്യമുള്ള റിലാക്സേഷൻ നൽകുന്നു. ഇത് നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും സമ്മർദ്ദങ്ങളിൽ നിന്ന് അകറ്റി നിർത്തും.

എന്നാൽ, യോഗ ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. യോഗ ചെയ്യാനായി തെരഞ്ഞെടുക്കേണ്ടത് വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു കയറുന്നതുമായ ഒരു സ്ഥലമായിരിക്കണം. രാവിലെ നാലുമണി മുതൽ ഏഴു മണി വരെയുള്ള സമയമായിരിക്കും യോഗ ചെയ്യാൻ ഉത്തമം. ഇതു പറ്റാത്തവർക്കു വൈകിട്ടു നാലര മുതൽ ഏഴു മണി വരെയും ചെയ്യാം. സ്ത്രീകൾ ആർത്തവ കാലഘട്ടങ്ങളിൽ സൂക്ഷ്മ വ്യായാമങ്ങളും പ്രാണായാമങ്ങളും വേണമെങ്കിൽ ചെയ്യാം.

യോഗ ചെയ്യുന്ന അവസരത്തിൽ എയർകണ്ടീഷനോ ഫാനോ ഉപയോഗിക്കുന്നത് നല്ലതല്ല. കഠിനമായ മാനസിക സംഘർഷങ്ങൾ ഉള്ളപ്പോഴും രോഗത്തിന്റെ മൂർധന്യാവസ്ഥയിലും യോഗ ചെയ്യുന്നതും നല്ലതല്ല.
ഗർഭിണികൾ മൂന്നു മാസം കഴിഞ്ഞാൽ കമഴ്ന്നു കിടന്നുള്ള ആസനങ്ങളും കുംഭകത്തോടുകൂടിയുള്ള പ്രാണായാമങ്ങളും ചെയ്യരുത്.

മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിന്‍ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയതായി 200 വിമാനങ്ങള്‍ വാങ്ങി സര്‍വീസ് ആരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ. എയര്‍ ബസ്, ബോയിംഗ് വിമാനങ്ങളാണ് എയര്‍ ഇന്ത്യ പുതിയതായി വാങ്ങുന്നത്.

മികച്ച ഇന്ധന ക്ഷമതയുള്ള എ350 വിമാനങ്ങള്‍ വാങ്ങുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാകാന്‍ ഒരുങ്ങുകയാണ് എയര്‍ ഇന്ത്യ. എ350 വിമാനങ്ങള്‍ പറത്താന്‍ താത്പര്യമുള്ളവര്‍ പരിശീലനത്തിന് തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കത്ത് നല്‍കിയതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ വലിയ മാറ്റങ്ങള്‍ക്കാണ് എയര്‍ ഇന്ത്യ തയ്യാറാകുന്നത്.

തിരുവനന്തപുരം: മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2022 – 23 അധ്യയനവർഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. കെ പി ബി എസിൽ ആണ് അച്ചടി. നടക്കുന്നതെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിക്കുകയും അത് വാർത്താക്കുറിപ്പായി അറിയിക്കുകയും ചെയ്തതാണ്. മാദ്ധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തയും വന്നതാണ്. ഇപ്പോൾ സാംസ്‌കാരിക നായകർ വീണ്ടും ഒരു പ്രസ്താവന നൽകിയ സാഹചര്യത്തിൽ ആണ് വിശദീകരണം. ഇപ്പോൾ ഈ പ്രസ്താവന എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ച് കഴിഞ്ഞെങ്കിലും പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ ചുരുങ്ങിയത് 2 വർഷമെങ്കിലും വേണ്ടിവരും എന്നതിനാൽ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തി അച്ചടി പൂർത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. ഭരണ പരിഷ്‌കാര (ഔദ്യാഗിക ഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാ മാർഗനിർദ്ദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് നൽകുന്നത്. ആദ്യഭാഗം പാഠപുസ്തകങ്ങൾ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഈ വർഷം തന്നെ ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ല. 2022 – 23 അധ്യയനവർഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞു .കെ പി ബി എസിൽ ആണ് അച്ചടി.

മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിക്കുകയും അത് വാർത്താക്കുറിപ്പായി അറിയിക്കുകയും ചെയ്തതാണ്. മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തയും വന്നതാണ്. ഇപ്പോൾ സാംസ്‌കാരിക നായകർ വീണ്ടും ഒരു പ്രസ്താവന നൽകിയ സാഹചര്യത്തിൽ ആണ് വിശദീകരണം. ഇപ്പോൾ ഈ പ്രസ്താവന എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ല.

പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾ ആരംഭിച്ച് കഴിഞ്ഞെങ്കിലും പരിഷ്‌കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ ചുരുങ്ങിയത് 2 വർഷമെങ്കിലും വേണ്ടിവരും എന്നതിനാൽ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തി അച്ചടി പൂർത്തിയാക്കാൻ നിർദേശിക്കുകയായിരുന്നു. ഭരണ പരിഷ്‌കാര (ഔദ്യാഗിക ഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാ മാർഗനിർദ്ദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് നൽകുന്നത്. ആദ്യഭാഗം പാഠപുസ്തകങ്ങൾ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു.

തിരുവനന്തപുരം: കൂളിമാട് പാലത്തിന്റെ തകർച്ചയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നതെന്ന് മന്ത്രി വ്യക്തമാക്കി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ജാക്കിയ്ക്ക് പ്രശ്‌നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ ഐ ടിയുടെ റിപ്പോർട്ട് ലഭിച്ചു. എൻഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊതുമരാമത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ ഇറക്കും. എക്സികുട്ടീവ് എഞ്ചിനിയറോടും അസിസ്റ്റന്റ് എഞ്ചിനിയറോടും ആവശ്യപ്പെട്ട വിശദീകരണം ലഭിച്ച ശേഷം ആവശ്യമെങ്കിൽ കൂടുതൽ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.