മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി; വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തീരുമാനിച്ച് മഹാ വികാസ് അഘാഡി

മുംബൈ: വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തീരുമാനിച്ച് മഹാ വികാസ് അഘാഡി സഖ്യം. ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

നിലവിൽ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ 144 ലാണ്. എന്നാൽ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ്പവാറും ശ്രമിക്കുന്നത്. എന്നാൽ, അയോഗ്യരാക്കിയാൽ ഉടൻ കോടതിയിലെത്താനുള്ള നിയമ നടപടികളിലേക്ക് കടക്കാനാണ് ബിജെപിയുടെ തീരുമാനം. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നീക്കം.

വിമതർ മറ്റൊരു പാർട്ടിയിൽ ചേരുകയോ വിപ്പ് ലംഘിച്ച് വോട്ടു ചെയ്യുകയോ ചെയ്തിട്ടില്ല. മൂന്നിൽ രണ്ട് പേർ ഷിൻഡെയുടെ പക്ഷത്തുണ്ട്. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയാലും ഇത് കോടതിയിൽ നിൽക്കില്ല എന്നാണ് നിയമവിദഗ്ധർ ഷിൻഡെയെ അറിയിച്ചിരിക്കുന്നത്. എന്നാൽ കോടതിയിൽ കേസ് നീളുമ്പോർ എംഎൽഎമാരെ തിരികെ അടർത്താനുള്ള സാവകാശം ലഭിക്കുന്ന കണക്കുകൂട്ടലിലാണ് ശരത് പവാർ.