ബഫർ സോൺ; പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് അയച്ച കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബഫർ സോൺ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് അയച്ച കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽഗാന്ധി. എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് തല്ലിത്തകർത്തതിന് പിന്നാലെയാണ് രാഹുൽഗാന്ധി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ബഫർ സോൺ വിഷയത്തിൽ രാഹുൽ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം നടത്തിയത്. ഇതിന് പിന്നാലെ അദ്ദേഹം പ്രധാനമന്ത്രിക്കയച്ച കത്ത് പോസ്റ്റ് ചെയ്തത്. ദേശീയോദ്യാനങ്ങൾക്കും വന്യജീവി സങ്കേതങ്ങൾക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുർസ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കത്തയച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്നാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നത്.

കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സഹായിക്കാനാകും. വിഷയത്തിൽ കേരള മുഖ്യമന്ത്രിക്കും കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.