സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ 6.6 ശതമാനം വര്‍ധന

തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്കിലെ വര്‍ധനവ് പ്രഖ്യാപിച്ചു. ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ധനവാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടതെങ്കിലും 6.6 ശതമാനം വര്‍ധനയാണ് വരുത്തിയതെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. ഒരു വര്‍ഷത്തെ പുതിയ നിരക്കാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്.

അതേസമയം, യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധന വേണമെന്നായിരുന്നു കെഎസ്ഈബിയുടെ ആവശ്യം. വ്യാവസായിക നിരക്കും, കാര്‍ഷിക ഉപഭോക്താക്കള്‍ക്കുള്ള നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ ചാര്‍ജ്ജിംഗിന് യൂണിറ്റിന് 50 പൈസ അധികം ഈടാക്കും. സിനിമ തീയേറ്ററുകള്‍ക്കുള്ള വൈദ്യുതി നിരക്കിലും മാറ്റമുണ്ട്. ഫിക്‌സ്ഡ് ചാര്‍ജ്ജ് 15 രൂപ കൂട്ടി. യൂണിറ്റിന് 30 പൈസയുടെ വര്‍ധനവ് വരും. എന്നാല്‍, പ്രതിമാസം ഉപഭോഗം 50 യൂണിറ്റ് വരെയുള്ള ഉപഭോക്താകള്‍ക്ക് നിരക്ക് വര്‍ധന ബാധിക്കില്ല. 100 യൂണിറ്റ് വരെ ഉപഭോഗമുള്ളവര്‍ക്ക് പ്രതിമാസം 22.50 രൂപയുടെ നിരക്ക് വര്‍ധനയുണ്ടാവും. 150 യൂണിറ്റ് വരെ 25 പൈസ വര്‍ധനയാണ് വരുത്തിയത്. 150 യൂണിറ്റ് വരെയുള്ളവര്‍ മാസം 47.50 രൂപ അധികം നല്‍കേണ്ടി വരും. 151-200 യൂണിറ്റ് ആണെങ്കില്‍ 70 രൂപ എന്നത് 100 ആക്കി ഫിക്‌സഡ് ചാര്‍ജ്. 250 യൂണിറ്റ് മറികടന്നാല്‍ ഫിക്‌സഡ് ചാര്‍ജ് 100 എന്നത് 130 ആവും. 500 വരെ യൂണിറ്റ് എത്തിയാല്‍ ഫിക്‌സഡ് ചാര്‍ജ് 150ല്‍ നിന്ന് 225 ആകും.

അനാവശ്യമായി ഒരു വിഭാഗത്തിന് മുകളിലും ഭാരം വരില്ലെന്ന് റെഗുലേറ്ററി കമ്മീഷന്‍ അവകാശപ്പെട്ടു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് അനുകൂല താരിഫാണെന്ന അവകാശവാദം. പുതുക്കിയ നിരക്ക് പ്രകാരം 40 യൂണിറ്റ് വരെ ബിപിഎല്‍ വിഭാഗത്തിന് പഴയ നിരക്കില്‍ വൈദ്യുതി ഉപയോഗിക്കാം. താരിഫില്‍ മാറ്റമില്ല. ഗാര്‍ഹിക ഉപഭോക്താകള്‍ക്ക് 50 യൂണിറ്റ് വരേയും താരിഫില്‍ മാറ്റമില്ല. അനാഥാലയം, വൃദ്ധസദനങ്ങള്‍, അംഗന്‍വാടികള്‍ എന്നീ സ്ഥാപനങ്ങള്‍ക്കും നിരക്ക് വര്‍ധന ബാധകമായിരിക്കില്ല. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് എനര്‍ജി ചാര്‍ജ്ജില്‍ മാറ്റമില്ല. ചെറിയ പെട്ടികള്‍ക്കള്‍ക്ക് കണക്ട് ലോഡ് ആയിരം വാട്ട് എന്നത് രണ്ടായിരം വാട്ടാക്കി മാറ്റിയിട്ടുണ്ട്. പുതുക്കിയ നിരക്കനുസരിച്ച് 10 കിലോവാട്ട് വരെ ലോഡ് ഉള്ളവര്‍ക്ക് യൂണിറ്റിന് 15 പൈസ കൂടും. മില്ലുകള്‍, തയ്യല്‍ പോലുള്ളവര്‍ക്ക്, ചെറുകിട സംരംഭങ്ങള്‍ക്ക് 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 പൈസ വരെയാവും. കൊച്ചി മെട്രോയ്ക്ക് എനര്‍ജി ചാര്‍ജ് 4.80ല്‍ നിന്നും 5.10 രൂപ ആക്കി ഉയര്‍ത്തി. ഗുരുതര രോഗികളുള്ള വീടുകള്‍ക്ക് നല്‍കിവരുന്ന ഇളവുകള്‍ തുടരുമെന്നും കമ്മീഷന്‍ അറിയിച്ചു.