നായക കഥാപാത്രങ്ങൾ എ.സി. മുറിയിലിരുന്ന് യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ് ഭരണകൂടത്തിനുനേരെ ആരോപണങ്ങളുന്നയിച്ചത്; സുപ്രീം കോടതി

ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിനുപിന്നിൽ നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ ഗൂഢാലോചന നടത്തിയെന്ന ആരോപണമുന്നയിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. നീതിക്കായി ദാഹിക്കുന്ന നായക കഥാപാത്രങ്ങൾ എ.സി. മുറിയിലിരുന്ന് യാഥാർഥ്യങ്ങൾ മനസ്സിലാക്കാതെയാണ് ഭരണകൂടത്തിനുനേരെ ആരോപണങ്ങളുന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗുജറാത്തിലെ അഡീഷണൽ ഡി.ജി.പി.യായിരുന്ന മലയാളി ഐ.പി.എസ്. ഉദ്യോഗസ്ഥൻ ആർ.ബി. ശ്രീകുമാർ നാനാവതി-ഷാ കമ്മിഷന് മുമ്പാകെ നൽകിയ സത്യവാങ്മൂലങ്ങളാണ് ഹർജിയിൽ പലതിന്റെയും അടിസ്ഥാനം. വിധിയിൽ 212 ഇടത്താണ് ശ്രീകുമാറിന്റെ പേരുപറയുന്നത്.

നീതിയുടെ കാവൽക്കാരെന്ന് അവകാശപ്പെടുന്ന ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട്, രാഹുൽ ശർമ എന്നിവർപോലും എസ്.ഐ.ടി.ക്കുമുമ്പാകെ മൊഴിനൽകാനെത്തിയില്ലെന്ന് ഗുജറാത്ത് സർക്കാർ വാദിച്ചകാര്യം ഹർജിയിൽ പറയുന്നുണ്ട്. തുടർന്നാണ് എസി മുറിയിലിരുന്ന് ആരോപണമുന്നയിക്കുന്നതിനെക്കുറിച്ചുള്ള പരാമർശം സുപ്രീം കോടതി പറഞ്ഞത്.