ആർ ബി ശ്രീകുമാറിനെയും സാമൂഹികപ്രവർത്തക തീസ്ത സെതൽവാദിനെയും കസ്റ്റഡിയിൽ വിട്ട് പോലീസ്

അഹമ്മദാബാദ്: ഗുജറാത്ത് മുൻ എ.ഡി.ജി.പി. ആർ.ബി. ശ്രീകുമാറിനെയും സാമൂഹികപ്രവർത്തക തീസ്ത സെതൽവാദിനെയും ഗുജറാത്ത് പോലീസ് കസ്റ്റഡിയിൽ വിട്ടു. അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയാണ് ഇരുവരേയും റിമാൻഡ് ചെയ്തത്. ഗുജറാത്ത് കലാപത്തിൽ ഭരണനേതൃത്വത്തെ പ്രതിക്കൂട്ടിലാക്കാൻ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചാണ് ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം ഇവരെ അറസ്റ്റ് ചെയ്തത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീൻചിറ്റ് നൽകിയ സുപ്രീംകോടതി വിധിയിൽ ഇവർക്കെതിരായ പരാമർശങ്ങളെത്തുടർന്നായിരുന്നു പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഉച്ചയോടെ മുംബൈയിലെ വീട്ടിൽ നിന്നാണ് തീസ്തയെ പോലീസ് കസ്റ്റഡിയിലെടുത്തത്. സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ടീസ്റ്റ സെതൽവാദിനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയിയിരുന്നു.

വ്യാജരേഖ ചമയ്ക്കൽ, വ്യാജരേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് തീസ്തയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. തീസ്തയുടെ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് തീസ്തയുടെ എൻ.ജി.ഒ അടിസ്ഥാന രഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്കകമാണ് ടീസ്തയെ കസ്റ്റഡിയിലെടുത്തത്.